Advertisment

റബര്‍ വിപണിയുടെ തകര്‍ച്ചയ്ക്കു പിന്നില്‍ വന്‍ ഗൂഢാലോചന: വി.സി.സെബാസ്റ്റ്യന്‍

New Update

കൊച്ചി: രാജ്യാന്തര വിപണിവിലയേക്കാള്‍ താഴ്ന്ന് റബറിന്റെ ആഭ്യന്തരവിപണി തകര്‍ന്നിരിക്കുന്നതിന്റെ പിന്നില്‍ വ്യവസായലോബികളും വന്‍കിട വ്യാപാരികളും റബര്‍ബോര്‍ഡ് ഉന്നതരും ചേര്‍ന്നുള്ള വന്‍ ഗൂഢാലോചനയെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

Advertisment

publive-image

രാജ്യാന്തരവിപണിയില്‍ ഇന്ത്യയിലെ ആര്‍എസ്എസ് 4നു തുല്യമായ ആര്‍എസ്എസ് 3 ഗ്രേഡിന് കിലോഗ്രാമിന് 116.83 രൂപയുണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ വ്യാപാരിവില കിലോഗ്രാമിന് 115 രൂപയായി കുറഞ്ഞു. വളരെ അപൂര്‍വ്വമായിട്ടാണ് ഇത്തരം ഒരവസ്ഥ സംജാതമാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍നിന്ന് വിട്ടുനിന്ന് ആഭ്യന്തരവിപണിയില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് പരമാവധി റബര്‍ വാങ്ങിക്കുവാനുള്ള തന്ത്രമാണ് വ്യവസായികള്‍ ഇപ്പോള്‍ നടത്തുന്നത്. റബര്‍ ഉല്പാദനം വര്‍ദ്ധിച്ചുവെന്ന് റബര്‍ബോര്‍ഡ് നടത്തുന്ന കള്ളപ്രചരണവും വിലയിടിക്കുന്നതിന് കളമൊരുക്കിയിരിക്കുന്നതിന്റെ പിന്നിലുണ്ട്.

ടയര്‍ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതുകൊണ്ട് കര്‍ഷകര്‍ രക്ഷപെടുമെന്ന പ്രചരണം അടിസ്ഥാനരഹിതവും ആസൂത്രിതവുമാണ്. രാജ്യാന്തരവിലയ്ക്കു തുല്യമായി ആഭ്യന്തര റബര്‍വില താഴ്ത്തി റബര്‍ബോര്‍ഡും വ്യവസായികളും ചേര്‍ന്ന് വിപണി തകര്‍ക്കുമെന്ന് ഇന്‍ഫാം പറഞ്ഞത് ഇപ്പോള്‍ അനുഭവത്തില്‍ വന്നിരിക്കുന്നു.

ടയര്‍ ഇറക്കുമതി നിയന്ത്രിച്ച് വ്യവസായികളെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അസംസ്‌കൃത റബറിന്റെ ഇറക്കുമതി നിരോധിച്ചും ന്യായവില പ്രഖ്യാപിച്ചു നടപ്പിലാക്കിയും കര്‍ഷകരെ സംരക്ഷിക്കുവാന്‍ ശ്രമിക്കാതെ ഒളിച്ചോട്ടം നടത്തുന്നത് അവസാനിപ്പിക്കണം. കര്‍ഷക സംരക്ഷകരെന്ന് കൊട്ടിഘോഷിക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും നിഷ്‌ക്രിയരും നിശബ്ദരുമായി മാറിയിരിക്കുന്നത് ഏറെ ദുഃഖകരമാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വ്യവസായികളുടെ കൈകളിലേയ്ക്ക് റബര്‍ വിപണി ഒന്നാകെ മാറിയിരിക്കുമ്പോള്‍ ഇനിയും വില ഉയരുവാനുള്ള സാധ്യതകള്‍ വിരളമാണെന്നും വിളമാറ്റ കൃഷിയിലേയ്ക്ക് കര്‍ഷകര്‍ ക്രമേണ മാറണമെന്നും ഇതിനായി ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്തുനടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

rubber buisness
Advertisment