Advertisment

നരച്ച മീശ മുറിച്ചത് ശരിയായില്ല, എആര്‍ ക്യാമ്പിലെ ബാര്‍ബറെ ചീത്തപറഞ്ഞ് ഓടിച്ചു ; പകരം ഡിഎസ് സി യിലെ ബാര്‍ബറെ കണ്ണൂരില്‍ നിന്നും വരുത്തി ; ക്യാമ്പ് ഫോളോവേഴ്‌സിനെ ഇപ്പോഴും കോഴിക്കോട്ടെ ഉന്നതര്‍ അടുക്കളപ്പണി മുതല്‍ കക്കൂസ് കഴുകല്‍ വരെ ഏല്‍പ്പിക്കുന്നതായി റിപ്പോര്‍ട്ട്

New Update

കോഴിക്കോട്: ഉന്നതന്മാരുടെ വീട്ടിലെ ദാസ്യവേലകള്‍ ചെയ്യിക്കാന്‍ പോലിസുകാരെയും ക്യാമ്പ് ഫോളോവേഴ്‌സിനെയും ഉപയോഗിക്കുന്നെന്ന വിവാദം കൊഴുക്കുന്നു. വിവാദം വിളിച്ചു വരുത്തിയ സുധേഷ്‌കുമാര്‍ എആര്‍ ക്യാമ്പിലെ ബാര്‍ബര്‍ നരച്ച മീശ വെട്ടിയത് ശരിയായില്ല എന്നു പറഞ്ഞ് കണ്ണൂര്‍ ഡി എസ് സിയില്‍ നിന്നും ബാര്‍ബറെ വിളിച്ചു വരുത്തിയതായി റിപ്പോര്‍ട്ട്. പോലീസിലെ ദാസ്യപ്പണി മാധ്യമങ്ങള്‍ വന്‍ ചര്‍ച്ചയാക്കുമ്പോള്‍ ക്യാമ്പ് ഫോളോവേഴ്‌സിനെ ഇപ്പോഴും കോഴിക്കോട്ടെ ഉന്നതര്‍ അടുക്കളപ്പണി മുതല്‍ കക്കൂസ് കഴുകല്‍ വരെ ഏല്‍പ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ഉത്തരമേഖലാ എഡിജിപി ആയിരിക്കുമ്പോഴാണ് മുടിവെട്ടാന്‍ പോലീസ് ബാര്‍ബറെ കണ്ണൂരില്‍ നിന്നും പ്രത്യേകമായി പോലീസ് വാഹനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. കോഴിക്കോട്ട് എആര്‍ ക്യാമ്പിലെ ബാര്‍ബര്‍ നരച്ചമീശ വെട്ടിയത് ശരിയായില്ല എന്ന് പറഞ്ഞ് അയാളെ ചീത്ത വിളിച്ച് ഓടിക്കുകയായിരുന്നു. പിന്നീട് കണ്ണൂര്‍ റേഞ്ച് ഐജിയെ വിളിച്ച് ഡിഎസ് സി യിലെ ബാര്‍ബറെ ആവശ്യപ്പെട്ടു. ഐജി കണ്ണൂര്‍ എസ്പിയോട് വിവരം പറയുകയും ഉടന്‍ ബാര്‍ബറെ ഏര്‍പ്പാടാക്കുകയും ആയിരുന്നു. മാഹി പാലം വരെ കണ്ണൂര്‍ ഹൈവേ പോലീസാണ് കൊണ്ടു വിട്ടത്. അവിടെ നിന്നും വടകര ഹൈവേ പോലീസിന്റെ വാഹനത്തിലും ഒടുവില്‍ സിറ്റി ഹൈവേ പോലീസുമാണ് മലാപ്പറമ്പിലെ വീട്ടിലേക്ക് കൊണ്ടുവന്നത്.

ഇതേ രീതിയില്‍ തിരിച്ചു കൊണ്ടു വിടുകയും ചെയ്തു. വടകര റൂറല്‍ എസ്പി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരെല്ലാമായിരുന്നു ബാര്‍ബറെ കൊണ്ടുവരാന്‍ ഹൈവേ പോലീസിന്റെ വാഹനം ഏര്‍പ്പാടാക്കിയത്. ഡിജിപി തിരിച്ചു വിളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷന്‍ ശക്തമായി രംഗത്ത് വന്നിട്ടും ഇപ്പോഴും കോഴിക്കോട്ടെ ജില്ലാ പോലീസ് മേധാവി കീഴിലെ പോലീസുകാരെ ദാസ്യപ്പണി ചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

മലാപ്പറമ്പിലെ ക്യാമ്പ് ഹൗസില്‍ അടുക്കളപ്പണി മുതല്‍ ക്യാമ്പ്ഹൗസ് അറ്റകുറ്റപ്പണി, തോട്ടത്തിലെ പണി വരെ ചെയ്യിക്കുന്നത് സ്വന്തം സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന പോലീസുകാരെ കൊണ്ടാണെന്ന് ആരോപണമുണ്ട്. ജമ്മു കശ്മീര്‍ കേഡറായ ജില്ലാ പോലീസ് മേധാവിക്ക് സുരക്ഷയ്ക്കായി മാത്രം 12 പോലീസുകാരുണ്ടെന്നും ഫോണ്‍ എടുക്കാന്‍ തന്നെ രണ്ടു പേരും ക്യാമ്പ് ഹൗസിന് നാലു പേരുമുണ്ടെന്നും പറയുന്നു.

ഞായറാഴ്ച എ ആര്‍ ക്യാമ്പിലേക്ക് തിരികെയെത്താന്‍ നിര്‍ദേശം കിട്ടിയിട്ടും ഇവര്‍ക്ക് ദാസ്യപ്പണി തുടരേണ്ട ഗതികേടിലാണ് പോലീസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷണറുടെ വീട്ടില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് പോലീസുകാര്‍ അറിയിച്ചിട്ടും ക്യാമ്പിലേക്ക് മടങ്ങണമെന്ന് പറഞ്ഞവരോട് ഓഫീസിലേക്ക് വരാന്‍ പറയാനായിരുന്നു നിര്‍ദേശം. നാലു പേരെയേ ഒപ്പം വെയ്ക്കാവൂ എന്ന നിര്‍ദേശം നില നില്‍ക്കുമ്പോള്‍ ഒരു പടയെയാണ് പോലീസ് മേധാവി ഒപ്പം കൂട്ടിയിരിക്കുന്നത് എന്നാണ് വിവരം.

Advertisment