Advertisment

സ്‌പാനിഷ് വസന്തത്തിന് മേല്‍ റഷ്യന്‍ വിപ്ലവം, സ്‌പെയിനെ അട്ടിമറിച്ച്‌ റഷ്യ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

New Update

FBL-WC-2018-MATCH51-ESP-RUS

Advertisment

മോസ്‌‌കോ : ആവേശകരമായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ റഷ്യയോട് തോറ്റ് സ്‌‌പെയിന്‍ പുറത്തായി. എക്‌‌സ്‌ട്രാ ടൈമും കടന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മല്‍സരത്തിലാണ് റഷ്യയുടെ ഉഗ്രന്‍ വിജയം. സ്‌പെയിനിനായി കിക്കെടുത്ത കോക്കെയും ഇയാഗോ ആസ്‌പാസും കിക്ക് പാഴാക്കിയതാണ് സ്‌‌പെയിനിന്റെ തോല്‍വിയിലേക്ക് നയിച്ചത്. റഷ്യന്‍ ഗോള്‍കീപ്പര്‍ അകിന്‍ഫേവാണ് ആതിഥേയരുടെ ഹീറോ.

സ്‌പെയിന്‍ ലക്ഷ്യം കണ്ടത് സെല്‍ഫ് ഗോളില്‍ നിന്നും റഷ്യയുടെ ഗോള്‍ വന്നത് പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു. 12ാം മിനിറ്റില്‍ സ്‌പെയിനാണ് അക്കൗണ്ട് ആദ്യം തുറന്നത്. ഇസ്‌കോയുടെ ഫ്രീ കിക്കില്‍ നിന്ന് വല ചലിപ്പിക്കാന്‍ സെര്‍ജിയോ റാമോസ് ശ്രമിക്കുന്നതിനിടെ റഷ്യയുടെ ഇഗ്‌നാസേവെച്ചിന്റെ കാലില്‍ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

41ാം മിനിറ്റില്‍ പെനല്‍റ്റി ഗോളിലൂടെ റഷ്യ സ്‌പെയിനൊപ്പം. ജെറാര്‍ഡ് പിക്വെ സ്വന്തം ബോക്‌സിനുള്ളില്‍ പന്തു കൈകൊണ്ട് തൊട്ടതിനാണ് റഷ്യയ്‌ക്ക് പെനല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത അര്‍ട്ടം സ്യൂബ ലക്ഷ്യം കണ്ടു. കളത്തിലൂടനീളം സ്‌പെയിന്റെ ആധിപത്യമാണെങ്കിലും റഷ്യന്‍ ഗോള്‍വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല.

മുപ്പത്തിരണ്ടു വര്‍ഷത്തിനുശേഷം ആദ്യമായാണ് റഷ്യയുടെ നോക്കൗട്ട് പ്രവേശം. ആതിഥേയരെന്ന പിന്‍ബലത്തിലാണ് ലോകകപ്പിന് യോഗ്യത നേടിയത്. എന്നാല്‍ അമ്ബരപ്പിക്കുന്നതായിരുന്നു അവരുടെ ഗ്രൂപ്പ് മത്സരഫലം. എ ഗ്രൂപ്പില്‍ അഞ്ചു പോയിന്റോടെ രണ്ടാമതായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. സൗദി അറേബ്യയെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത അവര്‍ ഈജിപ്‌തിന ഒന്നിനെതിരെ മൂന്നുഗോളിനും കെട്ടുകെട്ടിച്ചു. എന്നാല്‍ ഉറുഗ്വേയോട് മൂന്നു ഗോളിന് തോറ്റു.

സ്‌പെയ്‌നാകട്ടെ ആദ്യകളിയില്‍ പോര്‍ച്ചുഗലിനോട് മൂന്നുഗോള്‍ സമനില. ഇറാനെ ഒരു ഗോളിന് വീഴ്‌ത്തി. മൊറോകോയോട് വീണ്ടും സമനില.

Advertisment