Advertisment

സൗദി: പൊരിവെയിലിൽ മുങ്ങിത്തോർത്താൻ അത്യുഷ്ണം വന്നെത്തി

New Update

ജിദ്ദ: ഗോളശാസ്ത്ര ഗണനപ്രകാരം വ്യാഴാഴ്ച ഉച്ചയോടെ സൗദി അറേബ്യയിൽ ഈ വർഷത്തെ ഉഷ്ണകാലം ആരംഭിച്ചു. ഇനിയുള്ള 93 ദിവസങ്ങൾ വെയിൽ വീര്യത്തിന്റേത്. ആഗസ്റ്റിലായിരിക്കും ചൂടിന്റെ പൊടിപൂരം. തൊണ്ണൂറ്റി ഒമ്പതു ദിവസങ്ങളും പതിനഞ്ചു മണിക്കൂറുകളും 47 മിനുട്ടുകളുമായിരിക്കും സൗദിയിൽ ഈ വർഷം ഉഷ്ണകാലം നീണ്ടു നിൽക്കുക..സെപ്റ്റംബർ 23 ന് വേനൽ തിരി താഴും.

Advertisment

publive-image

കാലാവസ്ഥാ നിരീക്ഷകരും കേന്ദ്രങ്ങളുമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഇത്തവണത്തെ വേനൽ സൗദി ഉൾപ്പെടുന്ന ഗൾഫ് മേഖലകളിൽ അത്യുഷണത്തോടെയുള്ളതായിരിക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി തന്നെ വേനൽ വന്ന പ്രതീതിയിലായിരുന്നു സൗദിയിൽ. ഇത്തവണ കടുത്ത ഉഷ്ണത്തിനാണ് സാധ്യത. അതിന്റെ സൂചനയായാണ് വേനലിന്റെ ഔദ്യോഗിക വരവിന് മുമ്പായി നിലനിന്ന കടുത്ത അന്തരീക്ഷ ഊഷ്മാവ്.

ജൂൺ പതിനഞ്ചു മുതൽ തന്നെ സൗദിയിൽ മധ്യാഹ്ന വിശ്രമം നടപ്പായിട്ടുണ്ട്. വെയിലത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സെപ്തംബര് പതിനഞ്ചു വരെയുള്ള മൂന്നു മാസം ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ മൂന്ന് വേറെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്ന പുറം ജോലികളിൽ തൊഴിലാളികളെ നിയമിക്കുന്നതിനാണ് തൊഴിൽ - സാമൂഹ്യ വികസന മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ വർഷത്തെ വിശുദ്ധ ഹജ്ജ് സീസൻ കൊടും വേനലിലാണ് അരങ്ങേറുക. നടപ്പ് ശവ്വാൽ മാസത്തിലെ ഇരുപത്തി മൂന്നു ദിവസങ്ങൾ, തീർത്ഥാടകർ സൗദിയിൽ എത്തിക്കൊണ്ടിരിക്കുന്ന ദുൽഖഅദ മാസം, ഹജ് അനുഷ്ഠാനത്തിന്റെ ദുൽഹജ് മാസം എന്നിവ മുഴുവനായും ഹിജ്‌റ പുതുവത്സരാരംഭ മുഹറം മാസത്തിലെ പതിനൊന്ന് ദിവസങ്ങളും ഉൾപ്പെടുന്നതാണ് ഗോളശാസ്ത്രപരമായ സൗദിയിലെ ഈ വർഷത്തെ ഉഷ്ണകാലം. ഈ ദിവസങ്ങളിൽ താപനില 53 കവിയുമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ, തീർത്ഥാടകർക്ക് ആശ്വാസം പകരുന്ന നടപടികൾ കൈക്കൊള്ളണമെന്ന് തീർത്ഥാടകരുടെ യാത്രയും താമസവും ഏർപ്പെടുത്തുന്നവരോട് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

അടുത്ത 20 ദിവസങ്ങളില്‍ മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വേഗത്തില്‍ ഉഷ്ണകാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി മുന്നറിയിപ്പ് നല്‍കി. കനത്ത ചൂടില്‍ വാഹനത്തിന്റെ ടയറുകള്‍ പോട്ടാനുള്ള സാധ്യത കണക്കിലെടുത്തു ആവശ്യമായ കരുതലുകൾ കൈക്കൊള്ളണമെന്നും നിർദേശമുണ്ട്. ശീതീകരണ സംവിധാനവും വേണ്ടവിധം സജ്ജീകരിക്കണം.

സൗദിയിലെ ചില മേഖലകൾ, പ്രത്യേകിച്ച് കിഴക്കൻ മേഖലയിലെ ദഹ്റാൻ, ദമ്മാം, അൽഹസ്സ തുടങ്ങിയ പ്രദേശങ്ങളിൽ അന്തരീക്ഷോഷ്മാവ് അമ്പത് ഭേദിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഔദ്യോഗിക വാക്താവ് പ്രവചിച്ചു.

വേനൽ കാലം കഴിയുന്നത് വരെ, വിശേഷിച് മധ്യ, കിഴക്കൻ, പടിഞ്ഞാറൻ തീരദേശ മേഖലകളിൽ അനുഭവപ്പെടുന്ന ശരാശരി കൂടിയ താപനില മുപ്പത്തി എട്ടിനും നാല്പത്തി ഒമ്പതിനും ഇടയിലായിരിക്കുമെന്നും പ്രവചനം തുടർന്നു. കൂടിയ ശരാശരി താപനില അമ്പതിനും അമ്പതിനാലിനും ഇടയിലേക്ക് ഉയർന്നു നിൽക്കാനും സാധ്യതയുണ്ടെന്നും വാക്താവ് തുടർന്നു.

2010 ൽ ലോകത്തു ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ജിദ്ദ നഗരത്തിലായിരുന്നു. ഉച്ച നേരത്തല്ലാത്തപ്പോൾ തന്നെ അമ്പതിനും അമ്പത്തിരണ്ടിനും ഇടയിൽ ഡിഗ്രിയായിരുന്നു അന്ന് ജിദ്ദ അനുഭവിച്ചതെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഔദ്യോഗിക വാക്താവ് ഹുസൈൻ അൽഖഹ്താനി തുടർന്നു.

Advertisment