Advertisment

പാര്‍ട്ടി ചിഹ്നത്തോട് പ്രിയമില്ലാതെ തൊടുപുഴയിലെ സഖാക്കള്‍ ! തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ മത്സരിക്കുന്ന 22 സിപിഎം സ്ഥാനാര്‍ത്ഥികളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് ഒരാള്‍ മാത്രം ! കളമശേരി, ഏലൂര്‍ നഗരസഭകളിലും സ്ഥിതി സമാനം. ഇടുക്കിയില്‍ ജോസ് കെ മാണി വിഭാഗത്തിലെ ചില സ്ഥാനാര്‍ഥികളും മത്സരിക്കുന്നത് രണ്ടില ഒഴിവാക്കി. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നത് അടവുനയമെന്ന വാദമുയര്‍ത്തി പാര്‍ട്ടികളും മുന്നണികളും !

New Update

ഇടുക്കി: തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ മടി ! പാര്‍ട്ടി അംഗങ്ങളായ സ്ഥാനാര്‍ത്ഥികള്‍ പോലും സ്വതന്ത്ര ചിഹ്നത്തിലാണ് തൊടുപുഴയില്‍ മത്സരിക്കുന്നത്. സിപിഎമ്മിന്റെ ചിഹ്നത്തില്‍ മത്സരിച്ചാല്‍ അതു വോട്ടു നഷ്ടത്തിന് കാരണമാകുമോയെന്ന ഭയത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ ഈ തീരുമാനം.

Advertisment

publive-image

35 വാര്‍ഡുള്ള തൊടുപുഴ നഗരസഭയില്‍ 22 ഇടങ്ങളിലാണ് സിപിഎം നേരിട്ട് മത്സരിക്കുന്നത്. ഇതില്‍ 21 ഇടത്തും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് സിപിഎമ്മിന് വേണ്ടി രംഗത്തുള്ളത്. കുടയും കുടവുമൊക്കെയാണ് സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം.

സ്ഥാനാര്‍ത്ഥികളില്‍ സിപിഎം അംഗങ്ങളും ഉണ്ട്. എന്നാല്‍ അവരും ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറായിട്ടില്ല. വ്യക്തിപരമായി സ്ഥാനാര്‍ത്ഥിയോട് താല്‍പ്പര്യമുണ്ടെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ കുത്താന്‍ ചില വോട്ടര്‍മാര്‍ തയ്യാറാകില്ല എന്ന പേടിയാണ് ഈ സ്വതന്ത്ര നിലപാടിന് പിന്നിലെന്നാണ് സൂചന.

publive-image

ഇടുക്കിയില്‍ ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെയും സ്ഥിതി ഇതുപോലെ തന്നെ. ജോസ് വിഭാഗത്തിന്റെ മണ്ഡലം പ്രസിഡന്റായ ജിമ്മി മറ്റത്തിപ്പാറ പോലും മത്സരിക്കുന്നത് കുട ചിഹ്നത്തിലാണ്. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് ജിമ്മി മത്സരിക്കുന്നത്.

publive-image

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം ഔദ്യോഗികമായി അനുവദിച്ചിട്ടുപോലും അത് ഉപയോഗിക്കാന്‍ ഇടുക്കി ജില്ലയിലെ ചില ജോസ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ തയ്യാറായില്ലെന്നും അണികള്‍ തന്നെ പറയുന്നു.

publive-image

എറണാകുളം ജില്ലയിലെ കളമശേരി, ഏലൂര്‍ നഗരസഭകളിലും സിപിഎമ്മിന്റെ സ്ഥിതി ഇങ്ങനെ തന്നെയാണ്. പലയിടത്തും എല്‍ഡിഎഫ് സ്വതന്ത്രരാണ് മത്സരിക്കുന്നത്. മധ്യകേരളത്തില്‍ ഏതാണ്ട് 40 ശതമാനം സ്ഥാനാര്‍ത്ഥികളും സിപിഎമ്മില്‍ സ്വതന്ത്രരായാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസില്‍ 10 ശതമാനം സ്ഥാനാര്‍ത്ഥികളാണ് കൈപ്പത്തി വിട്ട് സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുള്ള സ്ഥലങ്ങളിലാണ് ഇത്തരം സ്വതന്ത്രര്‍ ഏറെയുള്ളത്.

thodupuzha news
Advertisment