പ്രധാനമന്ത്രി കാപട്യം അവസാനിപ്പിക്കണം എസ്‌ കെ ഐ സി

ജയന്‍ കൊടുങ്ങല്ലൂര്‍
Tuesday, February 13, 2018

മദീന: ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കണ്ണടക്കുകയും, പലസ്‌തീന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന്‌ പ്രഖ്യപിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി, ഇരകള്‍ക്കൊപ്പം ഓടുകയും, വേട്ടക്കാരനൊപ്പം തോക്കെടുക്കുകയും ചെയ്യുന്ന കാപട്യം അവസാനിപ്പിക്കണമെന്ന്‌ എസ്‌.കെ.ഐ.സി സൗദി നാഷണല്‍ സംഗമം ആവശ്യപ്പെട്ടു. ഇന്നലകളില്‍ അടുക്കളകളില്‍ കയറിയ ഫാസിസം വിശ്വാസങ്ങളിലേക്ക്‌ കൂടി കടന്നു കയറുന്ന വാര്‍ത്തകള്‍ ആശങ്കാ ജനകമാണെന്നും, അക്രമണങ്ങളുടെ വീഡീയോകള്‍ പ്രചരിച്ചിട്ടും നിയമപാലകരും, ഭരണക്കൂടവും പാലിക്കുന്ന നിഷ്‌ക്രിയത്വം അപലനീയമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

ഭീതി ജനിപ്പിക്കുന്ന സംഘ്‌ രഥയാത്ര സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.എസ്‌.കെ.ഐ.സി സൗദി നാഷണല്‍ പ്രസിഡന്റ്‌ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ അദ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍മാന്‍ സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്‌ മാവൂരില്‍ എം.വി. ആര്‍ ക്യാന്‍സര്‍ സെന്ററിന്‌ സമീപം തുടങ്ങുവാന്‍ പോകുന്ന സഹചാരി സെന്ററിനെ കുറിച്ച്‌ അലവിക്കുട്ടി ഒളവട്ടൂര്‍ വിശദീകരണം നല്‍കി.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഗ്ലോബല്‍ മീറ്റിനെ കുറിച്ചുള്ള ചര്‍ച്ചക്ക്‌ നാഷണല്‍ ട്രഷറര്‍ സൈദു ഹാജി മൂന്നിയൂര്‍ വിശദീകരണം നല്‍കി. പ്രോവിന്‍സ്‌ കമ്മിറ്റികളെ പ്രതിനിതീകരിച്ച്‌ മുഹമ്മദ്‌ വയനാട്‌ (അല്‍-ഖസ്സീം പ്രോവിന്‍സ്‌), അബ്ദുല്‍ ഹഖീം വാഫി (മക്ക പ്രോവിന്‍സ്‌), അബ്ദുറഹ്‌മാന്‍ ഫറോക്ക്‌ (റിയാദ്‌ പ്രോവിന്‍സ്‌), ഹാഫിള്‌ ഉമറുല്‍ ഫാറൂഖ്‌ ഫൈസി (മദീന പ്രോവിന്‍സ്‌), നൗഫല്‍ സ്വാദിഖ്‌ ഫൈസി (അസീര്‍ പ്രോവിന്‍സ്‌), വിവിധ  സെന്റ്രല്‍ കമ്മിറ്റികളെ പ്രതിനിതീകരിച്ച്‌ എന്‍.സി മുഹമ്മദ്‌ കണ്ണൂര്‍ (റിയാദ്‌), സവാദ്‌ പേരാമ്പ്ര (ജിദ്ദ), മുസ്‌തഫ റഹ്‌മാനി ദമ്മാം, അബ്ദുല്‍ റസാഖ്‌ (ബുറൈദ), സഅദ്‌ നദ്‌വി (യാമ്പു), ബശീര്‍ മാള (ഹായില്‍), അബ്ദുല്‍ സലീം (റാബിഖ്‌), ഹംസ ഫൈസി റാബിഖ്‌, ഉമ്മര്‍ ഫൈസി (ഉനൈസ), മുഹമ്മദ്‌ കുട്ടി (ബുഖൈരിയ), ശിഹാബുദ്ദീന്‍ ഫൈസി (തബൂഖ്‌),അഷ്‌റഫ്‌ തില്ലങ്കിരി (മദീന), സ്വാദിഖ്‌ ഫൈസി (ഖമീശ്‌ മുഷൈത്‌), അബ്ദുല്‍ സലാം ബാഖവി (ത്വായിഫ്‌), മൂസ ഫൈസി (ജിസാന്‍) സംസാരിച്ചു.

മദീന എസ്‌.കെ.ഐ.സി വിഖായ ടീം സദസ്സ്‌ നിയന്ത്രിച്ചു.ത്രയ്‌മാസ ഖുര്‍ആന്‍ കേമ്പയിന്റെ വിജയികള്‍ക്കുള്ള നാഷണല്‍ അടിസ്ഥാനത്തിലുള്ള ഗോള്‍ഡ്‌ മെഡല്‍, ഷീല്‍ഡ്‌, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.നാഷണല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, സുലൈമാന്‍ വെട്ടുപാറ മദീന നന്ദിയും പറഞ്ഞു.

×