Advertisment

ഡോ. ബി.ആർ. ഷെട്ടിയുടെ ധനവിനിമയ സ്ഥാപനങ്ങള്‍ ഇനി ‘ഫിനേബ്ലർ’ എന്ന ഒറ്റ കുടക്കീഴിലേയ്ക്ക്. യുഎഇ എക്സ്ചേഞ്ച് ഇനി 'യൂണിമണി' ( unimoni ) യാകും. ലോഗോയിലും മാറ്റം. യുകെ ആസ്ഥാനമായി ലോക നമ്പര്‍ വണ്‍ ആകാനുള്ള നീക്കം !

author-image
admin
New Update

ദുബായ്: രാജ്യാന്തര തലത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് ‘ഫിനേബ്ലർ’ എന്ന പേരിൽ ഒരു ഹോൾഡിങ് കമ്പനിയ്ക്ക് കീഴിലാക്കുന്നു . ഇതോടെ രാജ്യാന്തര തലത്തില്‍ ഏറ്റവും പ്രശസ്തമായ മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യുഎഇ എക്സ്ചേഞ്ചിന്റെ പേരും ലോഗോയും മാറും .

Advertisment

ഫലത്തില്‍ യുഎഇയില്‍ ഒഴികെ എഇ എക്സ്ചേഞ്ച് യൂണിമണി ( unimoni ) എന്ന പേരിലാകും അറിയപ്പെടുക. യുഎഇയില്‍ പഴയ പേരില്‍ തന്നെയാകും സ്ഥാപനം അറിയപ്പെടുക.

publive-image

യുഎഇ എക്സ്ചേഞ്ച് നിലവില്‍ യുഎഇ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നതെങ്കില്‍ പുതിയ കമ്പനിയായ ‘ഫിനേബ്ലർ’ യുണൈറ്റഡ് കിങ്ഡം കേന്ദ്രമായായിട്ടായിരിക്കും നിലവില്‍ വരിക.

രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായ പ്രമുഖ പ്രവാസി സംരംഭകൻ ഡോ. ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എല്ലാ ധനവിനിമയ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ .

'യൂണിവേഴ്സൽ മണി'യെന്നതിന്റെ ചുരുക്കപ്പേരായിട്ടാണ് 'യൂണിമണി' ഉപയോഗിക്കുന്നത്. യുഎഇ എക്സ്ചേഞ്ചിന്റെ യശസ്സും സേവനമികവും പരിപാലിക്കുന്ന വിധം വിപുലമായ ധനവിനിമയ സേവന ശ്രേണിയാണ് ‘യൂണിമണി’യും ഉറപ്പുനൽകുന്നത്.

നിലവിലുള്ള യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ തങ്ങളുടെ സാമ്പത്തിക വിനിമയ ബ്രാൻഡുകൾക്കിടയിൽ കൂടുതൽ ദിശാബോധവും ഏകോപനവും രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി ചെയര്‍മാന്‍ ബി ആര്‍ ഷെട്ടിയും എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ബിനയ് ഷെട്ടിയും പ്രമോദ് മങ്ങാട്ടും പറഞ്ഞു .

publive-image

ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും നൽകുവാൻ പാകത്തിൽ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉത്പന്നങ്ങളും ഉപയോഗപ്പെടുത്താനും ധനവിനിമയ വ്യവസായത്തിൽ ക്രിയാത്മകമായ സംഭാവനകൾ അവതരിപ്പിക്കാനും ഈ മേഖലയിൽ മികച്ച നിക്ഷേപവും ഏറ്റെടുക്കൽ നടപടികളും വർധിപ്പിക്കാനും ‘ഫിനേബ്ലർ’ ശ്രദ്ധയൂന്നും.

ഇതിനായി പ്രത്യേക ഗവേഷണ വികസന പ്രക്രിയകൾ തന്നെ ഏർപ്പെടുത്തും. പല ദശകങ്ങൾ കൊണ്ട് വിവിധ ബ്രാൻഡുകളിലൂടെ നേടിയ സത്‌കീർത്തിയും വൈദഗ്ധ്യവും പ്രശംസാർഹമായ പരിചയസമ്പത്തും ‘ഫിനേബ്ലർ’ വഴി തങ്ങളുടെ ബ്രാൻഡുകൾക്കിടയിൽ പകർത്തുകയും പങ്കിടുകയും ചെയ്യുന്നതോടൊപ്പം വ്യക്തിതലത്തിലും സ്ഥാപനമെന്ന നിലയിലും നിർബാധം ഇതിന്റെ ഗുണഫലങ്ങൾ സന്നിവേശിപ്പിക്കാനും ലക്ഷ്യമിടുന്നു - ഇവര്‍ പറഞ്ഞു .

നാൽപതിലേറെ വർഷങ്ങളിലെ വ്യവസായ പരിചയവും പതിനെട്ടായിരത്തിലേറെ ജീവനക്കാരും പ്രതിവർഷം 150 ദശലക്ഷം ഇടപാടുകളുമുള്ള ഘടക സ്ഥാപനങ്ങൾ മുഖേന ‘ഫിനേബ്ലർ’ ഹോൾഡിങ് കമ്പനിക്ക് തുടക്കത്തിൽ തന്നെ ആകർഷകമായ ആഗോളമുഖം കൈവന്നിരിക്കുന്നു.

ശാഖാശൃംഖലയിലൂടെയും ഏജന്റ്മാരിലൂടെയും ഡിജിറ്റൽ ചാനലുകളിലൂടെയും മൊത്തത്തിൽ ഏകദേശം ഒരു ബില്യൺ ജീവിതങ്ങളെയാണ് ‘ഫിനേബ്ലർ’ ബ്രാൻഡുകൾ സഹായിക്കുന്നത്. 45 രാജ്യങ്ങളിൽ നേരിട്ടും 165 രാജ്യങ്ങളിൽ ശ്രുംഖലകൾ വഴിയും യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങൾ സേവനം നൽകിവരുന്നു.

publive-image

പുതിയ സാങ്കേതിക നേട്ടങ്ങളെ ധനകാര്യ സേവനങ്ങൾക്കായി വിനിയോഗിച്ചും കൂടുതൽ ഉദ്ഗ്രഥനം നടത്തിയും സമ്പദ്ഘടനയെ ശക്തമാക്കുകയാവും 'ഫിനേബ്ലർ' മുന്നോട്ടുവെക്കുന്ന വളർച്ചയുടെ മുഖ്യനയം.

നാളെയിലേക്കു നോക്കുന്ന ഉപയോക്താക്കൾക്ക് ധനവിനിമയ വ്യവസായത്തിൽ അവരുടെ പ്രതീക്ഷകൾക്കൊത്ത സേവനം അപ്പപ്പോൾ നല്കുന്നതിനാണ് 'ഫിനേബ്ലർ' ലക്ഷ്യമാക്കുന്നതെന്നും നാല്പതാണ്ടുകളിലൂടെ തങ്ങൾ ആർജ്ജിച്ച ജനവിശ്വാസവും സ്വീകാരവുമാണ് നിരന്തരമായ നവീകരണത്തിന്റെ ഊർജ്ജമെന്നും 'ഫിനേബ്ലർ' സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു.

ഗവേഷണത്തിനും സാങ്കേതികവത്കരണത്തിനും വലിയ നിക്ഷേപം നടത്തിക്കൊണ്ട് തങ്ങളുടെ ബ്രാൻഡുകളിൽ വിപ്ലവകരമായ സേവന സൗകര്യങ്ങൾ ആവിഷ്കരിക്കുവാനും സദാ നിരതമാകുന്ന ഒരു ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിക്കുവാനും തങ്ങൾ ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന വിധത്തിൽ മൂല്യവത്തും സൗകര്യപ്രദവുമായ സേവനങ്ങൾ ഉറപ്പുവരുത്തണമെങ്കിൽ കാലോചിതമായ സാങ്കേതിക നവീകരണങ്ങൾ അനിവാര്യമാണെന്നും ആ നേട്ടം കൈവരിക്കാൻ ഉതകുന്ന വലിയ നിക്ഷേപങ്ങളാണ് തങ്ങളുടെ നെറ്റ്‌വർക്ക് സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്നതെന്നും 'ഫിനേബ്ലർ' എക്സിക്യൂട്ടീവ് ഡയറക്ടർ ബിനയ് ഷെട്ടി വ്യക്തമാക്കി.

publive-image

ഫലത്തിൽ ജീവനക്കാരിലും പ്രക്രിയകളിലും സാങ്കേതികതയിലും സമൂലമായ മികവ് ഇതുവഴി സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങളിൽ 'ഇന്നൊവേഷൻ ഹബ്' (ഐ - ഹബ്) സ്ഥാപിക്കുമെന്നും ഇവ വ്യവസായത്തിലെ പുതുപ്രവണതകളും സാധ്യതകളും കണ്ടെത്തി നവീന പരിപാടികൾ നടപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യുഎഇ എക്സ്ചേഞ്ച് പ്രഖ്യാപിച്ച 250 - 300 മില്യൺ ഡോളറിന്റെ ഇൻവെസ്റ്റ്മെന്റ് ആൻഡ് അക്വീസിഷൻ പ്ലാനുകൾ മികച്ച നേട്ടങ്ങൾ കൊണ്ടുവരുമെന്നും ബിനയ് ഷെട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

പണവിനിമയ രംഗത്തെ വിവിധ സേവനവിഭാഗങ്ങളിൽ ഉപയോക്താക്കളുടെ നിറഞ്ഞ സ്വീകാരം ഏറ്റുവാങ്ങിയ യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങൾ വഴി തങ്ങൾ മാറ്റുരച്ചു നേടിയ പരിചയ സമ്പത്താണ് ഇപ്പോൾ യു.കെ. കേന്ദ്രമായി ഒരു ഹോൾഡിങ് കമ്പനിക്കു പ്രേരണയായതെന്നും 'ഫിനേബ്ലർ' ആവിഷ്കരിക്കുന്ന ഐ - ഹബുകൾ വഴി സ്വയം നവീകരിക്കുക മാത്രമല്ല, ഉചിതമായ പങ്കാളിത്തത്തിലൂടെയും വിജ്ഞാന സഹകരണത്തിലൂടെയും പ്രസ്തുത വ്യവസായത്തെ ഗുണപരമായി ഉയർത്തുകയുമാണ് ഉദ്ദേശ്യമെന്ന് ‘ഫിനേബ്ലർ’ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രമോദ് മങ്ങാട്ട് വിശദീകരിച്ചു.

publive-image

വിവരസാങ്കേതിക വിദ്യയുടെ ഈ വിപ്ലവകാലത്ത് നിക്ഷേപം ഫലവത്താക്കാനും ഉപഭോക്തൃ സേവനം കുറ്റമറ്റതാക്കാനും പ്രാപ്തിയും പ്രയോഗവും നന്നായി വിനിയോഗിക്കാനും അതിലൂടെ ധനവിനിമയ രംഗത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് എളുപ്പവും നേട്ടവും സാധ്യമാക്കാനുമാണ് 'ഫിനേബ്ലർ' ഊന്നൽ നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങളോ ഉത്പന്നങ്ങളോ ഏറ്റെടുക്കുമ്പോഴും പുതിയ നിക്ഷേപാവസരങ്ങൾ കണ്ടെത്തുമ്പോഴും ഇതേ സമീപനമാണ് തങ്ങൾ പിന്തുടരുന്നത്.

യുഎഇ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന യുഎഇ എക്സ്ചേഞ്ച് സ്ഥാപനങ്ങളെ ‘യൂണിമണി’ എന്ന പുതിയ നാമത്തിൽ ഏകരൂപത്തിൽ അവതരിപ്പിക്കുമെന്നും ‘ഫിനേബ്ലർ’ സാരഥികൾ പ്രഖ്യാപിച്ചു.

latest UAE Exchange
Advertisment