Advertisment

ചെന്നിത്തലയുടെ പരാതിയില്‍ പോലീസ് അന്വേഷണം വൈകും ! ഐ ഫോണ്‍ വിവാദം തിരിച്ചടിച്ചതോടെ പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടി പോലീസ്; മൊബൈലുകള്‍ സംബന്ധിച്ച് കേസില്ലാത്തതിനാല്‍ അന്വേഷിക്കാനാവില്ലെന്നു പോലീസ്; ഐ ഫോണ്‍ ഇപ്പോഴുള്ളത് ഉന്നതരുടെ ഉറ്റബന്ധുക്കളുടെ കൈകളില്‍. കോണ്‍സുലേറ്റ് നല്‍കിയ വിമാന ടിക്കറ്റില്‍ യാത്ര ചെയ്ത ഉന്നതരുടെ മക്കളും വിവാദത്തിലേക്ക് !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎഇ ദിനാഘോഷത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയക്ക് ഐ ഫോണ്‍ സ്വപ്‌ന സുരേഷ് വഴി നല്‍കിയെന്ന യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വാദത്തിനെതിരെ അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം വൈകും. നിയമോപദേശം ലഭിച്ച ശേഷം കേസില്‍ തുടര്‍ നടപടി മതിയെന്ന നിര്‍ദേശമാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ നല്‍കിയിട്ടുള്ളത്.

Advertisment

publive-image

നേരത്തെ ലൈഫ് മിഷന്‍ ഇടപാട് സിബിഐ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രമേശ് ചെന്നിത്തലയക്കും മറ്റു നാലുപേര്‍ക്കും നല്‍കാന്‍ ഐ ഫോണ്‍ വാങ്ങി സ്വപ്‌നയ്ക്ക് കൈമാറിയന്ന പരാമര്‍ശം ഉണ്ടായത്. ഇതിനു പിന്നാലെ സിപിഎമ്മും ആരോപണം ഏറ്റുപിടിച്ചു. ഇതോടെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്തു നല്‍കിയത്.

പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഐഫോണിന്റെ ബില്ലും വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ അഞ്ചു മൊബൈല്‍ സംബന്ധിച്ച് കേസുകളില്ലാത്തതിനാല്‍ അതു ഇപ്പോള്‍ ആരുടെ കൈവശമാണെന്ന് അന്വേഷിക്കാനാവില്ല എന്നാണ് പോലീസിന് പ്രാഥമികമായി ലഭിച്ച നിയമോപദേശം.

ഐഎംഇഐ നമ്പര്‍ പരിശോധിച്ച് പോലീസിന് ഈ ഫോണ്‍ ആരുടെ കയ്യിലാണന്നു വേഗത്തില്‍ കണ്ടുപിടിക്കാം. പക്ഷേ ഒരു കേസുമില്ലാത്ത നമ്പരുകള്‍/ ഫോണുകള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നാണ് മൊബൈല്‍ സേവനദാതാക്കളും പറയുന്നതെന്നാണ് പോലീസ് ഭാഷ്യം. അതുകൊണ്ടുതന്നെ പ്രതപക്ഷ നേതാവിന്റെ പരാതി വിദഗ്ദ നിയമോപദേശത്തിന് ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നേരത്തെ പരാതി നല്‍കിയ ശേഷം ഡിജിപിയെ പ്രതിപക്ഷ നേതാവ് നേരിട്ടു ബന്ധപ്പെട്ടിരുന്നു. അതിനിടെ ഫോണുകള്‍ പലതും ചില ഉന്നതബന്ധമുള്ളവരുടെ കൈകളിലാണെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ചു സത്യം പുറത്തുവന്നാല്‍ അത് സര്‍ക്കാരിനും സിപിഎമ്മിനും കാര്യമായ ക്ഷീണമുണ്ടാക്കാനിടയുണ്ടെന്നും ചിലര്‍ പറയുന്നുണ്ട്.

അതുകൊണ്ടുതന്നെ ഔദ്യോഗിക അന്വേഷണം നടത്താന്‍ പറ്റില്ലെങ്കില്‍ അതു വേണ്ടെന്നു വയ്ക്കണമെന്നാണ് പോലീസിന് ലഭിച്ച രഹസ്യ സന്ദേശം. ഐ ഫോണിന് പുറമെ വിമാന ടിക്കറ്റുകള്‍ ലഭിച്ചത് ചില ഉന്നതരുടെ മക്കള്‍ക്ക് ആണെന്ന വിവരം ഇതിനിടെ പുറത്തുവരുന്നുണ്ട്.

remesh chennithala swapna suresh
Advertisment