Advertisment

ഇന്നലെ അല്പം പിന്‍വാങ്ങി തുടങ്ങിയ മഴ ഇന്ന് ശക്തമാകുന്നു ; മഴ ഞായറാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം;ഇന്നലെ മാത്രം മരിച്ചത് 14 പേര്‍; ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 102ആയി; 12 പേരെ ഇനിയും കണ്ടെത്തിയില്ല; 59, 517 പേര്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍; മധ്യകേരളം തീരാ ദുരിതത്തില്‍ ; കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും സംഘവും ഡല്‍ഹിയില്‍

New Update

Image result for കലിതുള്ളി  കാലവർഷം

Advertisment

കോട്ടയം: സംസ്ഥാനത്തു മഴയ്ക്ക് ചെറിയ ശമനമുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്നാണ് കലാവസ്ഥാ പ്രവചനം. മഴ കുറഞ്ഞെങ്കിലും വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരിതം തുടരുകയാണ്. അതുകൊണ്ട് തന്നെ വീണ്ടും ശക്തമായ മഴ എത്തിയാല്‍ കേരളം വീണ്ടും ദുരിതത്തിലേക്ക് മാറും. ബുധനാഴ്ച മാത്രം മഴദുരിതത്തില്‍ 14 പേര്‍ മരിച്ചു. ഇതോടെ ഇത്തവണ കാലവര്‍ഷക്കെടുതിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 102 ആയി. മഴക്കെടുതിയില്‍ മധ്യകേരളം ദുരിതത്തില്‍ തന്നെയാണ്. അതിനിടെ മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരിതാശ്വാസത്തിനായി 113.19 കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. തുക അടിയന്തരമായി വിതരണം ചെയ്യാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള - ലക്ഷദ്വീപ് തീരങ്ങളിലും, അറബി കടലിന്റെ മധ്യഭാഗം, തെക്ക് ഭാഗം, വടക്ക് ഭാഗം, പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂലായ് 22 വരെ സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കും 22 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

Heavy rain lashes Kerala

കനത്ത മഴയുണ്ടാക്കിയ ദുരന്തങ്ങളില്‍ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ വീതവും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്.12 പേരെ കാണാതായി. 59,517 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. ഇന്നു മഴ വീണ്ടും ശക്തമാകുമെന്നും ഞായറാഴ്ച വരെ തുടരുമെന്നുമാണു കാലാവസ്ഥാ പ്രവചനം. മിക്ക ജില്ലകളിലും റോഡ്, റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. തീരപ്രദേശത്തു കടല്‍ക്ഷോഭം. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ ബുധനാഴ്ച റദ്ദാക്കി. മഴ തുടര്‍ന്നാല്‍ തീവണ്ടി ഗതാഗതം ഇനിയുള്ള ദിനങ്ങളിലും ദുരിത പൂര്‍ണ്ണമാകും. മീനച്ചിലാറില്‍ വെള്ളം വീണ്ടും ഉയര്‍ന്നു. കാലവര്‍ഷക്കെടുതിമൂലമുള്ള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കുന്നതിനു കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

വടക്കന്‍ കേരളത്തിലും മിക്കയിടങ്ങളിലും റോഡ്-റെയില്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി വീടുകശളില്‍ വെള്ളം കയറി. താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം കര്‍ശനമായി തുടരും. ദൈനംദിന സര്‍വീസുള്ള യാത്രാ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ടൂറിസ്റ്റ് ബസുകള്‍, സ്‌കാനിയ പോലുള്ള വലിയ വാഹനങ്ങള്‍ ചരക്കു വാഹനങ്ങള്‍ക്കുമുള്ള ഗതാഗത നിയന്ത്രണം തുടരുമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞ റോഡിലെ നിര്‍മ്മാണ് പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27,000ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും തളര്‍ത്തിയാണ് ദുരിതം എത്തിയത്. 965 വില്ലേജുകളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇതിനകം 90 മരണം റിപ്പോര്‍ട്ട് ചെയ്തു. അന്‍പതിലേറെ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 333 വീടുകള്‍ പൂണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. അതിനിടെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചവര്‍ക്കു നല്‍കുന്ന ധനസഹായം നാലു ലക്ഷം രൂപയാക്കി.

rain-rescue-kottayam

മൂവാറ്റുപുഴയാര്‍ കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. വൈക്കം താലൂക്കിലെ 18 വില്ലേജുകളും വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു. 20,000-ത്തോളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ വിഷമിക്കുകയാണ്. താലൂക്കില്‍ 250 വീടുകള്‍ക്ക് ഭാഗികമായ നാശം സംഭവിച്ചു. 1,021 കുടുംബങ്ങളിലെ 3,250 പേരെ 32 ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. കോട്ടയം-വൈക്കം റോഡില്‍ തുറുവേലിക്കുന്ന്, ഇളംകാവ്, പൊട്ടന്‍ചിറ മേഖലകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതത്തിന് തടസ്സമായി. കറവപ്പശുക്കളെ വളര്‍ത്തി ഉപജീവനമാര്‍ഗം തേടിയിരുന്ന ക്ഷീര കര്‍ഷകര്‍ കഷ്ടപ്പാടിലാണ്. സഹായ ദൗത്യവുമായി താലൂക്ക്-വില്ലേജ് അധികൃതര്‍ രംഗത്തുണ്ടെങ്കിലും ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിപ്പെടാനുള്ള സൗകര്യം തടസ്സമായതും പ്രശ്‌നമാണ്.

പ്രളയത്തില്‍പ്പെട്ടു വീടു നിന്ന ഭൂമി ഒഴുകിപ്പോകുകയും സംസ്ഥാനത്തു സ്വന്തമായി വേറെ ഭൂമി ഇല്ലാതിരിക്കുകയോ ഉള്ള സ്ഥലം വീടുവയ്ക്കാന്‍ യോഗ്യമല്ലെങ്കിലോ വേറെ സ്ഥലം വാങ്ങുന്നതിനായി പരമാവധി ആറു ലക്ഷം രൂപ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ദുരന്ത ബാധിതരുടെ വീട് തകര്‍ന്നാല്‍ അതേ സ്ഥലത്ത് വീട് പുനര്‍ നിര്‍മ്മിക്കാന്‍ തദ്ദേശ സ്ഥാപനം ഒരു ദിവസത്തിനുള്ളില്‍ അനുമതി നല്‍കും.

Image result for കലിതുള്ളി  കാലവർഷം

കോട്ടയത്തും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിനിടയാക്കിയത് ഇടുക്കി, കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ അതിശക്തമായ മഴ. രണ്ടു ജില്ലകളിലും മഴയുടെ അളവ് അഞ്ചുദിവസം കൊണ്ടു 47% കൂടി. പത്തനംതിട്ടയില്‍ 15%, ആലപ്പുഴയില്‍ 10% വീതം മഴ കൂടി. ഇടുക്കിയിലെയും കോട്ടയത്തെയും കനത്ത മഴ കുട്ടനാടിനെയും മുക്കി.

മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ മഴ കുറഞ്ഞിട്ടും വെള്ളമിറങ്ങുന്നില്ല. ഒഴുക്കു തടസ്സപ്പെട്ടതാണു പ്രധാന കാരണം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യമടിഞ്ഞു കായലുകളുടെയും പുഴകളുടെയും ആഴവും കയ്യേറ്റം മൂലം വീതിയും കുറഞ്ഞു. തണ്ണീര്‍ത്തടങ്ങളും വയലുകളും വ്യാപകമായി നികത്തിയതും പ്രശ്‌നമാണ്. ജൂണില്‍ ലഭിച്ച നല്ല മഴയില്‍ ഭൂജലനിരപ്പ് ഉയര്‍ന്നു. ഇതോടെ വെള്ളം വലിച്ചെടുക്കാനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞു. മുന്‍പു പശ്ചിമ ഘട്ടത്തില്‍ മഴ പെയ്താല്‍ ഒരുദിവസം കഴിഞ്ഞാണു പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ മണിക്കൂറുകള്‍ക്കകം ഉയരുന്നു. പശ്ചിമ ഘട്ടത്തിന്റെ നാശം ജലസംഭരണശേഷിയെയും ബാധിച്ചെന്നാണ് വിലയിരുത്തല്‍

ഒഡീഷ തീരത്തെ ശക്തമായ ന്യൂനമര്‍ദവും അറബിക്കടലില്‍ കേരളം മുതല്‍ ഗുജറാത്ത് വരെ തീരത്തു രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയുമാണു കനത്ത മഴയ്ക്കു കാരണമായത്. ഏതാനും വര്‍ഷം മുന്‍പുവരെ ജൂലൈയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തരം ന്യൂനമര്‍ദങ്ങളും തുടര്‍ന്നു മധ്യകേരളത്തില്‍ മഴയും പതിവായിരുന്നുവെന്നു കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് പറഞ്ഞു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഇതു നിലച്ച മട്ടായിരുന്നു.

Advertisment