Advertisment

ബോണി കപൂറും മകളും മുംബൈയിലേക്ക് മടങ്ങിയിട്ടും ശ്രീദേവി ദുബൈയില്‍ തുടര്‍ന്നത് സഹോദരിക്കൊപ്പം സമയം ചെലവിടാന്‍; മരണം സംഭവിച്ചത് ആഘോഷത്തിന്റെ നാല് ദിവസങ്ങള്‍ക്ക് ശേഷം

author-image
ഫിലിം ഡസ്ക്
New Update

ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകുമെന്ന് സൂചന. അപകടമരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. അതിനിടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കേസ് കൈകാര്യം ചെയ്യുന്ന ബര്‍ ദുബായ് പൊലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍.

Advertisment

publive-image

ശ്രീദേവിയുടേത് അപകട മരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബൈ പൊലീസ് കൈമാറുകയുള്ളൂ. പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനാണ് ഇപ്പോഴത്തെ ശ്രമം. അങ്ങനെയെങ്കില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ടോടെ മുംബൈയിലേക്കു കൊണ്ടുപോകാം. എന്നാല്‍ ശ്രീദേവിയുടെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്നു പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും.

ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തത തുടരുന്ന സാഹചര്യത്തില്‍ കൂടിയാണു ഭര്‍ത്താവ് ബോണി കപൂറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്ക് തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി ചോദിച്ചു മനസിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പൊലീസ് അനുവദിച്ചു. ശ്രീദേവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നീളുകയാണെങ്കില്‍ അത് അവസാനിക്കുന്നതുവരെ ബോണി കപൂര്‍ യുഎഇയില്‍ തുടരേണ്ടി വരുമെന്നാണു സൂചന.

ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും മുംബൈയിലേക്ക് മടങ്ങിയശേഷവും ശ്രീദേവി ദുബൈയില്‍ തന്നെ തങ്ങുകയായിരുന്നു. സഹോദരി ശ്രീലതയ്‌ക്കൊപ്പം സമയം ചെലവിടാനാണ് ശ്രീദേവി ദുബൈയില്‍ തുടര്‍ന്നതെന്നാണ് വിവരം. ശ്രീലതയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തുവെന്നും ബോണി കപൂറും ശ്രീദേവിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് അവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന്, കൂട്ടിമുട്ടിയാല്‍പ്പോലും മിണ്ടാതിരിക്കുമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ സഹോദരിമാരുടെ ജീവിതത്തില്‍. പിന്നെ ബോണി കപൂര്‍ ഇടപെട്ടാണു ബന്ധം പുനഃസ്ഥാപിച്ചത്. ശ്രീദേവിക്കു പത്മശ്രീ ലഭിച്ചപ്പോള്‍ ചെന്നൈയില്‍ ശ്രീലതയും വിരുന്നൊരുക്കിയിരുന്നു. ശ്രീദേവി ഇന്ത്യയുടെ ഹൃദയം കവര്‍ന്ന താരറാണിയായതിനു പിന്നില്‍ ശ്രീലതയ്ക്കും പങ്കുണ്ടെന്നു പറയാം. വീഡിയോ ക്യാമറയുമായി പിന്നാലെ കൂടി നടിയുടെ നൃത്തരംഗങ്ങള്‍ പകര്‍ത്തുകയും രാത്രിയില്‍ ഉറക്കമൊഴിച്ചിരുന്ന് അതു വീണ്ടും കണ്ടു തെറ്റുകുറ്റങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നതു സഹോദരിമാരുടെ പതിവായിരുന്നു. സഹോദരിയില്ലാതെ ശ്രീദേവിയെന്ന വ്യക്തിയില്ലെന്നും നടി പറഞ്ഞിട്ടുണ്ട്.

Advertisment