Advertisment

36 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി പത്തൂര്‍ അഹ്മദ് നാട്ടിലേക്ക്

author-image
admin
New Update

മദീന: പ്രവാചക നഗരിയിലെ 36 വര്‍ഷത്തെ ധന്യമായ പ്രവാസ ജീവിതത്തിന് വിരാമംകുറിച്ച് പത്തൂര്‍ അഹ്മദ് നാട്ടിലേക്ക് തിരിച്ചു. മദീനയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ 'വെളിമുക്ക്' എന്ന പേരില്‍ സുപരിചിതനായ അദ്ദേഹത്തിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മദീന ഘടകം സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ജോലി തേടി മലയാളികള്‍ സൗദിയിലേക്ക് വന്നുതുടങ്ങിയ ആദ്യനാളുകളില്‍ തന്നെ മദീനയിലെത്തിയ അദ്ദേഹം പലതരം ജോലി ചെയ്തു. തൊഴിലില്ലാതെയും ഉള്ള ജോലിക്ക് ശമ്പളം കിട്ടാതെയും വിഷമതകള്‍ അനുഭവിച്ച അദ്ദേഹം പിന്നീട് സ്വന്തമായി 'സഫ ബ്രോസ്റ്റ് 'എന്ന പേരില്‍ മദീന ഹറമിനടുത്ത് സ്ഥാപനം തുടങ്ങി.

Advertisment

publive-image

നാട്ടുകാരും സുഹൃത്തുക്കളുമായ പലരെയും പങ്കാളികളാക്കി പിന്നീട് മദീനയിലും ഹായില്‍, അബഹ, അല്‍ ഖസീം, ദമ്മാം തുടങ്ങിയ പ്രവിശ്യകളിലും സ്ഥാപനങ്ങള്‍ തുറക്കുകയും ധാരാളം മലയാളികള്‍ക്ക് ജോലി നല്‍കുകയും ചെയ്തു. മലയാളി പ്രവാസി സംഘടനകള്‍ സജീവമല്ലാതിരുന്ന ആദ്യകാലങ്ങളില്‍ ഒറ്റക്കും കൂട്ടായും ഒരുപാട് അശരണര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അഹ്മദ് മുന്‍പന്തിയിലുണ്ടായിരുന്നു.

യാത്രയയപ്പ് ചടങ്ങില്‍ പ്രസിഡന്റ് അഷറഫ് ചൊക്ലി അധ്യക്ഷനായിരുന്നു. കബീര്‍ മാസ്റ്റര്‍, സുഹൈല്‍ തൊടുപുഴ, മുജീബ് എടക്കര, മുനീര്‍ നരിക്കുനി, അബ്ദുല്‍വഹാബ് താമരശ്ശേരി, യൂസഫ് മാസ്റ്റര്‍, മൂസാ രാമപുരം , അബ്ദുല്‍ അസീസ് കുന്നുംപുറം, അക്ബര്‍ പൊന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

സംഘടനയുടെ ഉപഹാരം അഷ്‌റഫ് ചൊക്ലി നല്‍കി. വികാരനിര്‍ഭരമായ തന്റെ മറുപടി പ്രസംഗത്തില്‍ കൈപ്പും മധുരവും നിറഞ്ഞ പ്രവാസ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. 24 വര്‍ഷമായി മദീനയിലുള്ള തന്റെ സഹോദരന്‍ പത്തൂര്‍ ഇസ്മായിലും പ്രവാസം മതിയാക്കി യാത്രയില്‍ അനുഗമിക്കുന്നുണ്ട്. കെ പി മുഹമ്മദ് വെളിമുക്ക് സ്വാഗതവും സാനു മുഹമ്മദ് കൊല്ലം നന്ദിയും പറഞ്ഞു.

Advertisment