Advertisment

യുവതാരം ആള്‍മാറാട്ടം നടത്തിയെന്ന് ആരോപണം; മുംബൈ ടി 20 ലീഗില്‍ വന്‍ വിവാദം

New Update

മുംബൈ ടി20 ലീഗില്‍ നോര്‍ത്ത് മുംബൈ പാന്ഥേഴ്സ് താരം അക്തര്‍ ഷെയ്ഖിനെതിരെ ആള്‍മാറാട്ടം നടത്തിയെന്ന ആരോപണം. മാര്‍ച്ച് 11ന് തുടങ്ങിയ ലീഗില്‍ വന്‍ വിവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ നടന്ന രാജ്വാഡ ടി20 ലീഗില്‍ വസീം ഖാന്‍ എന്ന പേരില്‍ താരം കളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മിഡ് ഡേയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിസിസിഐ രാജ്വാഡ ലീഗ് നിരോധിക്കുകയും ചെയ്തിരുന്നു.

Advertisment

publive-image

അഴിമതി വിരുദ്ധ സമിതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബിസിസിഐ രാജ്വാഡ ടി20 ലീഗ് നിരോധിച്ചത്. ആരോപണങ്ങളെ ഷെയ്ഖ് നിഷേധിച്ചുവെങ്കിലും രാജസ്ഥാനില്‍ നടന്ന ലീഗുമായി ബന്ധപ്പെട്ട് താരം അവാര്‍ഡ് വാങ്ങുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷെയ്ഖ്, രാജസ്ഥാന്‍ ലീഗില്‍ ബികാനെര്‍ ഡെസേര്‍ട്ട് ചലഞ്ചേഴ്സിന് വേണ്ടി കളിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലീഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചതെന്നും മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസയമം അക്തര്‍ ഷെയ്ഖ് ഇക്കാര്യം നിഷേധിച്ചതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഉന്മേഷ് ഖാന്‍വില്‍ക്കാര്‍ പറഞ്ഞു. ടീമും തങ്ങളുടെ നിലപാട് വ്യക്തമാക്കയിട്ടുണ്ട്. ‘ ഞങ്ങള്‍ ലേലത്തിനായി ലഭിച്ച ലിസ്റ്റില്‍ നിന്നാണ് താരങ്ങളെ എടുത്തത്, മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളാണ് ലേലത്തിനെത്തിയത്. ഞങ്ങള്‍ക്ക് ഒരു ഓള്‍ റൗണ്ടറെ ആവശ്യമായിരുന്നു, അത് കൊണ്ടാണ് അക്തര്‍ ഷെയ്ഖിനെ ടീമിലെടുത്തത്, താരങ്ങളുടെ പഴയകാലത്തെ കുറിച്ച് അറിവില്ലെന്നും’ നോര്‍ത്ത് മുംബൈ ടീം മാനേജര്‍ ദത്ത മിറ്റ്ഭാവ്കര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് മുബൈ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisment