Advertisment

റഷ്യയെ മൂലയ്ക്കിരുത്തി സിറിയന്‍ വ്യോമക്രമണത്തില്‍ വിജയം പ്രഖ്യാപിച്ച് ട്രംപ്

New Update

publive-image

Advertisment

വാഷിംഗ്ടണ്‍:   സിറിയന്‍ വ്യോമക്രമണത്തില്‍ വിജയം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. സിറിയന്‍ സര്‍ക്കാര്‍ രാസായുധം ഇനിയും പ്രയോഗിച്ചാല്‍ വ്യോമാക്രമണത്തിന് ഇനിയും മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിനു ശേഷം ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം സിറിയയിലെ വ്യോമാക്രമണത്തിനു പിന്നാലെ ഐക്യരാഷ്ട്ര സഭയിലും റഷ്യയ്ക്ക് തിരിച്ചടി നേരിട്ടു. വ്യോമാക്രമണത്തെ അപലപിക്കുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ അടിയന്തിര രക്ഷാ സമിതി തള്ളി.

ചൈനയും ബൊളീവിയും മാത്രമാണ് റഷ്യയുടെ പ്രമേയത്തെ പിന്തുണച്ചത്. ദമാസ്‌കസിലുള്ള രാസായുധ ശേഖരം തകര്‍ത്തെന്ന് അമേരിക്കയുടെ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലേ സഭയില്‍ വ്യക്തമാക്കി.

രാസായുധം ഇനിയും പ്രയോഗിച്ചാല്‍ സിറിയ കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയതായും നിക്കി ഹാലേ സഭയെ അറിയിച്ചു.

സിറിയയുടെ രാസായുധശേഖര ശാലയിലേക്ക് സഖ്യസേന 100 മിസൈലുകള്‍ തൊടുത്തതായി പെന്റഗണ്‍ ലഫ്റ്റനെന്റ് ജെനറല്‍ കെന്നത്ത് മാക്‌കെന്‍സീ പറഞ്ഞു.

ഇത് സിറിയന്‍ പ്രസിഡന്റ് ബാഷാര്‍ ആസാദിനുള്ള മുന്നറിയിപ്പാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രാസായുധ നിര്‍മ്മാര്‍ജന സംഘടനയുടെ പരിശോധനയിലൊന്നും ഇതുവരെ രാസായുധ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു.

donald trump trump
Advertisment