Advertisment

സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് നമ്മുടെ കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം

author-image
admin
New Update

ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഡിജിറ്റല്‍ സ്ക്രീന്‍ സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നത്. ഇതിനോടൊപ്പം, മൊബൈല്‍ഫോണ്‍ സ്ക്രീനുകളില്‍ കൂടുതല്‍ സമയം ഉറ്റുനോക്കിയിരിക്കുന്നതുമൂലം ഉണ്ടാകാവുന്ന ആരോഗ്യകരമായ പ്രശ്നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ധാരാളമായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. റേഡിയോഫ്രീക്വന്‍സി റേഡിയേഷന്‍ ഉണ്ടാക്കുന്ന മൊബൈല്‍, വൈ-ഫൈ തുടങ്ങിയവ മൂലമുള്ള അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകളും ശാസ്ത്രകാരന്മാര്‍ പങ്കുവയ്ക്കുന്നു. ഇത്തരം ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച്‌ നിരവധി ആശങ്കകളാണ് നിലവിലുള്ളത്.

Advertisment

ഇതിനെല്ലാം പുറമെ, സ്മാര്‍ട്ട്ഫോണ്‍ സ്ക്രീനുകള്‍ പുറപ്പെടുവിക്കുന്ന പ്രകാശം (ബ്ളൂ ലൈറ്റ്) കണ്ണുകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

publive-image

എന്താണ് ബ്ളൂ ലൈറ്റ്

സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും മറ്റ് എല്‍ഇഡി സ്ക്രീനുകളും ഉയര്‍ന്ന തോതില്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ ദൃഷ്ടിഗോചരമായ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രകാശ സ്പെക്‌ട്രത്തിന്റെ നീല വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്.

പ്രകാശ സ്പെക്‌ട്രത്തിന്റെ തരംഗദൈര്‍ഘ്യം കുറഞ്ഞ ഭാഗത്ത് വരുന്ന നീല പ്രകാശവുമായി സമ്ബര്‍ക്കത്തിലാവുന്നത് കണ്ണുകള്‍ക്ക് ഗുരുതരമായ തകരാറുകളുണ്ടാക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഈ നീല പ്രകാശം എല്ലായിടത്തുമുണ്ട്. നാം വീടിനു പുറത്തായിരിക്കുന്ന അവസരത്തില്‍, സൂര്യനില്‍ നിന്നുള്ള പ്രകാശം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍, നാം ആശങ്കപ്പെടേണ്ടത് മനുഷ്യനിര്‍മ്മിതമായ ബ്ളൂ ലൈറ്റ് സ്രോതസ്സുകളെക്കുറിച്ചാണ്;

ഡിജിറ്റല്‍ സ്ക്രീനുകള്‍: ടിവി, കമ്ബ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റുകള്‍.

ഫ്ളൂറസെന്റ്, എല്‍ഇഡി ലൈറ്റുകള്‍

സൂര്യപ്രകാശം പോലെയുള്ള തീവ്രമായ പ്രകാശസ്രോതസ്സിനു കീഴില്‍ പോലും സ്ക്രീനിലെ വായന സാധ്യമാക്കുന്നതിനാണ് സ്മാര്‍ട്ട്ഫോണുകളില്‍ ബ്ളൂ ലൈറ്റ് പ്രയോജനപ്പെടുത്തുന്നത്. ഇത്തരം പ്രകാശത്തിന്റെ തീവ്രത സ്ഥിരമായിരിക്കും. സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമല്ല, കമ്ബ്യൂട്ടറുകളിലും ടെലിവിഷനുകളിലും ടാബ്ലെറ്റുകളിലുമെല്ലാം ഇത്തരം പ്രകാശമാണ് പ്രയോജനപ്പെടുത്തുന്നത്.

 

publive-image

ബ്ളൂ ലൈറ്റ് കണ്ണുകള്‍ക്ക് തകരാറുണ്ടാക്കുന്നതെങ്ങനെ

ഉറങ്ങുന്നതിനു മുമ്ബ് ഇരുട്ടില്‍, ദീര്‍ഘസമയം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് കടുത്ത ആയാസം നല്‍കുമെന്ന് നേത്രരോഗവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ടെലിവിഷന്റെയും സ്മാര്‍ട്ട്ഫോണിന്റെയും മറ്റും സ്ക്രീനുകള്‍ പുറപ്പെടുവിക്കുന്ന തരംഗദൈര്‍ഘ്യം കുറഞ്ഞ ബ്ളൂ ലൈറ്റ്, റെറ്റിനയിലെ കോശങ്ങള്‍ക്ക് തകരാറുണ്ടാക്കുമെന്ന് അടുത്തകാലത്ത് കൊറിയയില്‍ നിന്ന് പുറത്തുവന്ന ഒരു പഠനത്തില്‍ പറയുന്നു.

 

publive-image

കിടക്കുന്നതിനു മുമ്ബ് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉറക്കം ലഭിക്കുന്നതിനും ശാന്തമായി ഉറങ്ങുന്നതിനും തടസ്സമുണ്ടാവുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രിസമയത്ത്, ഡിജിറ്റല്‍ സ്ക്രീനുകളില്‍ നിന്ന് പുറപ്പെടുന്ന പ്രകാശം തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുകയും പകല്‍ ആണെന്ന ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതുമൂലം, ഉറക്കം വരാന്‍ സഹായിക്കുന്ന ‘മെലാട്ടോണിന്‍’ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് തലച്ചോര്‍ നിര്‍ത്തിവയ്ക്കുന്നു. ഇത് ഉറക്കം ലഭിക്കുന്നതിന് തടസ്സമാകുന്നു.

publive-image

ഉറക്കത്തിന്റെ രീതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും, കാലക്രമേണ, ശരീരത്തിന്റെ ബയോളജിക്കല്‍ ക്ളോക്കില്‍ വ്യത്യാസം സംഭവിക്കുകയും ചെയ്യുന്നു. ഇത് ഉറക്കത്തെ മാത്രമല്ല, നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍, നിരന്തരമായ ബ്ളൂ ലൈറ്റ് സമ്ബര്‍ക്കം പോലെ ബയോളജിക്കല്‍ ക്ളോക്കിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികള്‍ക്ക് നേരത്തെ കരുതിയിരുന്നതിലധികം പരിണിതഫലങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുക.

publive-image

ബ്ളൂലൈറ്റ് മൂലമുള്ള അപകടസാധ്യത മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ കൗമാരക്കാര്‍ക്കാണുള്ളത്. കാരണം, ഉറങ്ങുന്നതിനു മുമ്ബ് ടെലിവിഷന്‍ കാണുന്നതും വീഡിയോ ഗെയിമുകള്‍ കളിക്കുന്നതും ഭൂരിഭാഗം കൗമാരക്കാരുടെയും ശീലമാണ്.

publive-image

ഇത് എങ്ങനെ പ്രതിരോധിക്കാന്‍ സാധിക്കും

നിങ്ങള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കിലും കുട്ടികളുടെ നിര്‍ബന്ധബുദ്ധിക്കുമുന്നില്‍ വിജയിക്കാന്‍ കഴിയുന്നില്ലെങ്കിലും അവയുടെ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് ഗുണകരമായിരിക്കും. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് സമയക്രമം നിശ്ചയിക്കുകയോ അവ ഉപയോഗിക്കുന്നതിനു തുല്യമായ സമയം ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് നിര്‍ദേശിക്കുകയോ ചെയ്യാവുന്നതാണ്.

കിടക്കുന്നതിനു കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്ബെങ്കിലും എല്ലാ ഡിജിറ്റല്‍ സ്ക്രീനുകളും ഓഫ് ചെയ്യുക.

കണ്ണുകള്‍ക്കുള്ള വ്യായാമങ്ങള്‍ പതിവായി ചെയ്യുക. ജോലിസ്ഥലത്ത് 20-20-20 നിയമം പാലിക്കുക – എല്ലാ 20 മിനിറ്റിലും 20 അടി അകലെയുള്ള ഒരു വസ്തുവില്‍ 20 സെക്കന്റ് നേരം ദൃഷ്ടിപതിപ്പിക്കുക.

രാത്രി സമയങ്ങളില്‍ ബ്ളൂ ലൈറ്റിന്റെ തരംഗദൈര്‍ഘ്യം കുറയ്ക്കുന്നതിനോ ഫില്‍റ്റര്‍ ചെയ്യുന്നതിനോ ഉള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

കണ്ണുകള്‍ക്ക് അസ്വസ്ഥതയുണ്ടാകുമ്ബോഴും തലവേദന അനുഭവപ്പെടുമ്ബോഴും ശാരീരികവും മാനസികവുമായ തളര്‍ച്ച ഉണ്ടാകുമ്ബോഴും ഇടവേള എടുക്കുക.

Advertisment