Advertisment

ട്രംപിന്റെ ഉപദേഷ്ടാവ് കുഷ്‌നറും സംഘവും സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കും

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: അയൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നറും സംഘവും ഈ ആഴ്ച സൗദി അറേബ്യയിലേക്കും ഖത്തറിലേക്കും പോകുമെന്ന് ട്രം‌പ് അഡ്മിനിസ്‌ട്രേഷന്റെ മുതിര്‍ന്ന ഔദ്യോഗിക വക്താവ് പറഞ്ഞു.

കുഷ്നറും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സൗദി നഗരമായ നിയോമിൽ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ദോഹയില്‍ സന്ദര്‍ശിക്കുമെന്നും വക്താവ് ഞായറാഴ്ച വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

സൗദി, ഖത്തറി നേതാക്കളെ അനുരഞ്ജിപ്പിക്കാനും നിരവധി വിഷയങ്ങളിൽ ധാരണയിലെത്താനും കുഷ്‌നർ മധ്യസ്ഥം വഹിക്കും. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും 2017 ൽ ഖത്തറിൽ കര, കടൽ, വ്യോമ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

ആരോപണങ്ങള്‍ നിഷേധിച്ച ഖത്തർ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങൾ തങ്ങളുടെ പരമാധികാരത്തെയാണ് ചോദ്യം ചെയ്തതെന്ന് ആരോപിച്ചു.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയൻ ഈ മാസം ആദ്യം പറഞ്ഞത് ഗൾഫ് പ്രതിസന്ധി പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെ മുൻഗണനയാണെന്നും ജനുവരിയിൽ ട്രംപ് അധികാരമൊഴിയുന്നതിനു മുന്‍പ് അത് സംഭവിക്കാൻ സാധ്യതയുണ്ടെന്നുമാണ്.

മൂന്നു വർഷത്തിലേറെ നീണ്ട തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സൗദിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു.

റിയാദ് “പരിഹാരം കണ്ടെത്താൻ പ്രതിജ്ഞാബദ്ധരാണെന്ന്" അദ്ദേഹം പറഞ്ഞു.അമേരിക്കയിലെ മിഡിൽ ഈസ്റ്റ് പ്രതിനിധികളായ എവി ബെർകോവിറ്റ്‌സും ബ്രയാൻ ഹുക്കും കുഷ്‌നറിനൊപ്പം ചേരുമെന്ന് യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആദം ബോഹ്‌ലര്‍ പറഞ്ഞു.

ഓഗസ്റ്റ് മുതൽ ഇസ്രയേലും ബഹ്‌റൈനും യുണൈറ്റഡ് അറബ് എമിറേറ്റുകളും സുഡാനും തമ്മിലുള്ള സാധാരണവൽക്കരണ ഇടപാടുകൾ ചർച്ച ചെയ്യാൻ കുഷ്‌നറും സംഘവും മധ്യസ്ഥത വഹിച്ചിരുന്നു.

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജനുവരി 20 ന് അധികാരമേറ്റെടുക്കുന്നതിനുമുമ്പ് ഇത്തരം കൂടുതൽ കരാറുകളുമായി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായി അധികൃതർ അറിയിച്ചു.

ഇസ്രയേലുമായുള്ള കരാറിൽ സൗദി അറേബ്യയെ പ്രേരിപ്പിക്കുന്നതിലൂടെ മറ്റ് അറബ് രാജ്യങ്ങളും ആ പാത പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് യുഎസ് അധികൃതരുടെ പ്രതീക്ഷ.

എന്നാൽ സൗദി അറേബ്യ അക്കാര്യത്തില്‍ വിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഇറാന്റെ പ്രാദേശിക സ്വാധീനം തന്നെ അതിനു കാരണം.ടെഹ്‌റാനില്‍ മൊഹ്‌സെൻ ഫക്രിസാദെയെ വെള്ളിയാഴ്ച അജ്ഞാത അക്രമികൾ കൊലപ്പെടുത്തിയതിന് ശേഷമാണ് കുഷ്‌നറുടെ യാത്ര.

രഹസ്യ ഇറാനിയൻ ആണവായുധ പദ്ധതിയുടെ ശില്പിയായിരുന്നു ഫക്രിസാദെ എന്ന് പാശ്ചാത്യ, ഇസ്രായേൽ സർക്കാരുകൾ വിശ്വസിക്കുന്നു. ഫക്രിസാദെ കൊലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദി അറേബ്യ സന്ദര്‍ശിച്ച് മുഹമ്മദ് ബിൻ സൽമാനെ കണ്ടിരുന്നു.

ഒരു ഇസ്രായേൽ നേതാവിന്റെ ആദ്യ സന്ദർശനമാണിത്. ഇവർക്കൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ചേർന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യയിലെ പരമ്പരാഗത സഖ്യകക്ഷികളുമായുള്ള വാഷിംഗ്ടണിന്റെ ബന്ധത്തെ വഷളാക്കിയ ബരാക് ഒബാമയുടെ ഭരണകാലത്ത് സ്വീകരിച്ച നയങ്ങൾക്ക് സമാനമായ നയങ്ങൾ ബൈഡന്‍ ഇറാനിൽ സ്വീകരിക്കുമെന്ന് സല്‍മാന്‍ രാജകുമാരനും നെതന്യാഹുവും ഭയപ്പെടുന്നുണ്ട്.

2018 ൽ ട്രംപ് രാജിവച്ച ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാറിൽ വീണ്ടും ചേരുമെന്നും, അതിന്റെ നിബന്ധനകൾ ശക്തിപ്പെടുത്തുന്നതിന് സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസില്‍ കുഷ്നർ കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തറും ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളും തമ്മിലുള്ള മൂന്നു വർഷത്തെ വിള്ളൽ പരിഹരിക്കാനുള്ള ഏതൊരു ശ്രമത്തിലും കുവൈത്തിന്റെ പങ്ക് നിർണായകമാണ്.

us news
Advertisment