Advertisment

സി.പി.എം .മുൻ കോട്ടയം ജില്ലാ കമ്മിറ്റിയംഗം റ്റി എസ് ശ്രീധരൻ നിര്യാതനായി; സംസ്ക്കാരം ഇന്ന്

New Update

ഏഴാച്ചേരി: മീനച്ചിൽ താലൂക്കിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനും ചെത്ത് തൊഴിലാളി യൂണിയൻ നേതാവും സിപിഐ എം മുൻ കോട്ടയം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ഏഴാച്ചേരി തട്ടാംപറമ്പിൽ റ്റി .എസ് .ശ്രീധരൻ (ടി.എസ്. 82) നിര്യാതനായി.

Advertisment

ഏറെ കാലമായി രാഷ്ട്രീയ രംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്ന ശ്രീധരനെ ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8 മണിയോടെ അന്ത്യം സംഭവിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.

publive-image

മീനച്ചിൽ താലൂക്കിലെ ചെത്ത് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട്

1952 കാലത്ത് ട്രേഡ് യൂണിയൻ മേഖലയിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ശ്രീധരൻ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. അവിഭക്ത പാർടിയുടെ മീനച്ചിൽ താലൂക്ക് കമ്മിറ്റി അംഗമായിരുന്നു.1964ൽ സിപിഐ എം രൂപീകൃതമായപ്പോൾ പാർടി താലൂക്ക് കമ്മിറ്റിയംഗമായി നിരവധി തൊഴിലാളികളെ സി പി എമ്മി നൊപ്പം അണിനിരത്താൻ പ്രവർത്തിച്ചു.

1954 ലെ ട്രാൻസ്പോർട് സമരത്തിൽ പങ്കെടുത്തിട്ടുള്ള ശ്രീധരൻ 1968- 69 കാലത്ത് നടന്ന പൂഞ്ഞാർ ചെത്ത് തൊഴിലാളി സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നു. 1972-73 കാലത്ത് മിച്ചഭൂമി സമരത്തിൽ കടുത്തുരുത്തി, മോനിപ്പിള്ളി, നെല്ലാപ്പാറ എന്നിവിടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് നിരോധനം ലംഘിച്ച് പ്രകടനം നടത്തിയതിന് അറസ്റ്റിലായി ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

1968 മുതൽ ദീർഘകാലം മീനച്ചിൽ ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. യൂണിയൻ ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു.

1987- 88 കാലത്ത് സിപിഐ എം പാലാ ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ഗ്രീധരൻ പിന്നീട് കോട്ടയം ജില്ലാ കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യകാലത്ത് രാമപുരം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സിഐറ്റിയു ജില്ലാ ജോയിന്റ് സെക്രട്ടറി, പാലാ ഏരിയാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സംഘടനാ പ്രശ്നങ്ങളുടെ പേരിൽ സി.പി.എം -ൽ നിന്ന് പുറത്തായശേഷം ദീർഘകാലം പൊതുരംഗത്തു നിന്ന് വിട്ടുനിന്ന ശ്രീധരൻ ഇടക്കാലത്ത് സി. എം .പി (അരവിന്ദാക്ഷൻ വിഭാഗം)യിലും പ്രവർത്തിച്ചു.

ഭാര്യ: ദേവയാനി കോലാനി കൂവക്കാട്ടിൽ കുടുംബാംഗം.

മക്കൾ: മിനി, റ്റി എസ് സുനിൽ (കണ്ടക്ടർ കെഎസ്ആർറ്റിസി പാലാ ഡിപ്പോ, കെഎസ്ആർറ്റിഇഎ പാലാ യൂണിറ്റ് ട്രഷറർ), റ്റി എസ് അനിൽ.

മരുമക്കൾ: ശ്രീധരൻ ആണ്ടൂക്കുന്നേൽ ഇടമല (റിട്ട. കെഎസ്ആർറ്റിസി), രജനി വേളാമറ്റത്തിൽ വല്യാത്ത് (കടനാട് ), ജ്യോതി കിഴക്കേക്കുറ്റ് കാഞ്ഞാർ (അധ്യാപിക, കണ്ണമ്പടി സർകാർ ട്രൈബൽ ഹൈസ്കൂൾ ഏലപ്പാറ).

മരിക്കുവോളം വിപ്ലവ ജ്വാലകൾ മനസ്സിൽ സൂക്ഷിച്ചിരുന്ന ശ്രീധരൻ കഴിഞ്ഞ കുറെക്കാലമായി സജീവ രാഷ്ട്രീയം വിട്ട് ചില നെറ്റ് വർക്ക് - ഇൻഷ്വറൻസ് കമ്പിനികളുമായി ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. വിപുലമായ രാഷ്ട്രീയ-പൊതുപ്രവർത്തക സൗഹൃദ ബന്ധങ്ങൾക്കുടമയുമായിരുന്നു.

Advertisment