Advertisment

ജോസ് കെ മാണി മുന്നണി വിട്ടെങ്കിലും പാലാ യുഡിഎഫ് വികാരത്തിനൊപ്പമെന്ന് ഉറപ്പാക്കാന്‍ നാട്ടുകാരായ 2 മുതിര്‍ന്ന നേതാക്കള്‍ക്ക് 'പാലാ' ദൗത്യം നല്‍കി കോണ്‍ഗ്രസിന്‍റെ 'ഓപ്പറേഷന്‍ പാലാ'യ്ക്ക് തുടക്കമായി ! തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നോക്കാതെ ജയസാധ്യതമാത്രം നോക്കി സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ മുന്നണിയില്‍ ധാരണ ! ഇലക്ഷന്‍ പോരിനു മുമ്പേ പാര്‍ട്ടിയിലെ പോര് തീര്‍ക്കാന്‍ വാഴയ്ക്കനും കല്ലാനിയും ഓട്ടം തുടങ്ങി !!

New Update

publive-image

Advertisment

പാലാ: കേരളാ കോണ്‍ഗ്രസ്-എം മുന്നണിവിട്ട് എല്‍ഡിഎഫ് പാളയത്തിലെത്തിയ സാഹചര്യത്തില്‍ പാലാ പിടിക്കാന്‍ നാട്ടുകാരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചുമതല നല്‍കി കോണ്‍ഗ്രസ് നീക്കം.

കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയ്ക്കന്‍, മുന്‍ ഡിസിസി പ്രസിഡന്‍റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടോമി കല്ലാനി എന്നിവര്‍ക്ക് പാലാ നിയോജക മണ്ഡലത്തിന്‍റെ ചുമതല കൈമാറിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇരുവരും പാലാ നിയോജക മണ്ഡലത്തില്‍നിന്നുള്ള നേതാക്കളാണ്.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ പാലായില്‍ നിന്നും പരമാവധി സീറ്റുകള്‍ സമാഹരിച്ച് യുഡിഎഫ് വികാരം നിലനിര്‍ത്തുകയെന്നതാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ള ദൗത്യം.

ഇതിന്‍റെ ഭാഗമായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്‍റെ ഭാഗമായുള്ള കൂടിക്കാഴ്ചകളും പാര്‍ട്ടിയോഗങ്ങളുമായി വാഴയ്ക്കനും കല്ലാനിയും പാലായില്‍ സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

ഇതിനോടകം 4 പഞ്ചായത്തുകളില്‍ പാര്‍ട്ടിയോഗങ്ങള്‍ ഇരുവരും ഒന്നിച്ചിരുന്നാണ് വിളിച്ചുചേര്‍ത്തത്. വ്യാഴാഴ്ച മീനച്ചില്‍ പഞ്ചായത്തിലെ യോഗം ചേരുകയാണ്. പ്രധാനമായും മണ്ഡലം കമ്മറ്റികളില്‍ ഗ്രൂപ്പുകള്‍ തമ്മിലും നേതാക്കള്‍ തമ്മിലുമുള്ള അഭിപ്രായഭിന്നത പരിഹരിച്ച് ഒറ്റക്കെട്ടായി പാര്‍ട്ടിയെ തെരഞ്ഞെടുപ്പിനു സജ്ജമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

ഗ്രൂപ്പ് തര്‍ക്കങ്ങളും ഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി നീങ്ങണം എന്ന കര്‍ശന നിര്‍ദ്ദേശമാണ് നേതാക്കള്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പും പാര്‍ട്ടിയും പോലും നോക്കാതെ ജയസാധ്യതയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിലെ ധാരണ.

അതുപ്രകാരം ഓരോ വാര്‍ഡ‍ുകളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥി ഏത് പാര്‍ട്ടിക്കാരനായാലും അവര്‍ക്ക് സീറ്റ് അനുവദിക്കാനാണ് നിര്‍ദ്ദേശം. മുന്നണികളിലെ പാര്‍ട്ടി വീതംവയ്പ്പിന്‍റെ കാര്യത്തില്‍ പാലായില്‍ നിര്‍ബന്ധബുദ്ധി വേണ്ടെന്ന് ജില്ലാ തലത്തില്‍ ധാരണയായിട്ടുണ്ട്.

അതിനാല്‍തന്നെ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളുമായി വരുന്ന പാര്‍ട്ടിക്കാര്‍ക്കേ ഇത്തവണ സീറ്റുണ്ടാകുകയുള്ളു.

പാര്‍ട്ടിനോക്കാതെ യുഡിഎഫിന് പരമാവധി സീറ്റുകള്‍ നേടിയെടുക്കുകയാണ് ലക്ഷ്യം. അതിനാല്‍തന്നെ ജോസഫ് വിഭാഗം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളോട് സീറ്റുകളുടെ കാര്യത്തില്‍ വാശിപാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും നേതാക്കള്‍ ഇതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വാര്‍ഡില്‍ പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥികളില്ലെങ്കില്‍ യുഡിഎഫ് അനുഭാവികളായ സ്വതന്ത്രരെ കണ്ടെത്തി സ്ഥാനാര്‍ഥിയാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇതുപ്രകാരം കോണ്‍ഗ്രസ് അണികളെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാനായി പാലാ നഗരസഭ, കടനാട്, കരൂര്‍, എലിക്കുളം പഞ്ചായത്തുകളിലെ ആദ്യഘട്ട കമ്മറ്റികളാണ് കഴിഞ്ഞത്.

മീനച്ചില്‍ പഞ്ചായത്തിലെ രണ്ടാം ഘട്ട യോഗമാണ് വ്യാഴാഴ്ച നടക്കുന്നത്. തൊട്ടുപിന്നാലെ കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തലപ്പലം, തലനാട് പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളും ചേരും.

 

pala news
Advertisment