Advertisment

മരിച്ചു കിടക്കുന്ന അച്ഛനരികെ നിറകണ്ണുകളുമായി നിന്ന ബാലന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു; കുടുംബത്തിനായി ഇതുവരെ സമാഹരിച്ചത് 50 ലക്ഷം രൂപ

New Update

Advertisment

ന്യൂഡല്‍ഹി: ശുചീകരണ തൊഴിലാളിയായിരുന്ന അച്ഛന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകന്റെ ഹൃദയഭേദക ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ആ കുടുംബത്തിനുവേണ്ടി ഒരു ദിവസം കൊണ്ട് സമാഹരിക്കാനായത് അമ്പതുലക്ഷം രൂപ. മാധ്യമ പ്രവര്‍ത്തകനായ ശിവ് സണ്ണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഏറ്റെടുത്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ അനിലിന്റെ കുടുംബത്തിനായി ധനസമാഹരണം നടത്തുകയായിരുന്നു.

അനിലിന്റെ മൃതദേഹത്തിനരികില്‍ നിന്ന് കരയുന്ന മകന്റെ ചിത്രം ശ്മശാനത്തില്‍ നിന്നാണ് ശിവ് സണ്ണി പകര്‍ത്തിയത്. അച്ഛന്റെ മുഖം മറച്ചിരുന്ന തുണി നീക്കി കവിളില്‍ തൊട്ട് അച്ഛാ എന്ന് വിളിച്ച് കരയുകയായിരുന്നു ആ കുഞ്ഞ്. അയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള പണം പോലും കുടുംബത്തിന്റെ കൈവശമുണ്ടായിരുന്നില്ലെന്നും ശിവ് സണ്ണി ട്വീറ്റ് ചെയ്തിരുന്നു.

നഗരത്തിലെ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട് അനില്‍ മരിച്ചത്. ഓവുചാലില്‍ നിന്ന് തിരികെ കയറുന്നതിനിടെ കയര്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാവുകയാണ് ശുചീകരണത്തൊഴിലാളികള്‍ എന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.

ക്രൈം റിപ്പോര്‍ട്ടറായ താന്‍ നിരവധി ദുരന്തവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുപോലെ ഹൃദയം തകര്‍ക്കുന്നതായിരുന്നില്ല മറ്റൊരു കാഴ്ച്ചയുമെന്നും ശിവ് സണ്ണി പിന്നീട് പറഞ്ഞു. ശുചീകരണത്തൊഴിലാളികളുടെ ദുരിതജീവിതം പുറം ലോകം അറിയണമെന്ന് ആഗ്രഹിച്ചാണ് താന്‍ ആ ചിത്രം പങ്കുവച്ചത് എന്ന് ശിവ് സണ്ണി പറഞ്ഞു.

ഇന്ന് അനിലിന്റെ കുടുംബത്തിനു വേണ്ടി ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കെറ്റോയിലൂടെ അമ്പതുലക്ഷത്തില്‍ അധികം രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധിയാളുകളാണ് അനിലിന്റെ കുടുംബത്തെ സഹായിക്കാനായി മുന്നോട്ടു വന്നത്. തുടര്‍ന്ന് അനിലിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും ശിവ് പങ്കുവച്ചു. തുടര്‍ന്ന് ക്രൗഡ് ഫണ്ടിങ് പ്ലാറ്റ് ഫോമായ കെറ്റോയിലൂടെ ധനസമാഹരണം ആരംഭിക്കുകയായിരുന്നു. ബുധാനാഴ്ച ഉച്ചവരെ 50,58,270 രൂപ 2381 പേരില്‍നിന്ന് സമാഹരിക്കപ്പെട്ടിട്ടുണ്ട്.

ഭാര്യയും മൂന്നുമക്കളും അടങ്ങിയ കുടുംബത്തിന്റെ ഏകആശ്രയമായിരുന്നു അനില്‍. റാണി എന്നാണ് അനിലിന്റെ ഭാര്യയുടെ പേര്. 11, 7, 3 വയസ്സുള്ളവരാണ് മക്കള്‍. ദാബ്രിയിലാണ് ഇവര്‍ കഴിയുന്നത്.

 

Advertisment