സൗഹൃദ ദിനത്തിൽ സ്നേഹ സമ്മാനവുമായി സമരിറ്റൻ മെഡിക്കൽ സെൻ്റർ

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, July 30, 2020

ചങ്ങനാശ്ശേരി:സൗഹൃദ ദിനത്തിൽ സ്നേഹ സമ്മാനവുമായി ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻ്റർ.സുമനസുകളുടെ കാരുണ്യത്താൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ജോസേട്ടന് ഒരുക്കുന്ന സ്വപ്ന ഭവനത്തിലേക്കാണ് സൗഹൃദ ദിനത്തിൽ അപ്രതീക്ഷിതമായി സ്നേഹ സമ്മാനം എത്തിയത്.

നടു റോഡിൽ വഴിയറിയാതെ നിന്ന അന്ധനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി സുപ്രിയ ബസിൽ കയറ്റി വിട്ട രംഗം ജൂലൈ ആദ്യ വാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് സുപ്രിയയ്ക്ക് നിരവധി പാരിതോഷികങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.

എന്നാൽ സുപ്രിയ കയറ്റി വിട്ട അന്ധ നെ തേടിയാണ് ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുളയും സംഘവും പോയത്.സൗഹൃദ വേദി സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ,സുരേഷ് പി.ഡി, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് വാസവൻ, പോൾ സി.വർഗ്ഗീസ്, സിയാദ് മജീദ് എന്നിവർ ചേർന്ന് ആണ് ‘വൃദ്ധ’നായ തിരുവല്ല കറ്റോട് തലപ്പാലയിൽ ജോസിൻ്റെ (62) വീട്ടിൽ ജൂലൈ 15ന് എത്തിയത്.

ജോസിന് 22 വർഷങ്ങൾക്ക് മുമ്പാണ് കണ്ണിൻ്റെ കാഴ്ചശക്തി കുറയുവാൻ തുടങ്ങിയത്.രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്തുവാൻ കഴിയാഞ്ഞതുമൂലം 12 വർഷമായി 100% അന്ധനാണ്.

തിരുവല്ല മുൻസിപാലിറ്റി 2006 ൽ ആണ് 2 സെൻ്റ് വസ്തു വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനും എഴുപതിനായിരം രൂപ നല്കിയത്. ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ നിന്ന വീടിൻ്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടന 2008 -ൽ ഒരു വീട് വാഗ്ദാനം ചെയ്തു.വീടിൻ്റെ നിർമ്മാണം തുടക്കം കുറിച്ചെങ്കിലും 10 വർഷമായി നിർമ്മാണം പാതി വഴിയിലാണ്.സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡില്ലാണ് ഇവരുടെ താമസം.

ജോസിൻ്റെ ഭാര്യ സിസിൽ ജോസ്‌ ആസ്മ രോഗിയാണ്.മുടിവെട്ട് തൊഴിലാളിയായ മൂത്തമകൻ്റെ ഏക വരുമാനം കൊണ്ടാണ് 7 അംഗ കുടുംബം പുലർത്തുന്നത്.1300 രൂപ ക്ഷേമ പെൻഷൻ ആയി ലഭിക്കുന്നെണ്ടെങ്കിലും മരുന്നിന് പോലും തികയുന്നില്ല.ഇളയ മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

സൗഹൃദ വേദി പ്രവർത്തകരുടെ സന്ദർശനം മാധ്യമ പ്രവർത്തകൻ റോജിൻ പൈനുംമൂട് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് ജോസിനെ സഹായിക്കുന്നതിന് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും കാരുണ്യത്തിൻ്റെ ഉറവ വറ്റാത്ത മനുഷ്യ സ്നേഹികളായവർ രംഗത്ത് വന്നത്.

പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിക്കപെട്ട ജോസേട്ടൻ്റെ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനോടകം വയറിങ്ങ് ജോലികൾ പൂത്തിയാക്കുകയും ഫാൻ,ലൈറ്റുകൾ തുടങ്ങിയവ ഘടിപ്പിക്കുകയും ചെയ്തു.ഗിന്നസ് &യു.ആർ.എഫ് വേൾഡ് റിക്കോർഡ് ഹോൾഡർ മനോജ് വർഗീസ് ആണ് വയറിംങ്ങിന് ആവശ്യമായ തുക നല്കിയത്. സിനിമാ നിർമ്മാതാവ് നൗഷാദ് ആലത്തൂർ ഗ്യാസ് അടുപ്പും നല്കി.

വീടിനുള്ളിൽ ടൈലുകൾ നിരത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഉൾവശം പെയിൻ്റിംങ്ങ് ആരംഭിച്ചു.മഴ ശക്തമാകുന്നതിന് മുമ്പ് വീടിൻ്റെ പുറം ഭാഗം പ്ലാസ്റ്ററിങ്ങ് നടത്തി വീടിൻ്റെ ചോർച്ച തടയുന്നതിന് റൂഫിംങ്ങ് ഉൾപ്പെടെ ചെയ്യാനാണ് ഉദ്യേശിക്കുന്നത്.

ബിജു ബേബി മാലിപ്പുറത്ത്, മഹേഷ് മനോഹരൻ എന്നിവരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.വീടിനുള്ളിൽ അവശ്യമായ ഫർണിച്ചറുകൾ ഉൾപെടെ നല്കി കൊണ്ട് എത്രയും വേഗം ഗൃഹപ്രവേശന കർമ്മം നടത്താൻ ആണ് സൗഹൃദ വേദി പ്രവർത്തകർ ലക്ഷ്യമിടുന്നത്.

ഈ വാർത്ത വായിച്ചറിഞ്ഞാണ് ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻറർ ചെയർമാൻ ഡോ.ജോർജ് പീഡീയേക്കൽ, ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് എന്നിവർ ഫ്രിഡ്ജ് സ്റ്റെബിലൈസർ ഉൾപ്പെടെ ജോസിൻ്റെ വീട്ടിലേക്ക് സമ്മാനിച്ചത്.മുട്ടുമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ ഹൃദ്രോഗം,വേരിക്കോസ്, പ്രമേഹം,ക്യാൻസർ എന്നിവയ്ക്ക് ഉള്ള കിലേഷൻ,ഓസോൺ അത്യാധുനിക ചികിത്സ സംവിധാനങ്ങളുമായി ചങ്ങനാശ്ശേരി ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്ററിൻ്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു.

കൂടുതൽ പേർ സഹായിക്കുവാൻ രംഗത്ത് എത്തിയാൽ എത്രയും വേഗം വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും.നമ്മുടെ ചെറിയ ഒരു സഹായം വഴിമുട്ടി നില്ക്കുന്ന ഇവർക്ക് വലിയ ആശ്വാസമാകും.

Mr. JOSE
ACCOUNT NO. 57009949480
IFSC. SBIN0070437.
SBI KATTODE BRANCH
×