Advertisment

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്യാന്‍ നീക്കം; ആദ്യം കുരുങ്ങുന്നത് മുന്‍മന്ത്രി എപി അനില്‍കുമാര്‍; അനധികൃത സ്വത്തു സമ്പാദന കേസുകളെല്ലാം ഇഡിക്ക് കൈമാറാന്‍ വിജിലന്‍സിന് നിര്‍ദേശം; ബാര്‍കോഴ കേസും ടൈറ്റാനിയം അഴിമതിയിലും അന്വേഷണം വേഗത്തിലാക്കും. സര്‍ക്കാരിന് മേല്‍ കേന്ദ്ര ഏജന്‍സികളുടെ കുരുക്കു മുറുകിയതോടെ സംസ്ഥാന ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ മെരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ !

New Update

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂട് തുടങ്ങിയതിനൊപ്പം കേന്ദ്ര ഏജന്‍സികളും കുരുക്കു മുറുക്കിയതോടെ പ്രതിപക്ഷത്തെയടക്കം നേരിടാനുള്ള വഴികളാലോചിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണക്കടത്ത് വിവാദമടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ മുന്‍നിര്‍ത്തി സര്‍ക്കാരിനെ നേരിടുന്ന പ്രതിപക്ഷത്തെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാന ഏജന്‍സികളെ ഇറക്കാനാണ് സിപിഎമ്മും സര്‍ക്കാരും തീരുമാനിച്ചത്.

Advertisment

publive-image

സോളാര്‍, ബാര്‍കോഴ, ടൈറ്റാനിയം, പാലാരിവട്ടം, നേതാക്കള്‍ക്കെതിരായ അനധികൃത സ്വത്തു സമ്പാദനം എന്നിവ സജീവമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

സോളാര്‍ കേസില്‍ കഴിഞ്ഞ നാലുവര്‍ഷമായി കാര്യമായ അന്വേഷണം ഒന്നും നടന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആറുമാസമായി ക്രൈംബ്രാഞ്ച് അന്വേഷണം തകൃതിയാക്കി. ഒരാഴ്ച മുമ്പ് പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

ആദ്യഘട്ടത്തില്‍ മുന്‍മന്ത്രി എപി അനില്‍കുമാറിനെതിരായ പരാതിയാണ് അന്വേഷിക്കുന്നത്. അനില്‍ കുമാറിനെതിരെ പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞതനുസരിച്ച് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം തെളിവെടുത്തിരുന്നു. അനില്‍കുമാറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റുചെയ്യാനാുള്ള നീക്കവും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്.

ഇതിനുശേഷം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി അടുത്ത നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താനാണ് നീക്കം. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൂടുതല്‍ നേതാക്കളെ ഈകേസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ചിന് പദ്ധതിയുണ്ട്.

ബാര്‍ കോഴ കേസില്‍ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഇതു സര്‍ക്കാര്‍ പരിശോധിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് ഒരുകോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

അതേസമയം നേരത്തെ ബിജു രമേശ് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം നടത്തി ഒന്നും കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കേസ് വീണ്ടും അന്വേഷിക്കുന്നത് എത്ര കണ്ട് പ്രയോജനമുണ്ടെന്നും കോടതി ഇതു അനുവദിക്കുമോയെന്നും വിജിലന്‍സിന് സംശയമുണ്ട്.

അതിനിടെ വിജിലന്‍സിന്റെ പരിഗണനയിലുള്ള യുഡിഎഫ് നേതാക്കളുടെ അനധികൃത സ്വത്തുസമ്പാദന കേസുകളെല്ലാം ഇഡിക്ക് കൈമാറാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിടി തോമസ്, കെഎം ഷാജി, വികെ ഇബ്രാഹിംകുഞ്ഞ്, വിഡി സതീശന്‍ എന്നിവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സിന് മുന്നില്‍ പരാതികളുണ്ട്. ഈ പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറാനാണ് നീക്കം.

ടൈറ്റാനിയം കേസ് സി.ബി.ഐ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇവരെ പ്രതിചേര്‍ക്കുകയോ ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യുന്നതിന്റെ നിയമപരമായ സാധുതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തുതന്നെ യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ സജീവമാക്കി അവരെ പ്രതിരോധത്തിലാക്കാനാണ് സര്‍ക്കാരിന്റ ആലോചന. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും നിര്‍ദേശം നല്‍കി കഴിഞ്ഞു. അതേസമയം ഒരു സ്ഥലത്ത് ഇഡിക്കെതിരെ പറയുകയും മറുവശത്ത് ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലെ പ്രശ്‌നവും സിപിഎമ്മിനെ തിരിഞ്ഞുകൊത്താനാണ് സാധ്യത.

cm pinarayi solar case
Advertisment