സഞ്ജു, നിന്നിലൊരു സച്ചിന്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് ആരാധകര്‍; സച്ചിന് ശേഷം സഞ്ജു തീര്‍ത്ത ബാറ്റിംഗ് വെടിക്കെട്ടില്‍ മതിമറന്ന് ക്രിക്കറ്റ് പ്രേമികള്‍ !

സ്പോര്‍ട്സ് ഡസ്ക്
Monday, April 16, 2018

ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പുതിയ സംസാരം സഞ്ജു സാംസനാണ്. സഞ്ജുവിന്റെ പ്രകടനങ്ങളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ചില അവതാര മുഹൂര്‍ത്തങ്ങള്‍ കാണുന്നവരേറെയാണ്.

ഫോമിലാണെങ്കില്‍ അപാരമായ മുന്നേറ്റം നടത്തുന്നതായിരുന്നു സച്ചിന്റെ പ്രത്യേകത. അത് തന്നെയാണ് സഞ്ജുവിലും കാണുന്നത്. ഐ പി എല്ലില്‍ ഇത്തവണ ഏറ്റവും മിന്നുന്ന പ്രകടനം കാഴ്ചവച്ച താരവും സഞ്ജുവാണ്.

സച്ചിന് ശേഷം മലയാളികള്‍ ഒരു താരത്തിന്റെ ബാറ്റിംഗ് കണ്ട് ആവേശത്തിന്റെ കൊടുമുടി കയറിയിട്ടുണ്ടെങ്കില്‍ അത് സഞ്ജുവിന്റെ വിഷു ദിനത്തിലെ ഐ പി എല്‍ പോരാട്ടമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഇന്നലെ ആകെ നേടിയ 217 റണ്‍സില്‍ 92 ഉം സഞ്ജുവിന്റെ വകയായിരുന്നു.

സഞ്ജു നേരിട്ട 45 പന്തുകളില്‍ 10 എണ്ണം ഗ്യാലറിയിലേക്കും രണ്ടെണ്ണം ബൌണ്ടറിയിലേക്കും പാഞ്ഞു. സഞ്ജുവിന്റെ നേര്‍ക്ക് ഓരോ പന്ത് വരുമ്പോഴും കാണികള്‍ ആവേശത്തില്‍ തുള്ളിച്ചാടി. കാരണം മൂന്ന്‍ പന്ത് വന്നാല്‍ അതില്‍ ഒരെണ്ണമെന്ന നിലയ്ക്ക് അത് ഗ്യാലറി കടന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സാക്ഷാല്‍ വിരാട് കൊഹ് ലി നയിച്ച ബാംഗ്ലൂര്‍ ടീം അക്ഷരാര്‍ത്ഥത്തില്‍ പകച്ചു നിന്നു. ഓരോ പന്തും എറിഞ്ഞ ശേഷം തല ഉയര്‍ത്തി ആകാശത്തേക്ക് കണ്ണും പായിച്ച് നില്‍ക്കേണ്ട അവസ്ഥ.

ഇതോടെ ആരാധകര്‍ പറയുന്നത് ഇതാണ്; കളിക്കളമൊഴിഞ്ഞ സച്ചിന് പകരം കേരളത്തില്‍ നിന്ന് മറ്റൊരു സച്ചിന്‍ സഞ്ജുവിലൂടെ പിറവിയെടുക്കുന്നു എന്ന്. മനസ് വച്ചാല്‍ സഞ്ജുവിന് ഉയരങ്ങള്‍ കീഴടക്കാം എന്ന് ക്രിക്കറ്റ് പ്രേമികള്‍ ഉറപ്പിച്ചു.

സഞ്ജുവിന്‍റെ പ്രശ്നം അദ്ദേഹത്തിന്‍റെ പിതാവ് സാംസനാണെന്നായിരുന്നു ബിസിസിഐയുടെ കണ്ടെത്തല്‍. ഡ്രസിംഗ് റൂമില്‍ ബാറ്റ് വലിച്ചെറിയുകയും ടീം മാനെജരോട് പറയാതെ കളി നടക്കുമ്പോള്‍ കളിക്കളം വിട്ട് പുറത്ത് പോകുകയും ചെയ്ത അപക്വമായ പെരുമാറ്റങ്ങള്‍ സഞ്ജുവില്‍ നിന്നുണ്ടായത് ബി സി സി ഐ പൊറുത്തത് ആ ചെറുപ്പക്കാരനില്‍ ഭാവിയുണ്ടെന്ന തിരിച്ചറിവില്‍ തന്നെയായിരുന്നു.

അപ്പോള്‍ പിന്നെ സഞ്ജുവിന്റെ പ്രശ്നങ്ങള്‍ എന്തെന്ന് അധികൃതര്‍ തിരക്കി. അതായിരുന്നു സാംസണിന്‍റെ ചില ഉപദേശങ്ങളും ഇടപെടലുകളും. അങ്ങനെ കളി നടക്കുമ്പോള്‍ സാംസന്‍റെ സാന്നിധ്യം കളിക്കളത്തില്‍ ഉണ്ടാകരുതെന്ന വിലക്കോടെയായിരുന്നു സഞ്ജുവിന്റെ വിലക്ക് നീക്കിയത്. എന്നാല്‍ ഇതേ സാംസനാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ വരെയെത്തിച്ചതെന്നും മറന്നുകൂടാ.

×