Advertisment

തോറ്റവർ! (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

കൗസല്യ! ശ്രീരാമനെ മുലയൂട്ടിയിട്ടും സീതാ പരിത്യാഗമൂകം മന:സ്സാക്ഷിയോടു തോറ്റു പോയ അമ്മ!

Advertisment

publive-image

കൈകേയി!മകനെ വാഴിച്ചു കൊണ്ട് ഭർത്താവിനു ചിതയൊരുക്കിയ തോറ്റു തുന്നം പാടിയ രാജമാതാവ്!

സുമിത്ര! ധർമ്മബോധം കൊണ്ടു പോലും ജയിക്കാനാകാതെ ഇരുട്ടറകളിലെ മരുമക്കളിൽ തോറ്റ പട്ടമഹിഷി.

ദശരഥൻ! പുത്രവാത്സല്യം കൊണ്ടു നീറി നീറിത്തോറ്റ കല്ലേപ്പിളർക്കുന്ന രാജാജ്ഞയും വരദായകനും!

ശ്രീരാമൻ! പഞ്ചവടിയിലും ചിത്രകൂടത്തിലും ലങ്കയിലും വിജയിച്ച രാജാവ്..പതിവ്രതയിൽ തോറ്റ പ്രജാതത്പരനായ സാകേതചക്രവർത്തി.

ലഷ്മണൻ! കനിഷ്ഠഭക്തിയിൽ ലയിച്ചുചേർന്ന് ജീവിതമെറിഞ്ഞുടച്ചു കാമിനീകരണത്തിൽ സ്വയം തോറ്റവൻ.

ഭരതശത്രുഘ്നന്മാർ!പാദുകം പൂജിച്ച് രാജ്യധമനിയിലെ വീര്യം ചോർത്തി തോറ്റുപോയ സാഹോദര്യങ്ങൾ!

സീത! ഭ്രാന്തയാനങ്ങളിൽ ഇണശാപമേറ്റു തോറ്റു തുന്നം പാടിയ മഹാമഹിള.ഇഹത്തിലും പരത്തിലും പെണ്ണടിമയായി ശോകമൂകം തോറ്റോടിയവൾ!

ഊർമ്മിള!ലക്ഷ്മണനെ ഇണയാക്കിയതിനാൽ വിരഹതാപം കൊണ്ടു തോറ്റ കരിന്തിരി.ജീവിതത്തെ വിരഹം കൊണ്ടു തോല്പിച്ച മഹാറാണി.

രാവണൻ! പത്തു തലയുണ്ടായിട്ടും പതിനെട്ടു ശാപങ്ങളേറ്റു തോറ്റു മരിച്ച ധീരൻ.മണ്ണോദരീ വിലാപത്തിൽ തോറ്റു പോയ വീരൻ

വിഭീഷണൻ!അധികാരമോഹിയായി സോദരനെ ഒറ്റിയൊറ്റിത്തോറ്റ കപടഭക്തൻ.വഞ്ചന വിറ്റ് ദൈവത്തെ വിലക്കെടുത്ത പരമതോൽവി.

കുംഭകർണ്ണൻ !ദേവ വഞ്ചനയിൽ തിന്നുമുറങ്ങിയും ജീവമരണങ്ങൾക്കിടയിൽ തോറ്റുപോയ കിരാതപർവതം!

മേഘനാഥൻ!ഇടിമിന്നലായിരുന്നിട്ടും സ്വപ്രാണൻ ബ്രഹ്മാസത്രമയച്ച ദൈവത്തിനടിയറവു വച്ചു തോൽക്കേണ്ടി വന്ന ഭയം!

ശൂർപ്പണഖയും! തടകയും! മാററ്റവളും! തലയറ്റവളും!വിഭിന്ന പ്രണയങ്ങളിൽ പൊരുതിത്തോറ്റ മലയത്തികൾ.

മണ്ഡോദരി തിരുത്താതെ തിരുത്തി മകനെയും ഭർത്താവിനെയും ബലിദാനിയാക്കിയിട്ടും തോറ്റു പോയ സ്ത്രീരത്നം.

മന്ഥര!അസൂയക്കും പ്രതികാരത്തിനും ആയുസ്സില്ലെന്നറിഞ്ഞിട്ടും മരണം വരെ പൊരുതിത്തോറ്റ ദാസിയമ്മ!

തോറ്റവരെല്ലാം സ്നേഹം കൊതിച്ചു പട വെട്ടിയവർ. പരസ്പര പൂരകങ്ങളില്ലാതെ പാഠം പഠിപ്പിച്ചവർ!

ഭരതശത്രുഘ്നന്മാരിൽ അലിഞ്ഞു ചേരാത്തവർ! ശ്രീരാമദൂതനെ തിരിച്ചറിയാത്ത സൗഹൃ സമുച്ചയ പരാജയങ്ങൾ!

ഇവരിൽ സ്ത്രീരത്നമാര്! പുരുഷ കേസരിയാര്. ഒക്കെയും വിരഹം കൊണ്ടു തോറ്റ മനഷ്യർ. സ്നേഹിച്ചു പരാജയപ്പെട്ട കേവലർ.

അന്നും ഇന്നും ഇവർ മാത്രം പടവെട്ടുന്നു. വിജയവെളിച്ചമന്വേഷിച്ചു തോൽക്കുന്നു.ഇവരാണ് മനുഷ്യാനുഗായികളായ പരാജിതർ!

മാതൃത്വത്തിൽ വീണു തോറ്റു തോറ്റു മണ്ണടിയുന്നു. അവിടെ യുഗങ്ങൾ സംസ്കരശാസനമെഴുതുന്നു.

തോൽവികളിൽ പഠിക്കാത്തവനുള്ള അവസാന തോൽവിയായി അണുമാരി അന്ധമരണമാടുന്നു.

ഒടുങ്ങാതിരിക്കാൻ അല്പം തോൽക്കാം.നന്മയുടെ അകലപാലനവും ശുചിത്വവുമാകാം!പ്രതിരോധിക്കാം ഒറ്റക്കെട്ടായി.

തോറ്റവരെ ആരും അടയാളപ്പെടുത്താറില്ല.പക്ഷെ വിജയിച്ചവന്റെ മനസ്സിൽ തോറ്റവൻ ചിന്തയുടെ കനലു വിതറി ചിരിച്ചു നിൽക്കും.

തനിക്കും ഒരു തോൽവിയുണ്ടെന്ന സത്യബോധനം മാറ്റങ്ങളാണെന്നു തെളിയിക്കും വിധം തോറ്റവർ ചിരിക്കുന്ന വിധിദിനം!

മരണം!തോറ്റവനും വിജയിച്ചവനും ഒരൊറ്റ രഥത്തിൽ സഞ്ചരിച്ചു തോല്ക്കുന്നതിനുള്ള ദൈത്തിന്റെ കാലരഥം!!

അതിലേക്കായുസ്സു നീട്ടിക്കിട്ടാൻ തോൽവിയോടെ പ്രതിരോധിക്കാം വിജയങ്ങളായി ചിന്തിക്കാം. വിനയപൂർവം അകന്നു നിൽക്കാം.

മീനാക്ഷി.

ഭൂതക്കുളം.

Advertisment