Advertisment

കേന്ദ്രമന്ത്രി സ്മൃതി ഇറാനിനോട് മോശമായി പെരുമാറി : ടിഎന്‍ പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും തിങ്കളാഴ്ച ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം. പ്രതാപന് ലഭിക്കുക രണ്ടാമത് സസ്പെന്‍ഷന്‍

New Update

ന്യൂഡൽഹി∙ ലോക്സഭയിൽ സംസാരിക്കുകയായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിനോട് മോശമായി പെരുമാറിയെന്ന കാരണം ചൂണ്ടിക്കാട്ടി കേരള എംപിമാരായ ടി.എന്‍. പ്രതാപനേയും ഡീന്‍ കുര്യാക്കോസിനേയും സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം.

Advertisment

ഇതുസംബന്ധിച്ചു സര്‍ക്കാരിന്റെ പ്രമേയം ലോക്സഭാ സ്പീക്കര്‍ അംഗീകരിച്ചു. ഇത് ലോക്‌സഭ തിങ്കളാഴ്ച പരിഗണിക്കും. ടി.എന്‍. പ്രതാപനെ ഇത് രണ്ടാം തവണയായിരിക്കും ലോക്സഭ സസ്പെന്‍ഡ് ചെയ്യുന്നത്.

publive-image

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മര്‍ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബിജെപി ആരോപണം. ബിജെപി വനിത എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇരുവരും മാപ്പു പറയണമെന്നാണ് എംപിമാരുടെ ആവശ്യം.

എന്നാല്‍ ബിജെപി എംപിമാര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കേണ്ട ചര്‍ച്ചയ്ക്ക് വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി മറുപടി നല്‍കിയതു ചോദ്യം ചെയ്യുക മാത്രമാണു ചെയ്തതെന്ന് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു.

ലോക്സഭയില്‍ പ്രതിക്ഷേധ സ്വരം ഉയര്‍ത്തുന്ന എംപിമാരെ നിശബ്ധരാക്കുകയാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. ഈ ലോക്സഭാ സമ്മേളനം തുടങ്ങിയ ശേഷം ആദ്യമായിട്ടായിരുന്നു കഴിഞ്ഞ ആഴ്ച പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‍ സഭ നിര്‍ത്തിവച്ചത് .

അന്നും ടി എന്‍ പ്രതാപനെയും ഹൈബി ഈഡനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. മുന്‍ കാലങ്ങളില്‍ പ്രതിപക്ഷം എന്ത് ബഹളം വച്ചാലും അതൊന്നും ഗൗനിക്കാതെ സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടത്തിക്കൊണ്ടു പോകുന്നതായിരുന്നു സര്‍ക്കാര്‍ ശൈലി.

deen kuriakose tn prathapan
Advertisment