Advertisment

ജോസഫ് വിഭാഗത്തിന് കോണ്‍ഗ്രസ് നല്‍കുക പരമാവധി 5 - 7 സീറ്റ് മാത്രം ! സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കള്‍ നിരാശയില്‍. ചങ്ങനാശേരി ഏറ്റെടുക്കുമെന്നും കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. യുഡിഎഫിന് കീറാമുട്ടിയാകുക ജോസഫുമായുള്ള സീറ്റ് വിഭജനം. ജോസ് പക്ഷത്തെ പറഞ്ഞുവിട്ടത് നേട്ടമാകണമെങ്കില്‍ 10 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് നേതാക്കള്‍

New Update

publive-image

Advertisment

കോട്ടയം: ജോസ് കെ മാണി പക്ഷം പോയതോടെ അവര്‍ കൂടി മത്സരിച്ചിരുന്ന സീറ്റുകളില്‍ ജോസഫ് വിഭാഗം കണ്ണുവച്ചിട്ടുണ്ടെങ്കിലും അതു കിട്ടില്ലെന്ന കാര്യം അവര്‍ക്ക് തന്നെ ഉറപ്പാണ്.

എങ്കിലും കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് നല്‍കുമെന്ന പ്രതീക്ഷയിലാണ് പിജെ ജോസഫ് വിഭാഗം. അതേസമയം കൂടുതല്‍ നേതാക്കള്‍ സീറ്റുമോഹിച്ച് പാര്‍ട്ടിയിലെത്തുന്നത് ജോസഫിന് തലവേദനയാകുന്നുണ്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി 15 സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ പഴയ മാണി വിഭാഗം 11 ഇടത്ത് മത്സരിച്ചപ്പോള്‍ 4 സീറ്റുകളിലായിരുന്നു ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.

പാലാ, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറപ്പ്, ആലത്തൂര്‍ സീറ്റുകളിലായിരുന്നു മാണി വിഭാഗം മത്സരിച്ചത്.

തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് സീറ്റുകളില്‍ ജോസഫ് വിഭാഗവും മത്സരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 4 സീറ്റുകള്‍ക്ക് പുറമെ ചങ്ങനാശ്ശേരി, തിരുവല്ല, ഇടുക്കി, ഇരിങ്ങാലാക്കുട എന്നീ സീറ്റുകള്‍ ഉറപ്പായും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. നേതാക്കളുടെ ബാഹുല്യം പരിഗണിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെങ്കിലും അതുകിട്ടില്ലെന്നു ഉറപ്പാണ്.

തൊടുപുഴയില്‍ ജോസഫ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമും, കോതമംഗലത്ത് ഫ്രാന്‍സിസ് ജോര്‍ജും മത്സരിക്കാനാണ് സാധ്യത.

അടുത്തിടെ കേരള കോണ്‍ഗ്രസ് ജേക്കബില്‍ നിന്നും എത്തിയ ജോണി നെല്ലൂരിന് വേണ്ടി ഇടുക്കി സീറ്റ് ചോദിക്കാനും ജോസഫ് തീരുമാനിച്ചിട്ടുണ്ട്. ഇടുക്കി കിട്ടിയാല്‍ ജോണി നെല്ലൂരിനെ കോതമംഗലത്തേക്ക് മാറ്റി ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ഇടുക്കിയില്‍ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ തവണ മാണി പക്ഷത്ത് നിന്നുകൊണ്ട് ഇരിങ്ങാലക്കുടയില്‍ മത്സരിച്ച തോമസ് ഉണ്ണിയാടനും തിരുവല്ലയില്‍ നിന്ന് മത്സരിച്ച ജോസഫ് എം പുതുശ്ശേരിയും നിലവില്‍ ജോസഫിനൊപ്പമാണ്. സീറ്റ് ലക്ഷ്യം വെച്ചാണ് ഇവര്‍ ജോസഫ് പക്ഷത്തേക്ക് കൂടുമാറിയത്.

അതേസമയം നിലവിലെ നാല് സീറ്റിന് പുറമേ പരമാവധി രണ്ടു സീറ്റുകള്‍ കൂടി നല്‍കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. വേണ്ടിവന്നാല്‍ ഒരു സീറ്റ് കൂടി ജോസഫിന് ലഭിച്ചേക്കാം. അങ്ങനെ വന്നാല്‍ ചങ്ങനാശേരി തിരിച്ചെടുക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

എന്നാല്‍ പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ ഇത്തവണയും പാര്‍ട്ടിയില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

ചില സ്ഥാനാര്‍ത്ഥികളേയും അവര്‍ മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ട്. സി.എഫിന്റെ സഹോദരനും ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനുമായ സാജന്‍ ഫ്രാന്‍സിസും സിഎഫിന്‍റെ മകള്‍ എന്നിവരാണ് ജോസഫിന്റെ മനസിലുള്ള സ്ഥാനാര്‍ത്ഥികള്‍.

എന്നാല്‍ വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന കെസി ജോസഫിനുവേണ്ടി ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസില്‍ നിന്നും ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെസി ജോസഫ് സ്ഥാനാര്‍ത്ഥിയായാല്‍ ജോസഫ് എതിര്‍ക്കില്ലെന്നും ചില സൂചനകളുണ്ട്.

പ്രവര്‍ത്തകരുള്ള ജോസ് പക്ഷത്തെ മുന്നണിയ്ക്ക് പുറത്തുവിട്ടത് നേട്ടമാകണമെങ്കില്‍ അധികം വരുന്ന സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതല്ലാത്ത ഒരു ഒത്തുതീര്‍പ്പിനും കോണ്‍ഗ്രസ് ഒരുക്കമല്ല.

ജോസഫിന്‍റെ കുടെയുള്ളത് മുമ്പ് പലതവണ മത്സരിച്ച് തോറ്റ നേതാക്കളുമാണ്. തൊടുപുഴയ്ക്ക് പുറത്ത് ജോസഫിന്‍റെ പാര്‍ട്ടിക്ക് അണികളില്ലെന്നതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഒരു തൊടുപുഴ പാര്‍ട്ടിക്കുവേണ്ടി 4 സീറ്റുകളിലധികം വിട്ടുനല്‍കുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്.

അതിനിടെ സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് കടുംപിടുത്തം തുടരുകയാണെങ്കില്‍ ജോസഫ് പക്ഷത്തെ പല പ്രമുഖര്‍ക്കും ഇക്കുറിയും സീറ്റ് ലഭിക്കാതെ വരും. ജോണി നെല്ലൂര്‍, വിക്ടര്‍ തോമസ്, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പന്‍ എന്നിവരുള്‍പ്പടെ പല നേതാക്കള്‍ക്കും ഇതു തിരിച്ചടിയാകാനാണ് സാധ്യത.

pj joseph udf udf seat allocation
Advertisment