Advertisment

കാല്‍പന്തിനെ സ്നേഹിച്ച കുട്ടി, ചെറുകഥ: സിജി വൈലോപ്പിള്ളി.

author-image
admin
Updated On
New Update

സത്യംഓണ്‍ലൈന്‍ ന്യൂസ്‌ പരിച്ചയപെടുത്തുന്നു ഒരുപക്ഷെ പരിചയപെടുത്തലിന്റെ ആവിശ്യമില്ല.ആദ്യമായി സത്യം ഓണ്‍ലൈന്‍ ന്യൂസില്‍ സിജി വൈലോപ്പിള്ളി

Advertisment

വിദ്യാഭ്യാസ കാലത്തു തന്നെ എഴുത്തിൽ സ്വന്തമായൊരിടം കണ്ടെത്തിയിരുന്നങ്കിലും അമേരിക്ക്യയിലെ നീണ്ട കാലത്തെ പ്രവാസം തുടക്കത്തിൽ എഴുത്തിൽ നിന്ന് ഉള്ള ഒരു ഉൾവലിയലായി.പിന്നീടു ബ്ലോഗ് എഴുത്തിലൂടെ പ്രശസ്തയായ സിജി എഴുത്തിലേക്ക് തിരിച്ചുവരികയായിരുന്നു .പഠനകാലത്തു രാജലക്ഷ്മി അവാർഡ് വനിതാ കഥാമത്സാരാ വിജയി, വി.പി ശിവകുമാർ അവാർഡും ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ കേരളവർമ കോളേജിൽ നിന്ന് മലയാളം എം.എ നേടിയ സിജി ഇപ്പൊൾ അമേരിക്കയിൽ ആണ് .തൃശ്ശൂർ ജില്ലയിൽ വലപ്പാട് സ്വദേശം. ഭർത്താവു ജോയ് വൈലോപ്പിള്ളി മക്കളായ ഗോവർദ്ധൻ ,പ്രഹ്ലാദ് എന്നിവരോടൊത്തു പതിനേഴു വർഷമായി അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് താമസം.

കാലില്ലാത്ത കുട്ടി ആഞ്ഞടിക്കുന്ന പന്തിനെ സ്വപ്നം കണ്ടു. വയല്‍ വരമ്പില്‍ ഇല്ലാത്ത കാലിനെ സങ്കല്‍പ്പിച്ചിരിക്കുകയായിരുന്നു അവന്‍. ഇളം ചുവപ്പ് നിറത്തിലുള്ള സുര്യരശ്മികള്‍ വയലിനെ പൊതിഞ്ഞിരിക്കുന്നു. മേയാനായി അക്ഷമനായ എരുമയുടെ പുറത്തിരിക്കുന്ന ഒറ്റ മൈന കുട്ടിയെ തിരിഞ്ഞു നോക്കി. അവന്‍ സ്കൂള്‍ ബാഗ് തുറന്ന് ബാക്കിയുണ്ടായിരുന്ന ഒരു ചപ്പാത്തി കഷ്ണം മൈനക്ക് മേല്‍ എറിഞ്ഞു. ലക്ഷ്യമെത്താതെ കാറ്റില്‍ അത് തിരിച്ച് അകലേക്ക് വീണൂ. ഓടിയെടുത്ത് ഒന്നുകൂടി എറിയണം എന്നുണ്ടായിരുന്നു അവന് പെട്ടന്നാണ് കാലുകളെപ്പറ്റി ഓര്‍ത്തത്. വയലില്‍ കൂട്ടുകാര്‍ പന്ത് കളിക്കുന്നു. ഒരു ഭാഗത്ത് വിജയാരവങ്ങള്‍, മറുഭാഗത്ത് തോല്‍വിയുടെ കൂട്ട നിശ്വാസം. ഒരു കാലില്‍ നിന്നും മറ്റ്‌ കാലിലേക്ക് തെന്നി നീങ്ങുന്ന പന്ത് അറ്റങ്ങള്‍ ഉള്ളിലേക്ക് കുനിഞ്ഞ അവന്‍റെ കാലിനെ തളിര്‍പ്പിച്ചു. അവിടെ ഒരു മരം വേരോടുന്നത് പോലെ തോന്നി കുട്ടിക്ക്..!

publive-image

കളി കഴിഞ്ഞ് കൂട്ടുകാര്‍ ഓടി വന്നു. അവര്‍ കുട്ടിയെ താങ്ങി വീല്‍ ചെയറില്‍ വെച്ചു. ഒരാള്‍ അവന്‍റെ സഞ്ചിയെടുത്ത് തോളിലിട്ടു. എല്ലാ ദിവസത്തേയും പോലെ കുട്ടി പന്തിനായ് കൈകള്‍ നീട്ടി. ചളി പുരണ്ട പന്ത് കൂട്ടുകാര്‍ അവന്‍റെ മടിയില്‍ വെച്ചു. അവന്‍ അതിനെയെടുത്ത് നെഞ്ചില്‍ അമര്‍ത്തി, വെളുത്ത കുപ്പായത്തില്‍ അത് കറുത്ത അടയാളം വീഴ്ത്തി. ‘ നിന്‍റെ കുപ്പായത്തില്‍ ചളിയാകേണ്ട’ കൂട്ടുകാര്‍ നീരസത്തോടെ പന്തെടുക്കാന്‍ കുനിഞ്ഞു. കുട്ടി പന്തിനെ വിട്ടു കൊടുക്കാതെ വീണ്ടും കുപ്പായത്തില്‍ പിടിച്ചമര്‍ത്തി.

വീടെത്തും വരെ കൂട്ടുകാര്‍ സംസാരിച്ചത് ഏത് ടീമിന് ഇപ്രാവശ്യം കപ്പ്‌ കിട്ടും എന്നതാണ്. ‘ അര്‍ജന്‍റീന’ എന്ന് കുട്ടി ഒച്ചയിട്ടു. ആരും അവന്‍റെ അഭിപ്രായത്തെ ഗൗനിച്ചില്ല. ആരാണ് നിങ്ങളുടെ ഇഷ്ട കളിക്കാരന്‍ എന്ന ചോദ്യം അവനോട്‌ ആരും ചോദിച്ചില്ല. മറ്റ്‌ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയില്‍ ‘കാലില്ലാത്ത കുട്ടിയുടെ’ ഉത്തരങ്ങള്‍ അലിഞ്ഞു പോയി.

വീട്ടിലെത്തി ഗൃഹപാഠം ചെയ്ത് ഭക്ഷണം കഴിച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. ചൂട് പിടിച്ചു കിടക്കുന്ന വയല്‍ പോലെ ഉഷ്ണിച്ച് മൊരിഞ്ഞ് കിടക്കുന്ന കിടക്ക...കാല്‍ പന്ത് തലയിണയിലൂടെയും തുടകളിലൂടെയും ഊളിയിട്ടു. കുട്ടി ഉറക്കത്തിലമര്‍ന്നു. അമ്മ വന്ന് അവന്‍റെ ഇല്ലാത്ത കാലുകള്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ച് ഒരു പുതപ്പെടുത്ത് അവന്‍റെ അരയില്‍ വിരിച്ചിട്ടു. ഉറക്കത്തില്‍ കുട്ടി മുകളില്‍ നിന്നും താഴേക്ക് വീഴുന്ന ഒരു പന്തിനെ സ്വപനം കണ്ടു. വെളുത്ത നിറത്തില്‍ കറുത്ത കുത്തുകളുള്ള ഒരു കാല്‍ പന്ത്..! അവന്‍റെ ഹൃദയം ചടപടായെന്ന് മിടിച്ചു. കൈകളിലെ ഞെരമ്പ് തുടുത്തു, വായിലെ വെള്ളം വറ്റി. കണ്ണുകളില്‍ വെളുത്ത പന്തും കറുത്ത കുത്തുകളും മാത്രം. “അടിക്കെടാ” എന്ന കൂട്ടുകാരുടെ ശബ്ദം അവന്‍റെ ചെവിയില്‍ തിരമാല പോലെ തല്ലിയമര്‍ന്നു. കുട്ടി കാലിലേക്ക് നോക്കി അവിടെ അതാ കാലുകള്‍ തളിര്‍ത്തു വന്നിരിക്കുന്നു. അഞ്ചു വിരലുകള്‍ എല്ലുകളുടെ മുഴു മുഴുപ്പ്. കുട്ടിയുടെ ലക്ഷ്യം തെറ്റി. അവന്‍ പന്തിനെ മറന്നു. പൊടിച്ചു വന്ന കാലിനെ അവന്‍ അത്ഭുതത്തോടെ നോക്കി. വിരലുകളെ മടക്കി, ചളിയില്‍ അടയാളം വീഴ്ത്തി പൊക്കി..താഴ്ത്തി. ‘ അടിക്കടാ ഗോള്‍’ എന്ന് ആരോ അലറിയതും കുട്ടി ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു. ചുറ്റും അരണ്ട വെളിച്ചം മൈതാനമില്ല, പന്തില്ല, കൂട്ടുകാരില്ല. കാലുകള്‍? തുടയില്‍ മൂത്ര നനവ്. അവന്‍ “അമ്മേ” യെന്ന് വിളിച്ചു. അമ്മ ഉറക്കച്ചടവോടെ ഓടി വന്നു.

“മൂത്രമൊഴിക്കേണ്ടെ?” അവന്‍ ‘ഉം’ എന്ന് തലയാട്ടി. അമ്മ അവനെ താങ്ങിയെടുത്തു. അവന്‍റെ കണ്ണില്‍ രണ്ട് തുള്ളികള്‍ പൊടിഞ്ഞു. അമ്മ ചിരിച്ചു.കണ്ണുകള്‍ തുടച്ചു.

‘നീ എന്‍റെ ആരെന്നറിയുമോ?’ അമ്മ അവന്‍റെ നെറ്റിയില്‍ ഉമ്മകൊടുത്ത് ചോദിച്ചു. പഞ്ചാര, കല്‍ക്കണ്ടം, ചക്കര എന്നീ ഉത്തരങ്ങളെ അവന്‍ അവഗണിച്ചു.

‘പറയൂ’ അമ്മ കുസൃതിയോടെ അവനെ നോക്കി.

‘പന്ത്’ അവന്‍ ഉത്തരം പറഞ്ഞു.

‘പന്തോ?’ അമ്മ അവനെ ആശ്ചര്യത്തോടെ നോക്കി.

ഉം...പന്ത്..

എങ്കില്‍ പന്ത് അമ്മ ചിരിച്ചു.

അവന്‍ അമ്മയുടെ കൈകളില്‍ ഗോളാകൃതിയില്‍ ചുരുണ്ടുകൂടി. കാറ്റില്‍ അടര്‍ന്ന് താഴേക്ക് തെറിച്ചു. വെള്ളയില്‍ കറുത്ത കുത്തുള്ള ഒരു പന്തായി അവന്‍ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് ചാടി മൈതാനത്തിലേക്ക് അവന്‍ ഒരു പന്തായ് ഉരുണ്ടിറങ്ങി…!

 

Advertisment