Advertisment

വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു; ഭൂവുടമയെ കണ്ടിട്ടില്ലെന്ന് ദിവ്യ എസ്.അയ്യര്‍

New Update

തിരുവനന്തപുരം: വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വി.ജോയ് എംഎല്‍എയുടെ പരാതിയിലാണു നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്. കമ്മീഷണര്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതുവരെയാണ് സ്റ്റേ. അതേസമയം വര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്കു ഭൂമി നല്‍കിയെന്ന വിവാദത്തില്‍ നടപടിയെടുത്തത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നു തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഭൂവുടമയെ നേരിട്ടു കണ്ടിട്ടില്ലെന്നും പരാതിയുള്ളവര്‍ക്കു ലാന്‍ഡ് റവന്യു കമ്മീഷണറെ സമീപിക്കാമെന്നും അവര്‍ പറഞ്ഞു.

Advertisment

publive-image

റവന്യൂ വകുപ്പ് ഏറ്റെടുത്ത 27 സെന്റ് കയ്യേറ്റ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയ നടപടിയാണ് വിവാദമായത്. വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോടികളുടെ സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരീനാഥ് എം.എല്‍.എയുടെ കുടുംബസുഹൃത്തിന് ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുത്തത് എന്നാണ് ആരോപണം.

സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19 നാണ് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തത്. വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു.

Advertisment