രാഷ്ട്രീയത്തിനുമേല്‍ സോഷ്യല്‍ മീഡിയ മുന്നേറ്റം കേരളത്തിലും യാഥാര്‍ത്ഥ്യമായി : വലിയ ഫ്ലക്സ് ബോര്‍ഡുകളോ ബാനറുകളോ ഇല്ലാതെ സംഘടിപ്പിക്കാന്‍ നേത്രുനിരയില്ലാതെ സോഷ്യല്‍ മീഡിയ ആഹ്വാനത്തില്‍മാത്രം ശ്രീജിത്തിനു നീതി തേടി തടിച്ചു കൂടിയത് ആയിരങ്ങള്‍. രാഷ്ട്രീയ നേതൃത്വങ്ങളുടെ നെഞ്ചിടിപ്പ് കൂടി. പറഞ്ഞാല്‍ കേള്‍ക്കാത്ത രാഷ്ട്രീയക്കാരെ തിരുത്താന്‍ ഞങ്ങള്‍ തയ്യാറായി എന്ന മുന്നറിയിപ്പ്. പാര്‍ട്ടിക്കാര്‍ ജാഗ്രതൈ !

ജോബി ജോസഫ്
Sunday, January 14, 2018

തിരുവനന്തപുരം : ലക്ഷങ്ങള്‍ മുടക്കിയുള്ള മുന്നൊരുക്കങ്ങള്‍ ഇല്ലാതെ, വലിയ ഫ്ലക്സ് ബോര്‍ഡുകളോ ബാനറുകളോ ഇല്ലാതെ സംഘടിപ്പിക്കാന്‍ കൃത്യമായ ഒരു നേത്രുനിരയില്ലാതെയാണ് ആയിരകണക്കിനാളുകള്‍ ശ്രീജിത്തിന്‍റെ സമരത്തിനു പിന്തുണ അറിയിച്ച് ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ തടിച്ചു കൂടിയത്.

ഡല്‍ഹിയില്‍ അഴിമതിക്കെതിരെയും നിര്‍ഭയക്കെതിരെ നടന്ന പീഡനത്തിനെതിരെയും സോഷ്യല്‍ മീഡിയ വഴി ആളുകളെ ആഹ്വാനം ചെയ്യാന്‍ ഒരു അണ്ണാ ഹസാരെയോ അരവിന്ദ് കേജരിവാളോ ഉണ്ടായിരുന്നെങ്കില്‍ തിരുവനന്തപുരത്ത് അങ്ങനൊരു നേതാവ് പോലും ഇല്ലാതെയാണ് ആയിരകണക്കിന് ആളുകള്‍ ഒത്തുകൂടിയത് .

അവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു, ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു, വികലാംഗര്‍ ഉണ്ടായിരുന്നു, പ്രായമേറിയവരും ഉണ്ടായിരുന്നു. ഇതു കേരള ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. എന്നാല്‍ ഇത് കേരള ചരിത്രത്തില്‍ വലിയ മാറ്റത്തിനുള്ള ആദ്യ മുന്നേറ്റവുമാണ്.

ഇന്ന് കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങള്‍ നെഞ്ചിടിപ്പോടെ ചര്‍ച്ച ചെയ്യുന്ന ഏറ്റവും പ്രധാന മുന്നേറ്റമാണ് സോഷ്യല്‍ മീഡിയയുടെ ഈ വന്‍ ശക്തി . ഇനി രാഷ്ട്രീയക്കാരുടെ പിണയാളുകളായി അവരുടെ താളത്തിനൊത്ത് തുളളാനും അവര്‍ പറയുന്നതൊക്കെ അപ്പാടെ വിഴുങ്ങാനും ആളുകളെ കിട്ടും എന്ന്‍ നേതാക്കള്‍ കരുതിയാല്‍ അവര്‍ക്ക് തെറ്റുന്ന കാലം വിദൂരമായിരിക്കില്ല .

പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പത്തരയോടെ ആളുകള്‍ തടിച്ചു കൂടിയത് വാഹനങ്ങളും കൂലിയും പൊതിയും കൈമണിയും ഇല്ലാതെയാണ് . പാളയം മുസ്ലിം പള്ളിക്കും കന്നിമര മാർക്കറ്റിനും സമീപം നിലയുറപ്പിച്ചവര്‍ സ്വയം അച്ചടക്കമുള്ളവരായി കൃത്യം 11ന് ജാഥ പുറപ്പെട്ടപ്പോൾ വരിവരിയായി അണിനിരന്നു .

ഒന്നിനു പിന്നാലെ ഒന്നായി അണി ചേർന്നത് ആയിരങ്ങളാണ് . എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചിരുന്നത് ജസ്റ്റിസ് ഫോർ ശ്രീജിത് എന്നു മാത്രമായിരുന്നു. എല്ലാവരുടെയും കൈയിലെ പ്ലക്കാർഡുകളിൽ ശ്രീജിത്തിന്റെയും ശ്രീജീവിന്റെയും ചിത്രങ്ങൾ മാത്രമായിരുന്നു.

എല്ലാവരുടെയും തലയിൽ ചുറ്റിയിരുന്ന റിബണുകളിലും അതുതന്നെ . നീതിക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് മുഴങ്ങിയതെല്ലാം . റാലിയുടെ ഒരു വശം സെക്രട്ടറിയേറ്റിനു മുമ്പിൽ ശ്രീജിത്തിന്റെ സമരപന്തലിൽ എത്തിയപ്പോഴും അങ്ങേത്തല രക്തസാക്ഷി മണ്ഡപത്തിൽ നിന്നും റോഡിൽ ഇറങ്ങി പൂർത്തിയായി കഴിഞ്ഞിരുന്നില്ല.

പെട്ടെന്ന് അവിടം ജനസാഗരമായി മാറി . രാഷ്ട്രീയക്കാര്‍ നോട്ടീസും ചെല്ലും ചെലവും നല്‍കി വിളിച്ചുകൂട്ടുന്ന സെക്രട്ടറിയേറ്റ് വളയല്‍ പോലായിരുന്നില്ല ജനം സോഷ്യല്‍ മീഡിയ വഴി ഒത്തുകൂടിയത് . ഇതൊരു മുന്നറിയിപ്പാണ് .

ജനങ്ങളുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കും എന്ന്‍ പാര്‍ട്ടിക്കാരോ അവരുടെ സംഘടനകളോ സര്‍ക്കാര്‍ പോലുമോ തീരുമാനിച്ചാലും തിരുത്തിക്കാന്‍ ഞങ്ങളുണ്ടാകും എന്ന താക്കീത് കൂടിയാണിത് . ഇനി സോഷ്യല്‍ മീഡിയ തീരുമാനിക്കും കാര്യങ്ങള്‍ എന്ന മുന്നറിയിപ്പ് .

×