Advertisment

ശ്രീദേവിയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തും; പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചു

author-image
ഫിലിം ഡസ്ക്
New Update

ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും. മൃതദേഹം വിട്ടുകൊടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ലഭിച്ചു. അനുമതി പത്രം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉടന്‍ കൈപറ്റും. മൃതദേഹം കൊണ്ടുവരാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായി.

Advertisment

അതേസമയം, നടിയുടെ മരണത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ വീണ്ടും ചോദ്യം ചെയ്തു. മൂന്നാം തവണയാണ് ഭര്‍ത്താവിനെ ചോദ്യം ചെയ്തത്. ബോണി കപൂറിന്റെ ബന്ധുക്കളെയും ദുബൈ പൊലീസ് ചോദ്യം ചെയ്തു.

publive-image

നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നു ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ മുറിവ് എങ്ങനെയുണ്ടായെന്നു പരിശോധിക്കുകയാണ് പ്രോസിക്യൂഷന്‍. വീഴ്ചയില്‍ ഉണ്ടായതാണോയെന്നും പരിശോധിക്കുന്നുണ്ട്.

റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പോലീസ് അനുവദിച്ചു.ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ ലഹരിയില്‍ കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണതാകാം എന്നാണ് സംശയിക്കുന്നത്.

ബാത്ത് ടബ്ബില്‍ വീണു കിടന്ന ശ്രീദേവിയെ ബോണി കപൂറാണ് പുറത്തെടുത്തത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ ശ്രീദേവിയുടെ മരണം സംഭവിച്ചിരുന്നു. ശ്രീദേവി മരിച്ചത് ഹൃദയാഘാതം കാരണമാണെന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ പാടേ തള്ളിക്കൊണ്ടാണ് മരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതുകൊണ്ടാണെന്ന ഫോറന്‍സിക് പരിശോധനാഫലം പുറത്തു വന്നത്.

ശനിയാഴ്ച രാത്രി 11.30 നാണ് ദുബൈയില്‍ നിന്ന് ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവരുന്നത്. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനായിരുന്നു ശ്രീദേവി കുടുംബസമേതം യു.എ.ഇയിലെ റാസല്‍ഖൈമയിലെത്തിയത്.

Advertisment