Advertisment

പുതിയ സൗദിവത്കരണം, വിദേശികളെ കാത്തിരിക്കുന്നത് കടുത്ത നിബന്ധനകൾ

author-image
admin
New Update

റിയാദ് - പന്ത്രണ്ട് റീട്ടെയിൽ മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം എന്ന വ്യവസ്ഥ പിൻവലിച്ചെങ്കിലും വിദേശികളെ നിയമിക്കുന്നതിന് കർശന നിബന്ധനകളുമായി തൊഴിൽമന്ത്രാലയം. ഒറ്റയടിക്ക് വിദേശികളെ മുഴുവൻ കടകളിൽ നിന്ന് ഒഴിവാക്കുന്നതിന് പകരം സ്വദേശികളെ പരിശീലിപ്പിക്കാൻ വേണ്ടി ഏതാനും പേരെയും സ്വദേശികൾക്ക് സാധിക്കാത്ത ജോലികൾ ചെയ്യാൻ ഏതാനും പേരെയും നിയമിക്കാനാണ് മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

Advertisment

publive-image

റെഡിമെയ്ഡ് വസ്ത്രങ്ങൾ, വാഹനങ്ങൾ, ഫർണീച്ചറുകൾ, പാത്രങ്ങൾ എന്നിവയുടെ ഹോൾസെയിൽ, റീട്ടെയിൽ ഷോറൂമുകൾ സെപ്തംബർ 12 നും (മുഹറം ഒന്ന്), വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ ഷോറൂം നവംബർ പത്തി(റബീഉൽ അവ്വൽ ഒന്ന്)നും മെഡിക്കൽ ഉപകരണങ്ങൾ, ബേക്കറികൾ, വാഹനങ്ങളുടെ സ്‌പെയർപാർട്‌സ്, കെട്ടിട നിർമാണ സാമഗ്രികൾ, കാർപറ്റ് എന്നിവയുടെ ഷോറൂമുകൾ ജനുവരി എട്ടി(ജുമാദൽ ഊല ഒന്ന്)നുമാണ് സ്വദേശിവത്കരണ വ്യവസ്ഥയുടെ പരിധിയിൽ വരുന്നത്.

ഇത്തരം സ്ഥാപനങ്ങളിൽ ഷോറൂം മാനേജർ, സെയിൽസ് റെപ്രസന്റേറ്റീവ്, പർച്ചേസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, സൂപ്പർവൈസർ, സെയിൽസ്മാൻ, അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് തുടങ്ങി ഡ്യൂട്ടി സമയങ്ങളിലെ മുഴുവൻ ജോലികൾക്കും സ്വദേശികളെ മാത്രമേ നിയമിക്കാനാകൂ. എന്നാൽ കടയടച്ച ശേഷം കടയുമായി ബന്ധപ്പെട്ട മറ്റു ജോലികൾ ചെയ്യാൻ വിദേശികളെ നിയമിക്കാവുന്നതാണ്. ഒരു ഷിഫ്റ്റിൽ 10 സ്വദേശി ജീവനക്കാരുണ്ടെങ്കിൽ ഷോറൂമിന്റെയോ കടയുടെയോ മാനേജറായി ഒരു വിദേശിയെ ഒരു വർഷത്തേക്ക് ജോലിക്ക് വെക്കാം. പക്ഷേ അസിസ്റ്റ്ന്റ് മാനേജറായി ഒരു സൗദി പൗരനെ നിയമിക്കുകയും ഒരു വർഷം കഴിഞ്ഞ് വിദേശി മാനേജർ മാറുന്നപക്ഷം ഈ സ്വദേശി പൗരനെ മാനേജറായി നിയമിക്കേണ്ടതുമാണ്.

കണ്ണട ഷോറൂമുകളിൽ ആരോഗ്യമന്ത്രാലയത്തിന്റെ ലൈസൻസുള്ള വിദേശികളായ ടെക്‌നീഷ്യൻമാർക്കും സ്‌പെഷ്യലിസ്റ്റുകൾക്കും ജോലി ചെയ്യാൻ തടസമുണ്ടാകില്ല. കാർ മെക്കാനിക്, വാച്ച് മെക്കാനിക്, ഇലക്ട്രിക് ഉപകരണങ്ങൾ സർവീസ് ചെയ്യുന്ന ടെക്‌നീഷ്യൻ, ടൈലർ, ബേക്കറി നിർമിക്കുന്നവർ എന്നീ മേഖലയിലും വിദേശികളെ നിയമിക്കാം.

അഞ്ച് ജീവനക്കാരുള്ള സ്ഥാപനത്തിന് ക്ലീനിംഗ്, ലോഡിംഗ് ചെയ്യാനായി ഒരു വിദേശിയെ ജോലിക്ക് വെക്കാം. അഞ്ചിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 20 ശതമാനത്തിലധികം ക്ലീനിംഗ്, ലോഡിംഗ് തൊഴിലാളികളെ അനുവദിക്കില്ല. അതേസമയം ഈ മേഖലയിലെ സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസിൽ രാവിലെ ഓഫീസ് തുറന്ന് വൈകീട്ട് അടക്കുന്നത് വരെ വിദേശികളെ ജോലിക്ക് വെക്കാൻ പാടില്ല. വൈകീട്ട് അടച്ചതിന് ശേഷം ഓഫീസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ജോലികൾ ചെയ്യാൻ മാത്രമേ വിദേശികളെ അനുവദിക്കാവൂ.

publive-image

ഒരു സ്വദേശി പൗരന്റെയെങ്കിലും സാന്നിധ്യമില്ലാതെ ഈ സ്ഥാപനങ്ങൾ തുറക്കാനും പാടില്ല. കടകളിൽ വിദേശികൾക്ക് അനുവദിച്ച ജോലി ചെയ്യണമെങ്കിൽ അവരുടെ ഇഖാമയിലും അതേ പ്രൊഫഷൻ തന്നെ വേണം. ഫോട്ടോ, പ്രൊഫഷൻ, സ്ഥാപനത്തിന്റെ പേര്, സീൽ എന്നിവയുള്ള തിരിച്ചറിയൽ കാർഡ് കടയുടമ നൽകുന്നതോടൊപ്പം സെയിൽസ് ജോലികൾ ചെയ്യാൻ അനുവാദമില്ല എന്ന് ഈ കാർഡിൽ പ്രത്യേകം രേഖപ്പെടുത്തണം. നേരത്തെ വനിതാവത്കരണം പ്രഖ്യാപിച്ച കടകൾക്ക് ആ വ്യവസ്ഥകൾ തന്നെ തുടരും.

നിലവിൽ ഈ പന്ത്രണ്ട് ഇനങ്ങളുമായി പെട്ട ഷോറൂമുകളിലും കടകളിലും മാത്രമേ ഈ വ്യവസ്ഥകൾ ബാധകമാവുകയുള്ളൂ. നേരത്തെ സമ്പൂർണ സ്വദേശിവത്കരണമാണ് പ്രഖ്യാപിച്ചിരുന്നെങ്കിലും പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നുമുള്ള അഭ്യർഥനയെ തുടർന്നാണ് വ്യവസ്ഥയിൽ ഇളവ് വരുത്തിയത്. 70 ശതമാനമാണ് സ്വദേശിവത്കരണമെങ്കിലും ഒരു സ്വദേശിയെ പോലും നിയമിക്കാതെ ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. പ്രവൃത്തി സമയങ്ങളിൽ വിദേശികൾ സ്ഥാപനത്തിൽ ജോലി ചെയ്യുകയോ നിശ്ചിത അനുപാതത്തേക്കാൾ വിദേശികളെ നിയമിക്കുകയോ ചെയ്താൽ മന്ത്രാലയ പരിശോധകർക്ക് പിഴ ചുമത്താവുന്നതാണ്.

report suliman

 

Advertisment