ഉറക്കം ചതിച്ചു! മോഷണം നടത്തിയ ശേഷം കള്ളന്‍ ടെറസില്‍ കിടന്നുറങ്ങി; കള്ളനെ കണ്ടത് രാവിലെ വീട്ടുടമ വ്യായാമത്തിനായി ടെറസില്‍ കയറിയപ്പോഴും !

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, September 24, 2020

ചെന്നൈ:  മോഷണം നടത്തിയ ശേഷം ടെറസില്‍ കിടന്നുറങ്ങിപ്പോയ കള്ളന്‍ പിടിയില്‍. ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനായ മുത്തഴകനാണ് പിടിയിലായത്. ഇയാള്‍ തമിഴ്‌നാട് കൊളത്തൂര്‍ സ്വദേശിയാണ്.

ബുധനാഴ്ച രാവിലെ വീട്ടുടമ വ്യായാമത്തിനായി ടെറസില്‍ കയറിയപ്പോഴാണ് മോഷ്ടാവിനെ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സമീപമുള്ള ബാഗ് പരിശോധിച്ചപ്പോള്‍ വീട്ടിലെ വിലപിടിച്ച വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് മുത്തലഗനെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്തു. ബാഗില്‍ നിന്നും മോഷണം നടത്തിയ വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് മോഷ്ടിക്കാനായി കയറിയതെന്നും മോഷണത്തിന് ശേഷം ടെറസില്‍ വിശ്രമിക്കുമ്പോള്‍ ഉറങ്ങി പോകുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. മോഷണത്തിന് മുന്‍പായി ഇയാള്‍ മദ്യപിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കടക്കെണിയിലായതോടെയാണ് മോഷണം നടത്താന്‍ തീരുമാനിച്ചതെന്ന് മുത്തലഗന്‍ പോലീസിനോട് പറഞ്ഞു. ഫുഡ് ഡെലിവറിയുമായി ചെല്ലുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്.

പകല്‍ സമയങ്ങളില്‍ എത്തി വീടും സ്ഥലവും നോക്കിവെച്ച ശേഷം രാത്രിയെത്തി മോഷണം നടത്തുകയായിരുന്നുവെന്നും മുത്തലഗന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

×