Advertisment

സാഭിമാനം, സാവേശം, സാഘോഷം സൗദി.

New Update

ജിദ്ദ: ആഗോള, മേഖലാ തലങ്ങളിൽ തലയെടുപ്പോടെ നിലകൊള്ളുന്ന സൗദി അറേബ്യ സെപ്റ്റംബർ ഇരുപത്തിമൂന്ന് ഞായറാഴ്ച (ഇന്ന്) എമ്പത്തിഎട്ടാം ദേശിയ ദിനം ആചരിക്കുകയാണ് - സാഭിമാനം, സാവേശം, സാഘോഷം. 1930 ൽ ഇതുപോലൊരു ദിവസമാണ് അറേബ്യൻ ഉപദീപിലെ അന്തഛിദ്രതയ്ക്കു അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപുരുഷൻ അബ്ദുൽ അസീസ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആലുസഊദ് സൗദി അറേബ്യ സംസ്ഥാപിച്ചതായി പ്രഖ്യാപിച്ചത്.

Advertisment

publive-image

അദ്ദേഹം പ്രഥമ ഭരണാധികാരിയാവുകയും ചെയ്തു. ആലുസഊദ്‌ രാജവംശത്തിന്റെ സ്ഥാപകനായിരുന്ന മുഹമ്മദ് ആലുസഊദ്‌ മതദാർശനികനും പ്രബോധകനുമായിരുന്ന ഇമാം അബ്ദുൽ വഹാബുമായി ചേർന്ന് ഒന്നര നൂറ്റാണ്ടിന് മുമ്പ് നടത്തിയ ആദർശാധിഷ്ട്ടിത നീക്കം അബ്ദുൽ അസീസിലൂടെ സാക്ഷാത്കൃതമാവുകയായിരുന്നു. കുവൈറ്റിലെ അന്യരാജ്യ വാസം അവസാനിപ്പിച്ചു നജ്ദിൽ മടങ്ങിയെത്തിയ ശേഷം അബ്ദുൽ അസീസ് പതിറ്റാണ്ടുകളായി അദ്ദേഹം നടത്തിവന്ന ജൈത്രയാത്രകൾക്കൊടുവിൽ സൗദി അറേബ്യ സംസ്ഥാപിക്കുകയായിരുന്നു. എമ്പത്തിയെട്ടു വര്ഷങ്ങള്ക്കു മുമ്പ് നജ്‌ദ്‌, ഹിജാസ് എന്നിവയെ ഏകീകരിപ്പിച്ച് ഇസ്‌ലാമികാദർശത്തിലധിഷ്ട്ടിതമായ സൗദി അറേബ്യ പിറവി കൊണ്ടതായ ചരിത്രസ്മരണയെയാണ് സൗദി ദേശീയ ദിനാചരണം വീണ്ടും ഹരിതാഭമാക്കുന്നത്.

publive-image

എമ്പത്തിയെട്ട്ച കൊല്ലങ്ങൾക്കു മുമ്പ് ആധുനിക ചരിത്രത്തിലെ സൗദി അറേബ്യ പിറവിയെടുക്കുന്നത് വരെയുള്ള ചരിത്രസംഭവങ്ങളുടെ ആവേശം തുടിക്കുന്ന ഓർമ്മകളാണ് ദേശിയ ദിനാഘോഷത്തോടനുബന്ധിച്ചു രാജ്യത്താകെ അരങ്ങേറുന്ന പരിപാടികളിലൂടെ ഇതൾ വിരിയുന്നത്. സർക്കാർ, സ്വകാര്യ മേഖലയിലെങ്ങും ഞായറും തിങ്കളും അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത അവധി ദിവസങ്ങളോട് ചേർന്ന് വരുന്നതിനാൽ ഈ വർഷത്തെ ദേശീയ ദിന ഒഴിവു ജീവനക്കാർക്ക് പൊതുപരിപാടികളിൽ കൂടുതലായി മുഴുകുന്നതിന് കൂടുതൽ സൗകര്യപ്രദമായിട്ടുണ്ട്, അതും രണ്ടു ദിവസങ്ങളിലെ ദേശിയ ദിനാവധി.

publive-image

വിശുദ്ധ വാക്യവും ദേശീയ ചിഹ്നവും ഉല്ലേഖനം ചെയ്ത ഹരിത പതാക പാറിക്കളിക്കുകയാണ് രാജ്യമെങ്ങും. തെരുവോരങ്ങളും സ്ഥാപനങ്ങളുടെ വളപ്പുകളും കെട്ടിടത്തലപ്പുകളും ദിവസങ്ങൾക്കു മുമ്പ് തന്നെ ദേശീയ പതാകാലംകൃതമായി മാറിയിരുന്നു. റിയാദിൽ മാത്രം രാജ്യത്തിന് ശക്തിയും യശസ്സും നേർന്നു കൊണ്ടുള്ള 1,191 ഫലകങ്ങൾ, രാജ്യാഭിമാനം നിറയ്ക്കുന്ന സന്ദേശങ്ങളോടെയുള്ള 60 കൂറ്റൻ ബലൂണുകളുകൾ, അയ്യായിരത്തിലേറെ പതാകകൾ മുതലായവ ഒരു ദേശത്തിന്റെ ദേശീയാവേശത്തിന്റെ നിദര്ശനങ്ങളായി പരിലസിക്കുകയാണ് . ഇതിനു പുറമെ, പാലങ്ങൾ, ഭൂഗർഭ പാതകൾ, ചത്വരങ്ങൾ, നിരവധി കെട്ടിട സമുച്ചയങ്ങളും എന്നിവകളും ഹരിത ദീപ്തിയിൽ തിളങ്ങുകയാണ്. കടകളിൽ സൗദി പതാക, ബലൂണുകൾ, ദേശീയപ്രശംസാ വാചകങ്ങൾ പതിച്ച സ്റ്റിക്കറുകൾ, ഭരണാധികാരികളുടെ ഫോട്ടോകൾ തുടങ്ങിയവയുടെ വില്പന പൊടിപൊടിക്കുകയാണ്.

publive-image

സംഗീത വിരുന്നുകൾ, കരിമരുന്ന് പ്രയോഗങ്ങൾ, ലേസർ പ്രദർശനങ്ങൾ, സാംസ്‌കാരിക - കലാപരിപാടികൾ, മുതലായവ നഗര നാഗരാന്തരങ്ങളിലും, ഗ്രാമ ഗ്രാമാന്തരങ്ങളിലും ഔദ്യോഗിക തലത്തിലും സ്വകാര്യ സംഘാടകരുടെതായും അരങ്ങേറും. വ്യാപാരസ്ഥാപനങ്ങൾ ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകിയാണ് ദേശീയ ദിനം ശ്രദ്ധേയമാക്കുന്നത്. ഒരു പ്രശസ്ത ഹോട്ടൽ ശ്രുംഖല ഏർപ്പെടുത്തിയിരിക്കുന്ന ദേശീയ ദിന ഓഫർ രസകരമാണ് - സൽമാൻ എന്ന പേരുള്ളവര്കും ഒരു സുഹൃത്തിനും ഒരു നേരത്തെ സുഭിക്ഷ സദ്യ! ദേശീയ ദിനം കഴിഞ്ഞാലും ദിവസങ്ങളോളം ആഘോസത്തിന്റെ അനുരണനങ്ങൾ തുടരും.

publive-image

ദേശീയദിനാഘോഷ പരിപാടികളുടെ റിപ്പോർട്ടിംഗിന് റിയാദിൽ മീഡിയ സെന്റർ വാർത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അവാദ് അൽഅവാദ് ഉദ്ഘാടനം ചെയ്തു. സൗദി പരമ്പരാഗത നൃത്ത ശിൽപമായ അർദ, ദേശീയഗാനം എന്നിവയെയും സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിനെയും ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് സൽമാൻ രാജകുമാരൻ കുറിച്ച ഡോക്യുമെന്ററികളും സൗദി ചാനലുകളും റേഡിയോകളും പ്രകാശനം ചെയ്തുകൊണ്ടിരിക്കുകയാണ്.

publive-image

കുതിരയോട്ട പ്രദർശനം, പെയിൻറിങ് ഷോ, നാടകം, കവിതാസായഹ്നം, കാവ്യാലാപന മത്സരം, കുട്ടികൾക്കും വനിതകൾക്കും മാത്രമായ വിവിധ പരിപാടികൾ, അനാഥകളും വിഭിന്നശേഷിക്കാരുമായവർക്കുള്ള വിവിധ ആഘോഷങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ തുടങ്ങിയവയും പല വേദികളിലായി അരങ്ങേറും.

സൗദി അറേബ്യയുടെ സാംസ്കാരിക, പൈതൃക, കലാ വൈവിധ്യങ്ങളെയും സമ്പന്നതയെയും അനാവരണം ചെയ്യുന്ന നിരവധി സംഗീത സാംസ്കാരിക സംഭവങ്ങളാണ് ദേശീയ ദിനാചരണത്തോടനുബന്ധിച്ചു വിവിധയിടങ്ങളിലായി ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളിൽ അറബ് മേഖലയിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കും.

അന്നുതൊട്ടിന്നു വരെ സൗദി ഭരിച്ച ഏഴു ഭരണാധികാരികളിലൂടെ അനുസ്യൂതം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയും ശാന്തിയും ഐശ്വര്യവും പ്രസരിപ്പിക്കുകയും ചെയ്യുന്ന ഒരു സമ്പന്ന രാഷ്ട്രത്തെയും ജനതയെയുമാണ് ലോകം അവിടെ കാണുന്നത് - അതും, നിലയ്ക്കാത്ത സാമൂഹ്യ വിപ്ലവസ്പന്ദനങ്ങളോടെ.....

Advertisment