Advertisment

കോട്ടയത്ത് യുഡിഎഫ് ചെയര്‍മാന്‍ പദവിയെച്ചൊല്ലി തര്‍ക്കം; പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍; താന്‍ തന്നെ വിളിച്ചു ചേര്‍ത്ത സിഎഫ് അനുസ്മരണ യോഗം ബഹിഷ്‌കരിച്ച് ജില്ലാ പ്രസിഡന്റിന്റെ പ്രതിഷേധം; ചെയര്‍മാന്‍ സ്ഥാനത്ത് പരിഗണിച്ചില്ലെങ്കില്‍ നിസഹകരണം തുടരുമെന്നും ഭീഷണി; മഞ്ഞക്കടമ്പന്റെ വാശിക്ക് വഴങ്ങേണ്ടെന്ന് ജോസഫ് വിഭാഗം നേതാക്കള്‍; കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പൊട്ടിത്തെറിയിലേക്ക് 

New Update

publive-image

Advertisment

കോട്ടയം: ജില്ലാ യുഡിഎഫ് ചെയര്‍മാനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പൊട്ടിത്തെറിയിലേക്ക്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിച്ചു. ഇന്നു പാലായില്‍ കേരളാ കോണ്‍ഗ്രസ് എം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ സിഎഫ് തോമസ് അനുസ്മരത്തില്‍ നിന്നും സജിയും പ്രവര്‍ത്തകരും വിട്ടു നിന്നു.

നേരത്തെ ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പന്റെ നിര്‍ദേശാനുസരണമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. എന്നാല്‍ ജില്ലാ യുഡിഎഫ് പുനസംഘടനയില്‍ തന്നെ ഒഴിവാക്കിയതറിഞ്ഞതോടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സജി മഞ്ഞക്കടമ്പന്‍ പിജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അറിയിക്കുകയായിരുന്നു. നേതാക്കള്‍ പിന്നീട് സജിയെ ഫോണില്‍ പലവട്ടം ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.

പരിപാടിയില്‍ മുഖ്യപ്രഭാഷണവും പാര്‍ട്ടിയിലേക്ക് വന്ന പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതും ജില്ലാ പ്രസിഡന്റ് ആയിരുന്നു. പിന്നീട് അനുസ്മരണ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പുളിങ്കാട്, ജോസ് പാറേക്കാട്ടില്‍, ജോസഫ് കണ്ടത്തില്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന പരിപാടിയുമായി മുമ്പോട്ടു പോകാനാണ് സജിയുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനമെന്നാണ് അറിയുന്നത്.

നേരത്തെ പൂഞ്ഞാര്‍ സീറ്റിന്റെ പേരില്‍ നാലുവര്‍ഷം മുമ്പ് കെഎം മാണിയോട് പിണങ്ങി ദിവസങ്ങള്‍ ഫോണ്‍ ഓഫ് ചെയ്ത് സജി പരിപാടികളില്‍ നിന്നും വിട്ടു നിന്നിരുന്നു. അന്നു യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റായിരുന്ന മഞ്ഞക്കടമ്പനെ സംസ്ഥാന പ്രസിഡന്റാക്കിയാണ് അനുനയിപ്പിച്ചത്. പക്ഷേ ഇക്കുറി ബഹിഷ്‌കരണവും നിസഹകരണവും തുടര്‍ന്നാല്‍ ജില്ലാ പ്രസിഡന്റു സ്ഥാനംതന്നെ സജിക്ക് നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്.

അതിനിടെ പത്തനംതിട്ടയില്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതില്‍ വിക്ടര്‍ തോമസും പ്രതിഷേധത്തിലാണ്. ജോസഫിലേക്ക് വന്ന മാണി ഗ്രൂപ്പുകാര്‍ അവഗണന നേരിടുന്നുവെന്ന പരാതിയും ഇവര്‍ക്കുണ്ട്.

Read Also...യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സജി മഞ്ഞക്കടമ്പനെ ജോസഫ് വിഭാഗം വെട്ടി

Advertisment