Advertisment

അഞ്ചാം തവണ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കാനാകില്ല; കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

New Update

ദില്ലി: പുതിയ ഹജ്ജ് നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അഞ്ചാം തവണ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Advertisment

publive-image

നാല് തവണ ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പഴയ ഹജ്ജ് നയപ്രകാരം അറുപത്തി അഞ്ചിനും എഴുപതിനും ഇടയില്‍ പ്രായം ഉള്ളവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന നല്‍കിയിരുന്നു. ഈ വ്യവസ്ഥ പുനഃസ്ഥാപിക്കണം എന്ന കേരളഹജ്ജ് കമ്മിറ്റിയുടെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു.

ഈ വര്‍ഷം 15,951 സീറ്റുകള്‍ അധികമായി വന്നു. അഞ്ചാം തവണ അപേക്ഷിച്ചവര്‍ക്ക് പ്രത്യേക ആനുകൂല്യം ഇല്ലാത്തതിനാല്‍, ഈ സീറ്റുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ച് നല്‍കാന്‍ സാധിക്കും. നാലാം തവണയും അഞ്ചാം തവണയും അപേക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ സാധ്യത ഉള്ളതിനാല്‍, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഈ വിഭാഗത്തില്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന മുന്‍ഗണന തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം കേരളത്തിന് ഗുണം ചെയ്തതായും സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് മെഹറം നിര്‍ബന്ധമല്ലെന്ന വ്യവസ്ഥയും കേരളത്തിന് ഗുണം ചെയ്തതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment