Advertisment

പന്തിന്റെ സെഞ്ചുറിക്കും ഹൈദരാബാദിനെ കീഴടക്കാനായില്ല; ഒമ്പതാം വിജയം

New Update

IPL Highlight, DD vs SRH: Williamson, Dhawan Help SRH Beat DD By 9 Wickets

Advertisment

 

ഫിറോസ് ഷാ കോട്‌ല മൈതാനത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഋഷഭ് പന്ത് സെഞ്ചുറി നേടി തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 187/5 എന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ശിഖര്‍ ധവാനും വില്യംസണും കളംനിറഞ്ഞാടിയപ്പോള്‍ 18.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്‌സ് വിജയലക്ഷ്യം മറികടന്നു.

ഡല്‍ഹി ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കത്തില്‍ മാത്രമാണ് പിഴച്ചത്. 14 റണ്‍സെടുത്ത അലക്‌സ് ഹെയ്ല്‍സ് രണ്ടാം ഓവറില്‍ മടങ്ങി. എന്നാല്‍ ഫോമിലേക്ക് തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ കൂട്ടു പിടിച്ച് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പ്രതിരോധത്തിലേക്ക് വലിയാതെ ഇരുവരും ഡല്‍ഹി ബോളര്‍മാരെ അക്രമിച്ച് കളിച്ചു. അതോടെ അവര്‍ അനായാസം വിജയത്തിലെത്തുകയും ചെയ്തു. 50 പന്തില്‍ 92 റണ്‍സെടുത്ത് ധവാനും 53 പന്തില്‍ 83 റണ്‍സെടുത്ത് വില്യംസണും പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ പ്രിത്വി ഷാ (9), ജേസണ്‍ റോയ് (11) എന്നിവരെ നാലാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ ഷാക്കിബ് അല്‍ഹസന്‍ പുറത്താക്കി. ശ്രേയസ്സ് അയ്യരും ഹര്‍ഷല്‍ പട്ടേലും റണ്ണൗട്ടാവുകയും ചെയ്തതോടെ ഡല്‍ഹി പരുങ്ങലിലായി. എന്നാല്‍ മറുവശത്ത് ഋഷഭ് പന്തിന്റെ താണ്ഡവം തുടങ്ങിയതോടെ ലീഗിലെ അവസാന സ്ഥാനക്കാര്‍ക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. 63 പന്തില്‍ 15 ബൗണ്ടറികളും 7 സിക്‌സുകളും സഹിതം 128 റണ്‍സാണ് പന്ത് നേടിയത്. 56 പന്തുകളില്‍ നിന്നായിരുന്നു ഡല്‍ഹി താരം തന്റെ ആദ്യ ഐ പി എല്‍ സെഞ്ചുറി കുറിച്ചത്.

Advertisment