Advertisment

ഐ ഫോണ്‍ കണ്ടെത്താന്‍ പ്രതിപക്ഷ നേതാവ് കോടതിയിലേക്ക്; ഫോണ്‍ കണ്ടെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിക്കും; കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഡിജിപിക്ക് പരാതി നല്‍കിയിട്ടും തുടര്‍ നടപടി വൈകുന്നതിനാല്‍; ഹൈക്കോടതിയിലെ പരാമര്‍ശം തിരുത്താന്‍ സന്തോഷ് ഈപ്പന് നാളെ വക്കീല്‍ നോട്ടീസ് അയക്കും  

New Update

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ കൂടുതല്‍ നിയമ നടപടികളുമായി മുമ്പോട്ടു പോകാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനം. യൂണിടാക്ക് എംഡിയുടെ പരാമര്‍ശം കോടതിയില്‍ നിന്നും പിന്‍വലിക്കാനാവശ്യപ്പെട്ട് അദ്ദേഹത്തിന് വക്കീല്‍ നോട്ടീസ് അയക്കാനും ഒപ്പം മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും രമേശ് ചെന്നിത്തല തീരുമാനിച്ചു.

Advertisment

publive-image

നേരത്തെ ഫോണ്‍ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്‍കിയ കത്തില്‍ ഡിജിപി നിയമോപദേശം തേടിയിരിക്കുകയാണ്. മൊബൈല്‍ സംബന്ധിച്ച് കേസുകളില്ലാത്തതിനാല്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ കണ്ടെത്താനാവില്ല എന്ന നിലപാടിലാണ് മൊബൈല്‍ സേവന ദാതാക്കളും പോലീസും. കേസില്ലാതെ അന്വേഷിക്കാനാവില്ലെന്നും പോലീസ് നിലപാടെടുക്കുന്നു.

ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്വേഷണം വേണ്ട എന്ന നിലപാട് പോലീസ് സ്വീകരിച്ചതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഐ ഫോണ്‍ കണ്ടെത്താന്‍ പോലീസ് കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുന്നത്. ഈ ഫോണുകള്‍ ഉപയോഗിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയല്ല, മറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാകും പ്തിപക്ഷ നേതാവിന്റെ ഹര്‍ജി.

അടുത്തദിവസം തന്നെ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവ് ഒരുങ്ങുന്നത്. ഇതിനു പുറമെ യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കും പ്രതിപക്ഷ നേതാവ് തയ്യാറെടുക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം ഉള്ളത്.

ഇത് അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നാളെ വക്കീല്‍ നോട്ടീസ് അയക്കും. . നിശ്ചിത സമയപരിധിക്കകത്ത് പരാമര്‍ശം ഒഴിവാക്കിയില്ലെങ്കില്‍ ഹൈക്കോടതിയെ തന്നെ നേരിട്ട് സമീപിക്കാനും പ്രതിപക്ഷ നേതാവിന് നിയമോപദേശം കിട്ടിയിട്ടുണ്ട്.

remesh chennithala
Advertisment