Advertisment

ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുവൈത്ത് നടത്തുന്ന പരിശ്രമങ്ങളെ  അഭിനന്ദിച്ച് സൗദി അറേബ്യ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കന്നതിന് കുവൈത്ത് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് സൗദി അറേബ്യ. വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് കുവൈത്തിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‍തത്. പ്രതിസന്ധിക്ക് കാരണമായ നിലപാടുകളിലെ ഭിന്നത പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഖത്തറിനെതിരെ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണില്‍  ഉപരോധം പ്രഖ്യാപിച്ചതോടെ രൂപപ്പെട്ട ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനായി അടുത്തിടെ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായി എന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ അല്‍-മുഹമ്മദ് അല്‍ സബാഹ് കുവൈത്ത് ദേശീയ ടെലിവിഷനിലൂടെ നേരത്തേ അറിയിച്ചിരുന്നു.

'ഗള്‍ഫ് പ്രതിസന്ധിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ വിടവ് നികത്താന്‍ ഞങ്ങളുടെ സഹോദര രാജ്യമായ കുവൈത്ത് നടത്തിയ പരിശ്രമങ്ങളെ ഞങ്ങള്‍ വളരെയധികം അഭിനന്ദിച്ചുകൊണ്ട് പരിഗണിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നു. അറബ് മേഖലയുടെ നേട്ടത്തിനും നന്മയ്ക്കുമായി ഇത് വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' -ഫൈസല്‍ രാജകുമാരന്‍ ട്വീറ്റ് ചെയ്തു.

കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷം മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയ കുവൈത്തിന് നന്ദി അറിയിച്ചു കൊണ്ട് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നയീഫ് അല്‍ ഹജ്‌റഫും കുവൈറ്റിന്റെ ഇടപെടലുകളെ അഭിനന്ദിച്ചിരുന്നു.

Advertisment