Advertisment

ആനയും ആനപ്രേമികളും എലിഫൻറ് ടാസ്ക് ഫോഴ്സും

New Update

കാട്ടാനകളുടെ കഥ

Advertisment

സംസ്ഥാനത്തെ മലയാറ്റൂര്‍-വാഴച്ചാല്‍ ഡിവിഷനില്‍ വ്യാപകമായി നടന്ന ആനവേട്ട കേസ് അട്ടിമറിച്ചതുമായി ബദ്ധപ്പെട്ട് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻറ് ചെയ്തത് വാർത്തയായിരുന്നു.

മലയാറ്റൂര്‍ ഡിവിഷന്‍ തുണ്ടം റെയ്ഞ്ച് ഓഫീസറായ പി.കെ. രാജേഷ്, കരിമ്പാനി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെ. റെയ്ഞ്ചര്‍ കെ.പി. സുനില്‍കുമാര്‍, കരിമ്പാനി സ്റ്റേഷനിലെ ഫോറസ്റ്റര്‍ പി.സി. പത്രോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ മോഹന്‍ലാല്‍ സസ്‌പെൻറ് ചെയ്തത്.

publive-image

വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രതികളുടെ മൊഴിയും തെളിവും നശിപ്പിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടത്തിയ മുഴുവന്‍ ആനവേട്ടയെ കുറിച്ചുള്ള അന്വേഷണം അഡീ. പ്രിന്‍സിപ്പല്‍ സി.സി.എഫ്. (വിജിലന്‍സ്) സുരേന്ദ്ര കുമാറിനാണ്. കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെൻറ് തല അന്വേഷണ ചുമതല ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികുമാറിനാണ്.

കരിമ്പാനി സ്റ്റേഷന്‍ പരിധിയിലെ വനാന്തരത്തില്‍ കണ്ടെത്തിയ നാല് ആനകളുടെ ജഡാവശിഷ്ടം ഒരാനയുടേതാക്കി മാറ്റിയാണ് മഹസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയാതെന്ന് അന്വേഷണ സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വടാട്ടുപാറ ചക്കിമേട് സ്വദേശി കുഞ്ഞുമോൻറെ വെളിപ്പെടുത്തലില്‍ നിന്ന് മെയ് മാസം തുടങ്ങിയ ആനവേട്ട കേസ് 5 മാസം പിന്നിട്ടപ്പോള്‍ എത്തിനിൽക്കുന്നത് രാജ്യാന്തര ബന്ധത്തിലാണ്.

publive-image

ആനക്കൊമ്പും ഇതുകൊണ്ടുണ്ടാക്കിയ ശില്പങ്ങളും ഏറെയും ചെന്നെത്തിയത് തിരുവനന്തപുരത്തും ഡല്‍ഹിയിലുമാണ്. ആരും മോഹിച്ചു പോകുന്ന അത്ര ചാരുതയോടെയാണ് ആനക്കൊമ്പ് ശില്പങ്ങള്‍ പണിതിട്ടുള്ളത്. മുഴുവന്‍ ആനക്കൊമ്പില്‍ മാത്രം തീര്‍ത്തത് മുതല്‍ ചെറുതരം ശില്പങ്ങള്‍ വരെ ശേഖരത്തിലുണ്ട്. ഇന്ത്യക്ക് പുറത്തും ശില്പങ്ങള്‍ക്ക് ധാരാളം ആവശ്യക്കാര്‍ ഉണ്ടത്രെ.

ആഭ്യന്തര-വിദേശ മാര്‍ക്കറ്റുകളില്‍ കോടിക്കണക്കിന് രൂപ മോഹവില ലഭിക്കുന്നവയാണ് ഇവ. ഇത്രയും വലിയ ആനക്കൊമ്പ് ശേഖരം കണ്ടെത്തുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണെന്നത് ഞെട്ടിക്കുന്ന വിവരമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആനക്കൊമ്പ് ശേഖരം കണ്ടെത്തുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. തിരുവനന്തപുരം സ്വദേശികളായ ഈഗിള്‍ രാജന്‍, അജി ബ്രൈറ്റ് എന്നിവര്‍ വഴി ഉമേഷ് അഗര്‍വാള്‍ വാങ്ങിയത് നാനൂറ് കിലോ ആനക്കൊമ്പാണ്.

ഇവയിലേറെയും കേരളത്തില്‍ നിന്നുള്ളതും. ഡല്‍ഹിയിലെ റെയ്‌ഡോടെ ഇന്ത്യയിലെ വനമേഖലയിലാകെ നടന്ന ആനവേട്ടയെക്കുറിച്ചുള്ള അന്വേഷണത്തിനും വഴി തുറന്നിട്ടുണ്ട്. പത്ത് പ്രതികളില്‍ തുടങ്ങിയ കേസില്‍ ഇപ്പോള്‍ അമ്പതോളം പ്രതികളുണ്ട്. പ്രതിപ്പട്ടിക നീളാനും സാധ്യതയുണ്ട്.

ഇതിനിടയിൽ ആനവേട്ട നടന്ന ഇടമലയാര്‍ വനമേഖലയില്‍ ഇപ്പോഴും വേട്ട നടക്കുന്നതിന് തെളിവായി ഒരു ചാനൽ വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസികളുടെ വെളിപ്പെടുത്തൽ റിപ്പോര്‍ട്ട് ചെയ്തത് ജനത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.

publive-image

വനംവകുപ്പുദ്യോഗസ്ഥര്‍ വനത്തിനുള്ളില്‍ പരിശോധന നടത്തുന്നില്ലെന്നും വിവരമറിയിക്കുന്ന തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും വനത്തിനുള്ളില്‍ ഇപ്പോഴും വേട്ടക്കാരുണ്ടെന്നും തുടര്‍ച്ചയായി വെടിയൊച്ചകള്‍ കേള്‍ക്കാറുണ്ടെന്നുമായിരുന്നു മലക്കപ്പാറക്ക് ആറുകിലോമീറ്റര്‍ ദൂരെയുള്ള ഇടമലയാര്‍ വനത്തിനുള്ളിലെ ആദിവാസികള്‍ വെളിപ്പെടുത്തിയത്.

നാട്ടാനകളുടെ ക്ഷേമത്തിനായി മുന്നോട്ടു വച്ചിരിക്കുന്ന, കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന ഗജപരിപാലന ചട്ടങ്ങള്‍ നടപ്പാക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം കാട്ടാനകളും നാട്ടാനകളും ഉള്ള 18 സംസ്‌ഥാനങ്ങളിലെ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്മാരുടെ യോഗം ന്യൂഡല്‍ഹിയില്‍ വിളിച്ചിരുന്നു.

ഗജപരിപാലന ചട്ടങ്ങള്‍ സംബന്ധിച്ചു സംസ്‌ഥാനങ്ങളുടെ ആശങ്കകള്‍ ആരായുന്നതിനും അവ നടപ്പാക്കുന്നതിനായി സംസ്‌ഥാനങ്ങളുടെ അഭിപ്രായം തേടുന്നതിനുമായിരുന്നു യോഗം വിളിച്ചിരിക്കുന്നതെന്നാണ്‌ അറിവ്‌. അതേസമയം വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണു ടാസ്‌ക്‌ ഫോഴ്‌സ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

publive-image

നാട്ടിലെ ആനകളുടെ അവസ്ഥയും എലിഫൻറ് ടാസ്ക് ഫോഴ്സും

കേരളത്തില്‍ നാട്ടാനകളെ പരുക്കേല്‍പ്പിച്ചു പണിയെടുപ്പിക്കുന്നതും പീഡിപ്പിച്ചു കൊന്നൊടുക്കുന്നതും തടയണമെന്നാവശ്യപ്പെട്ട്‌ ഹെറിറ്റേജ്‌ അനിമല്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ പ്രധാനമന്ത്രിക്കയച്ച നിവേദനത്തിൻറെ അടിസ്‌ഥാനത്തിലാണ്‌ കേരളത്തില്‍ രണ്ട്‌ എലഫെന്റ്‌ ടാസ്‌ക്‌ ഫോഴ്‌സുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര വനം- പരിസ്‌ഥിതി മന്ത്രാലയം ഉത്തരവിട്ടത്‌.

ജില്ലാതല എലഫൻറ് ടാസ്‌ക്‌ ഫോഴ്‌സിൻറെ പ്രധാന ചുമതല ഓരോ നാട്ടാനയും പീഡനമേല്‍ക്കുന്നില്ല എന്ന ഉറപ്പുവരുത്തലാണ്‌. ഓരോ ആനപീഡനവും സംബന്ധിച്ച പരാതിയിലും വിശദമായ അന്വേഷണം പ്രത്യേകം നടത്തി ആനകളുടെ ക്ഷേമത്തിനു മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കലും ജില്ലാതല ടാസ്‌ക്‌ ഫോഴ്‌സിൻറെ ചുമതലയിൽ പെടും.

മാത്രമല്ല, ഓരോ ആനപീഡനം സംബന്ധിച്ച പരാതിയിലും റിപ്പോര്‍ട്ടുകള്‍ പിന്നീടുള്ള നിയമനടപടികള്‍ക്കായി ബയോഡൈവേഴ്‌സിറ്റി സെല്ലിന്‌ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതും, സമ്മാനം, ദാനം,സംഭാവന, ലീസ്‌, കൈമാറ്റം എന്നീ മാര്‍ഗങ്ങളിലൂടെ നാട്ടാനകള്‍ അന്യസംസ്‌ഥാനത്തു നിന്നും ഇങ്ങോട്ടും ഇവിടെ നിന്ന്‌ തിരിച്ചും മാറ്റപ്പെടുന്നത്‌ കര്‍ശനമായി തടയുന്ന ചുമതലയും കേരളത്തിലെ നാട്ടാനകളുടെ ഉടമസ്‌ഥതയും ഈ ആനകള്‍ കേരളത്തിലെത്തി ചേര്‍ന്നത്‌ ഏതൊക്കെ ഉറവിടങ്ങളില്‍ നിന്നാണെന്നത് സംബന്ധിച്ച സംഗതികളും വിശദമായി അന്വേഷിച്ചു നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ശുപാര്‍ശ ചെയ്യലും ജില്ലാതല എലഫൻറ് ടാസ്‌ക്‌ ഫോഴ്‌സിൻറെ മുഖ്യ ചുമതലകളിൽ ചിലതാണ്.

publive-image

സംസ്‌ഥാനതലത്തില്‍ സ്വകാര്യ ഉടമസ്‌ഥതയിലും സര്‍ക്കസ്‌ കമ്പനികളുടെ കൈവശവും ആരാധനാലയങ്ങളിലും റെസ്‌ക്യു സെന്ററുകളിലും മറ്റു സ്വകാര്യ സങ്കേതങ്ങളിലും ഉള്ളതായ സകല നാട്ടാനകളെകുറിച്ചും സംസ്‌ഥാനതലത്തിലുള്ള ലിസ്‌റ്റ്‌ ഉണ്ടാക്കുന്നതും ജില്ലാതല എലഫൻറ് ടാസ്‌ക്‌ ഫോഴ്‌സിൻറെ ചുമതലകളിൽ വരും. സംസ്‌ഥാന തലത്തിലുള്ള എലഫൻറ് ടാസ്‌ക്‌ ഫോഴ്‌സിന്‌ രണ്ട്‌ പ്രധാനപ്പെട്ട ചുമതലയാണുള്ളത്‌.

ജില്ലാതലങ്ങളിലെ എലഫൻറ് ടാസ്‌ക്‌ ഫോഴ്‌സിന്‌ സമയാസമയങ്ങളില്‍ വ്യക്‌തമായ നിര്‍ദേശങ്ങള്‍ നല്‍കുക, കേരളത്തിലെ എലഫൻറ് റെസ്‌ക്യു സെൻററുകൾ പ്രവര്‍ത്തിക്കുന്നത്‌ സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുക(വനംവകുപ്പിൻറെ കീഴിലുള്ള റെസ്‌ക്യു സെൻററുകളും ഇതില്‍ പെടും) എന്നിവയാണ്‌. രണ്ട്‌ എലഫൻറ് ടാസ്‌ക്‌ ഫോഴ്‌സുകള്‍ക്കും രൂപം നല്‍കിയിരിക്കുന്നതു കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിലെ ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ 2014 നവംബര്‍ 14 -ന്‌ നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ്‌.

എന്താണ് ഇവിടെ ശരിക്കും എലിഫൻറ് ടാസ്ക് ഫോഴ്സ്?

ഭാരതത്തിൽ ആനകൾക്ക് ഒരു സുരക്ഷിത ഭാവി എന്ന ലക്ഷ്യത്തോടെ കേന്ദ്ര എലിഫൻറ് ടാസ്ക് ഫോഴ്സ് വനം പരിസ്ഥിതി മന്ത്രാലയത്തിന് മുൻപാകെ വച്ച മാസ്റ്റർ റിപ്പോർട്ടാണ് 'ഗജ'. ബന്ധനത്തിൽ കഴിയുന്ന നാട്ടാനകളുടെയും വനത്തിൽ കഴിയുന്ന കാട്ടാനകളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം തന്നെ വനങ്ങൾക്കരികിൽ കഴിയുന്ന മനുഷ്യർക്കും ആനകൾക്കും ഇടയിൽ വ്യാപകമായി ഇന്നനുഭവപ്പെടുന്ന സംഘർഷങ്ങൾ ദൂരീകരിക്കുവാനും കൂടിയാണ് എലിഫൻറ് ടാസ്ക് ഫോഴ്സിൻറെ 'ഗജ' വെളിച്ചം കണ്ടത്.

publive-image

പക്ഷെ കേരളത്തിലെങ്കിലും എലിഫൻറ് ടാസ്ക് ഫോഴ്സ് ഉത്സവഭ്രമക്കാരായ ആനപ്രേമികളുടെ (പ്രേമം ആനകളുടെ ഉത്സവക്കസർത്തുകളിൽ തുടങ്ങി ആനവാലിലും കൊമ്പിലും വരെ എത്താം) താൽപര്യങ്ങൾ സംരക്ഷിക്കുവാൻ മാത്രം എന്നവണ്ണം നിലകൊള്ളുന്നത് യഥാർത്ഥ വനസ്നേഹികൾ നിരാശയോടെ തന്നെയാണ് കാണുന്നത്.

ദേശീയ വന്യജീവി ബോര്‍ഡ് അംഗവും കേരളത്തിലെ എലിഫൻറ് ടാസ്ക് ഫോഴ്സിൻറെ തലവനുമായ ഡോ പി എസ് ഈസയുടെ നേട്ടങ്ങൾ നാട്ടിൽ അവിടെയും ഇവിടെയുമായി താരതമ്യേന അപ്രസക്തമായ വേദികളിൽ നിന്ന് 'ജൈവ ഇടനാഴികള്‍ വേണമെന്നും' 'കര്‍ഷക പങ്കാളിത്തം അനിവാര്യമെന്നും' മറ്റുമുള്ള ഉപരിപ്ലവമായ അധരവ്യായാമങ്ങളിൽ ഒതുങ്ങുന്നതും നിരാശയോടെ കാണുകയാണ് ഇവർ.

ഒരുവശത്ത്, പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൻറെ ഡയറക്ടറായിരിക്കുകയും ഒപ്പം ഏഷ്യന്‍ എലിഫൻറ് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗമായിരിക്കുകയും ചെയ്തിട്ടുള്ള, മേഖലയിൽ മുപ്പത്തിയാറ് വർഷങ്ങളുടെ പ്രവർത്തനപരിചയം അവകാശപ്പെടുകയും ചെയ്യുന്ന ഡോ. ഈസയുടെ അധരം കൊണ്ടുള്ള അഭ്യാസങ്ങൾ പരമകാഷ്ഠയിൽ നടക്കുമ്പോൾ മറുവശത്ത് സംസ്ഥാനത്തെ വനങ്ങളിൽ ആനകൾ കൃമികീടങ്ങൾക്ക് സമാനം ചത്തൊടുങ്ങുകയായിരുന്നു; കുറെ രോഗങ്ങൾ ബാധിച്ചും കുറെ അധമമനുഷ്യൻറെ അത്യാർത്തിയിൽ ഉരുവായ കശാപ്പിലൂടെയും.

ഇക്കാലങ്ങളിൽ തന്നെയായിരുന്നു അവശ്യമായ പരിശീലനത്തിൻറെ അഭാവത്തിൽ മദമിളകുന്ന നാട്ടാനകളെ മയക്കുവാനായി ഇറങ്ങിത്തിരിക്കുന്ന ഒരു പറ്റം മൃഗഡോക്റ്റർമാരിൽ പെട്ട ഡോ പത്മകുമാർ മദയാനയുടെ ആക്രമണത്തിനിരയായത്.

publive-image

ധാർമ്മികമായ ഉത്തരവാദിത്ത്വം ഉൾക്കൊണ്ട്‌ ഉടൻ തന്നെ ഇതിനോട് മാതൃകാപരമായി പ്രതികരിച്ച ഡോ. ഈസയും കൂട്ടരും വരുത്തിച്ചു, വിദേശത്ത്‌ നിന്നും അഞ്ചുലക്ഷത്തിന് മേൽ വിലവരുന്ന പുതിയ ക്യാപ്ച്ചർ ഗണ്ണുകൾ (മണ്ണുത്തി, വയനാട്, അല്ലെങ്കിൽ പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനം തന്നെ കേന്ദ്രീകരിച്ച് മൃഗഡോക്റ്റർമാർക്ക് വിദഗ്ധപരിശീലനങ്ങൾക്കായുള്ള വേദികളല്ല).

ഉത്സവങ്ങൾക്കും പറയ്ക്കെഴുന്നള്ളിപ്പിനും ആറാട്ടുകൾക്കും മറ്റ് ആഘോഷങ്ങൾക്കും ഒക്കെ ആനയെ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കേണ്ടതാണെന്നും തന്ത്രശാസ്ത്രങ്ങളിൽ എവിടെയും എഴുന്നള്ളിപ്പുകൾക്ക് ആനകൾ മാത്രമേ ആകാവൂ എന്ന് പറയുന്നുമില്ലെന്നുമുള്ള യോഗക്ഷേമസഭയുടെ സംസ്ഥാന പ്രസിഡൻറ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിൻറെ കാലികപ്രസക്തവും സുധീരവുമായ പ്രസ്താവന യഥാർത്ഥ ജന്തുസ്നേഹികളുടെ (ആനപ്രേമികൾ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഉത്സവ/ആർഭാടപ്രേമികൾ അല്ല) ഹൃദയങ്ങളിൽ കുളിർമഴയായാണ് പെയ്തിറങ്ങിയത്.

ഇവിടെയും എലിഫൻറ് ടാസ്ക് ഫോഴ്സിനും ഡോ. ഈസക്കും പ്രത്യേകം അഭിപ്രായങ്ങളോ നിലപാടുകളോ ഒന്നും ഇല്ലയെന്നിരിക്കെ നാട്ടാനകളെക്കൊണ്ട് ഭക്തിയുടെയും വിനോദത്തിൻറെയും പേരിൽ കസർത്ത് ചെയ്യിപ്പിക്കുന്ന പൂരപ്രേമികളുടെയും ചില റിസോർട്ട് നടത്തിപ്പുകാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുവാൻ മാത്രം വർത്തിക്കുന്ന ശിങ്കിടി സേനയായി എലിഫൻറ് ടാസ്ക് ഫോഴ്സ് നിപതിക്കുന്നു എന്ന ആരോപണത്തിന് മുന്നിൽ തലകുനിക്കുകയെ നിവർത്തിയുണ്ടാവുകയുള്ളൂ.

publive-image

മൃഗങ്ങളെ കൊണ്ട് ബലമായി ആടിക്കുന്ന കാഴ്ച്ചാരൂപങ്ങൾ, സ്നേഹത്തിൻറെ പക്ഷത്ത് വാഴുന്ന ഒരു ദൈവത്തിനും രുചിക്കുമെന്ന് കരുതവയ്യ. ആന മനുഷ്യനെതിരെ പ്രതിഷേധിക്കുവാൻ തുടങ്ങിയാൽ സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളിലും ഏറെ രൂക്ഷമായിരിക്കും ആന ലോകത്ത് നിന്ന് തന്നെ ഇല്ലാതെ പോയാലുണ്ടായേക്കാവുന്ന ദുരവസ്ഥ എന്ന വസ്തുത തിരിച്ചറിയുവാൻ എടുക്കുന്ന ഓരോ ഞൊടിക്കും മനുഷ്യരാശിയുടെ തന്നെ ക്ഷേമത്തിൻറെയത്ര വിലയുണ്ട് എന്ന് മനുഷ്യന് മനസ്സിലാക്കി കൊടുക്കുകയാണ് മറ്റാരുടെതല്ലെങ്കിലും എലിഫൻറ് ടാസ്ക് ഫോഴ്സിൻറെ ലക്‌ഷ്യം.

നാട്ടിലെ കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിൽ വനപാർശ്വങ്ങളിലെ ചില കൃഷിയിട മുതലാളിമാർ തങ്ങളുടെ അതിർത്തികൾ അന്യായമായി വിപുലീകരിക്കുവാനായി രഹസ്യമായി കൂട്ടുന്ന എതിർ തീ (കൌണ്ടർ ഫയർ), പലപ്പോഴും വനപാലകരുടെ അറിവോടെയെന്നവണ്ണം ചില തൽപരകക്ഷികൾ (ചിലയിടങ്ങളിൽ ആദിവാസികൾ ഉൾപ്പെടെ) നടത്തിവരുന്നതായി അറിയുന്ന അടിക്കാട് (ഈറ്റ, മുള എന്നീ സസ്യങ്ങൾ ധാരാളമായി വളരുമിടം) കൊള്ളയടിക്കൽ, എന്നിങ്ങനെ കാട്ടാനകളുടെ ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുവാൻ പോന്ന ഹീനകൃത്യങ്ങൾക്ക് തടയിടുവാനായി കാര്യമായി എന്തെങ്കിലും ചെയ്തുവോ എന്ന് ചോദിച്ചാൽ എലിഫൻറ് ടാസ്ക് ഫോഴ്സിനും ഡോ. ഈസക്കും വിശദീകരണം നൽകുവാൻ ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നതിൽ സംശയം വേണ്ട.

publive-image

മനുഷ്യൻറെ അപഹാസ്യമായ ചേഷ്ടകളുടെ ഉള്ളർത്ഥങ്ങൾ മനസ്സിലാക്കി അവന് ഏറ്റവും അഭികാമ്യമായി പെരുമാറുന്ന ആന ഗജേന്ദ്രനും, നിഷേധിക്കുന്നവൻ തെമ്മാടിയാനയും ആവുന്ന മനുഷ്യലോകത്ത് മനുഷ്യനെക്കാൾ കാലപ്പഴക്കമുള്ള വനത്തിലെ ആനയുടെ താരകൾ മാറ്റിവരയ്ക്കുവാൻ ഒരുങ്ങുന്നവർ അതിനാധാരമാക്കുന്നത് ആനയുടെ പ്രകൃതിപരമായ വാസനകൾക്ക് അപ്പുറം കേവലം സഞ്ചാരസൗകര്യം മാത്രമെന്നതും മനുഷ്യസഹജസ്വാഭാവികതയല്ലാതെ മറ്റെന്താവണം? ഇതിന് മുന്നിൽ എന്ത് ആനവേട്ടക്കാർ? എന്ത് എലിഫൻറ് ടാസ്ക് ഫോഴ്സ്?

publive-image

publive-image

publive-image

Advertisment