Advertisment

അതൊരു മോശം സ്‌കോറായിരുന്നു; ലങ്കയിലെ തകര്‍ച്ചയെക്കുറിച്ച് രോഹിത് ശര്‍മ്മ

New Update

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി 20 യില്‍ ആദ്യ മല്‍സരത്തില്‍ തന്നെ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക കരുത്ത് തെളിയിച്ചിരിക്കുകയാണ്. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം ലങ്ക അനായാസം പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു.

Advertisment

publive-image

ഓപ്പണര്‍ ശിഖര്‍ ധവാന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അതേസമയം, നായകന്‍ രോഹിത് ശര്‍മ്മയുടേയും സുരേഷ് റെയ്‌നയുടേയും വിക്കറ്റുകള്‍ നേരത്തെ നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. ഇന്ത്യയുടെ ബോളിങ് നിരയെ വളരെ അനായാസമായിട്ടായിരുന്നു ലങ്കന്‍ താരങ്ങള്‍ നേരിട്ടത്. കുസാല്‍ പെരേരയായിരുന്നു ലങ്കന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

അപ്രതീക്ഷിത തോല്‍വിയെ കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. ‘അതൊരു മോശം സ്‌കോറായിരുന്നു. പ്രതിരോധിക്കാന്‍ പറ്റുന്നതായിരുന്നുവെങ്കിലും. അവസാന ഓവറുകളില്‍ കുറച്ചു കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യാമായിരുന്നു. നല്ല വിക്കറ്റായിരുന്നു. അവര്‍ക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ശ്രീലങ്ക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ചും അവരുടെ ബാറ്റിങ്ങിന്. തെറ്റുകളില്‍ നിന്നും ഞങ്ങള്‍ പാഠം ഉള്‍ക്കൊള്ളും.’

അതേസമയം, ഇന്ത്യയുടെ ബോളിങ് ലൈനപ്പില്‍ മതിയായ അനുഭവസമ്പത്തുണ്ടെന്നും ഇതുപോലുള്ള സാഹചര്യങ്ങള്‍ മുമ്പും നേരിട്ടുണ്ടെന്നും രോഹിത് പറയുന്നു. ഇതുപോലുള്ള വിക്കറ്റില്‍ ബാറ്റിങ് കൂടുതല്‍ മികച്ചതായിരിക്കണമെന്ന് അഭിപ്രായപ്പെട്ട താരം ഇന്ത്യന്‍ ടീം വളരെ സന്തുലിതമാണെന്നും ടീം തിരിച്ചു വരുമെന്നും വ്യക്തമാക്കി.

Advertisment