Advertisment

വകുപ്പു വിഭജനം തർക്കത്തിലെങ്കിലും സർക്കാർ താഴെ വീഴില്ലെന്നുറച്ച് കുമാരസ്വാമി

New Update

Image result for കുമാരസ്വാമി

Advertisment

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാരില്‍ വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടു ചെറിയ ചില തര്‍ക്കങ്ങളുണ്ടെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. എന്നാല്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും സര്‍ക്കാര്‍ താഴെ വീഴാന്‍ മാത്രം ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പു വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഹൈക്കമാന്‍ഡില്‍നിന്ന് അനുമതി ലഭിച്ചാലുടന്‍ മന്ത്രിസഭാ വിപുലീകരണം നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

‘വകുപ്പ് വിഭജനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ചെറിയ ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളൊന്നുമില്ല’, കുമാരസ്വാമി പറഞ്ഞു.

‘മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ തന്നെ പരിഹാരം കണ്ടെത്താനാണു ശ്രമം. മറിച്ചു സംഭവിച്ചാല്‍ എന്താകുമെന്നു നോക്കാം. അന്തസ്സും അഭിമാനവും പണയംവച്ചു മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ലെന്നും’ വകുപ്പു വിഭജനത്തെയും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കുമാരസ്വാമി പറഞ്ഞു.

കര്‍ണാടക സര്‍ക്കാരിലെ കോണ്‍ഗ്രസ് പങ്കാളിത്തത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും കര്‍ണാടകയുടെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഇന്നു ഡല്‍ഹിയിലെത്തിയിരുന്നു. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ ഡല്‍ഹിക്കു പോയത്.

Advertisment