Advertisment

സിറോ മലബാര്‍ സഭയുടെ വിരട്ടല്‍ ഏറ്റു ! മുന്നാക്ക സംവരണത്തില്‍ പരസ്യമായ എതിര്‍പ്പുയര്‍ത്തില്ലെന്നു മുസ്ലീംലീഗിന്‍റെ ഉറപ്പ്. കോണ്‍ഗ്രസിന്റേതായ നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമ്പോള്‍ ലീഗ് നിലപാടിലും മാറ്റില്ല. പരസ്പ്പരം കുറ്റപ്പെടുത്തില്ലെന്നും ധാരണ. മുന്നാക്ക സംവരണ വിവാദം തല്‍ക്കാലം ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ കോണ്‍ഗ്രസ്

New Update

publive-image

Advertisment

തിരുവനന്തപുരം: സിറോ മലബാര്‍ സഭയുടെ വിമര്‍ശനം ഏറ്റു. മുന്നാക്ക സംവരണത്തിനെതിരായ നിലപാടില്‍ പരസ്യമായ കുറ്റപ്പെടുത്തല്‍ ഉണ്ടാകില്ലെന്നു മുസ്ലീംലീഗ് നേതൃത്വം കോണ്‍ഗ്രസിന് ഉറപ്പു നല്‍കി.

വിഷയം വലുതാക്കി നിലവിലെ അനുകൂല സാഹചര്യം ഇല്ലാതാക്കി വിജയസാധ്യത കളഞ്ഞു കുളിക്കരുതെന്നാണ് ഇരുകക്ഷികളും തമ്മില്‍ ധാരണയായിട്ടുണ്ട്.

മുന്നാക്ക സംവരണ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോഴും തര്‍ക്കങ്ങളില്ലാതെ മുന്നോട്ട് പോകും.

പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാവില്ലെന്നും നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇരു വിഭാഗത്തെയും നേതാക്കള്‍ ഫോണിലൂടെയാണ് ആശയവിനിമയം നടത്തിയത്.

മുന്നാക്ക സംവരണത്തെ അനുകൂലിക്കുകയാണെന്ന നിലപാട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ലീഗ് നേതാക്കള്‍ ആശയവിനിമയം നടത്തിയിരുന്നു.

കോണ്‍ഗ്രസെടുത്ത തീരുമാനത്തില്‍ പ്രതിഷേധമുണ്ടങ്കിലും സ്വന്തം നിലപാട് സ്വീകരിക്കാനുള്ള അവകാശം അവര്‍ക്കുണ്ടന്ന പൊതു തീരുമാനത്തില്‍ ലീഗ് എത്തുകയായിരുന്നു.

നേരത്തെ മുന്നണിയില്‍ ആലോചിക്കും മുമ്പ് ലീഗ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

ലീഗിന് വേണ്ടി പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളുള്ള മുന്നാക്ക സമുദായങ്ങളെ പിണക്കേണ്ടതില്ലെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച നടന്നു.

രാഷ്ട്രീയകാര്യ സമിതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലീഗിനെ ന്യായീകരിക്കാന്‍ ചില നീക്കം നടത്തിയെങ്കിലും ഫലപ്രദമായില്ല.

നേരത്തെ മുന്നാക്ക സംവരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച മുസ്ലീംലീഗിനെതിരെ സിറോമലബാര്‍ സഭ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ലീഗിന്റെ വര്‍ഗീയത മറനീക്കി പുറത്തുവരുന്നതാണ് എതിര്‍പ്പിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞത്.

അഭിപ്രായം പറയുന്നതിന് പോലും സ്വാതന്ത്ര്യമില്ലാത്ത വിധം യുഡിഎഫ് ദുര്‍ബലപ്പെട്ടെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിരുന്നു.

ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം അപകടം മണത്തത്. പിന്നീട് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്നും മുന്നാക്ക സംവരണം വേണമെന്നും പാര്‍ട്ടി നിലപാട് വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം ലീഗ് നേതൃത്വത്തെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.

വിഷയത്തില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റേതായ നിലപാടും ലീഗിന് ലീഗിന്റേതായ നിലപാടും സ്വീകരിക്കാന്‍ അവകാശമുണ്ടന്ന തരത്തിലാകും മാധ്യമങ്ങളോട് അടക്കം ഇക്കാര്യം വിശദീകരിക്കുക.

2011ലെ യുഡിഎഫ് പ്രകടന പത്രികയില്‍ സാമ്പത്തിക സംവരണം നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നുവെന്ന കാര്യം ഉയര്‍ത്തിയാകും കോണ്‍ഗ്രസ് പ്രതിരോധം. പരസ്പരം കുറ്റപ്പെടുത്തരുതെന്ന ധാരണയുള്ളപ്പോഴും രണ്ട് പാര്‍ട്ടികളും അവരവരുടെ നിലപാടില്‍ ഉറച്ച് നില്‍ക്കും.

syro malabar sabha
Advertisment