സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവ് പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, April 30, 2018

ചെന്നൈ: സംസാരിക്കാന്‍ വിസ്സമ്മതിച്ചതിന് തമിഴ്‌നാട്ടിലെ കടല്ലൂരില്‍ യുവാവ് പട്ടാപ്പകല്‍ വിദ്യാര്‍ഥിനിയുടെ കഴുത്തറുത്തു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരമാണ്. യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.

കടല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ശില്‍പയ്ക്കാണ് കഴുത്തിന് മുറിവേറ്റത്. കോളേജില്‍ നിന്ന് തിരികെ വരുംവഴി തന്നെ പിന്തുടര്‍ന്ന യുവാവുമായി ശില്‍പ വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.

വഴക്ക് മൂര്‍ഛിച്ചതോടെ യുവാവ് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ശില്‍പയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ജനത്തിരക്കുള്ള സ്ഥലത്താണ് സംഭവം നടന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ ശില്‍പയെ ആശുപത്രിയിലെത്തിച്ചു. യുവാവിനെ പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പോലീസിലേല്‍പ്പിക്കുകയും ചെയ്തു.

നന്ദകുമാര്‍ എന്ന യുവാവുമായി ശില്‍പയ്ക്ക് മുന്‍പരിചയമുണ്ടായിരുന്നതായാണ് വിവരം. ഇരുവരും തമ്മില്‍ കുറച്ചുകാലമായി അകല്‍ച്ചയിലാവുകയും നന്ദകുമാറിനോട് സംസാരിക്കാന്‍ ശില്‍പ താത്പര്യം കാട്ടാതിരിക്കുകയും ചെയ്തു. ഇതാണ് നന്ദകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ഒരുമാസം മുമ്പ് ചെന്നൈയില്‍ സമാനരീതിയിലുള്ള ആക്രമണത്തിന് വിധേയയായി അശ്വിനി എന്ന ബികോം വിദ്യാര്‍ഥിനി മരിച്ചിരുന്നു. അഴകേശന്‍ എന്നയാളായിരുന്നു അന്ന് അശ്വിനിയെ കൊലപ്പെടുത്തിയത്.

അശ്വിനി ഇയാള്‍ക്കെതിരെ പലതവണ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കാഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

2016ല്‍ സ്വാതി എന്ന യുവതിയെ റെയില്‍വേസ്റ്റേഷനില്‍ വച്ച് രമേഷ്‌കുമാര്‍ എന്നയാള്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതും വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു.

×