Advertisment

കോവിഡ് പരത്തുന്നുവെന്ന പഴി ഇനി കേള്‍ക്കേണ്ട ! ആളില്ലാതെ സമരം മുമ്പോട്ടു കൊണ്ടുപോയി പരിഹാസ്യരാകേണ്ടെന്ന ആശ്വാസത്തില്‍ യുഡിഎഫ്. തെരുവുകളില്‍ നിന്നും സമരക്കാരൊഴിയുന്നതോടെ ആശ്വാസം പോലീസിന്. സമരക്കാരെ ചാരി ഇനി കോവിഡില്‍ സര്‍ക്കാരിന് കൈകഴുകാനാകില്ല. പ്രതിപക്ഷം പ്രത്യക്ഷ സമരം നിര്‍ത്തിയതോടെ ആശ്വാസം ആര്‍ക്കൊക്കെ ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ദിനംപ്രതി കൂടിയതോടെ രോഗവ്യാപനത്തിനു പിന്നില്‍ യുഡിഎഫിന്റെ സമരങ്ങളാണെന്ന ആക്ഷേപമായിരുന്നു സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തിയത്. സമരക്കാരുടെ ലക്ഷ്യം കോവിഡ് പരത്തുക എന്നതാണെന്നുപോലുമുള്ള ഗുരുതരമായ ആരോപണങ്ങള്‍ പോലും ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായി പ്രത്യക്ഷ സമരങ്ങളില്‍ നിന്നും പിന്‍മാറാന്‍ യുഡിഎഫ് തീരുമാനിച്ചത്.

യുഡിഎഫിന്റെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളും സമരം നിര്‍ത്താന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവാണ് അറിയിച്ചത്. നേരത്തെ വിദ്യാര്‍ത്ഥി-യുവജന സംഘടനാ നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വ്യാജപ്പേരില്‍ കോവിഡ് പരിശോധന നടത്തിയെന്ന ആക്ഷേപം പ്രതിപക്ഷത്തിന്റെ സമരങ്ങളുടെ ശോഭകെടുത്തി തുടങ്ങിയിരുന്നു.

ഇതിനിടെയാണ് കോവിഡ് കണക്കുകള്‍ പിടിവിട്ട് കുതിച്ചു തുടങ്ങിയത്. ഇതോടെ ഈ അവസരം മുതലെടുത്ത് സമരം അവസാനിപ്പിക്കാനും ആള്‍ക്കൂട്ടമില്ലാത്ത സമാധാനപരമായ സമരം തുടരാനും പ്രതിപക്ഷം തീരുമാനിച്ചത്. കോവിഡ് കാലത്ത് ഏറെ ചെലവേറിയ പ്രത്യക്ഷ സമരം നിര്‍ത്തുന്നത് ഒരു തരത്തില്‍ യുഡിഎഫിന് ആശ്വാസമാണ് എന്നതാണ് സത്യം.

സമരങ്ങളുടെ മൂര്‍ച്ച കുറഞ്ഞാല്‍ അതു കൂടുതല്‍ പരിഹാസ്യമാകാനിടയുണ്ടെന്നും യുഡിഎഫ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് വേഗത്തില്‍ സമരം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിയത്. എന്നാല്‍ ബിജെപി സമരം അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ല.

തെരുവുകളില്‍ നിന്നും സമരക്കാര്‍ ഒഴിയുന്നത് സര്‍ക്കാരിനും വലിയ ആശ്വാസമാണ്. സമരക്കാരെ നേരിട്ട 174 പോലീസുകാര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പക്ഷേ സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിരോധങ്ങളുടെ മുന ഇതോടെ ഒടിയാനും സാധ്യതയുണ്ട് എന്നൊരു വെല്ലുവിളിയുണ്ട്.

നിലവില്‍ ദിവസേന 50000ത്തിന് മുകളിലാണ് സാമ്പിള്‍ പരിശോധിക്കുന്നത്. ഇനി അതു കുറയ്ക്കാനും ബുദ്ധിമുട്ട് ഉണ്ടാകും. പരിശോധനയുടെ എണ്ണം കൂടുംതോറും രോഗികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. സമരക്കാരെ ചാരി ഇനി കോവിഡ് കൂടുന്നതിലെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിനും ഇനി ഒഴിയാനവില്ല എന്നു ചുരുക്കത്തില്‍ പറയാം.

udf covid spread
Advertisment