Advertisment

പട്ടാളവേഷത്തിലെ വീഡിയോ : രാജ്യം കാക്കുന്ന സൈനികനെങ്ങനെ ആള്‍മാറാട്ടക്കാരനാകും ? യുവ സൈനികനെതിരെ ചുമത്തിയ വകുപ്പുകളും കേസും നിലനില്‍ക്കില്ല ! ചെന്നിത്തലയുടെ സെക്രട്ടറിക്കെതിരായ വാദവും പൊളിയുന്നു

New Update

തിരുവനന്തപുരം:  മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പട്ടാളവേഷത്തില്‍ വീഡിയോ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത പോലീസ് നടപടി നിലനില്‍ക്കില്ലെന്ന് വിലയിരുത്തല്‍.

Advertisment

യുവാവ് രാജ്യം കാക്കുന്ന സൈനികരിലൊരാള്‍ തന്നെയെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആള്‍മാറാട്ടത്തിന് എടുത്ത കേസും സുപ്രീംകോടതി റദ്ദാക്കിയ 118 എ വകുപ്പു പ്രകാരമുള്ള ചാര്‍ജ്ജും തമാശയായി മാറും .

publive-image

മാത്രമല്ല , സൈനികൻ കുറ്റം ചെയ്‌താൽ കോർട്ട് മാർഷൽ വിചാരണ മാത്രമേ ചെയ്യാനാകൂ എന്നതിനാൽ കേരളാ പോലീസ് ചാര്‍ജ് ചെയ്ത കേസ് വെറുതെയാകും. ആകെ സൈനികനെതിരെ ചുമത്താന്‍ കഴിയുക മുഖ്യമന്ത്രിയെ വിമര്‍ശിച്ചെന്നത് മാത്രമാകും.

അതിനുതന്നെ ഇദ്ദേഹത്തിനെതിരെ പോലീസ് വിചാരണയും സാധ്യമാകുമോ എന്നതും തര്‍ക്ക വിഷയമാണ് . മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിനെ കേസിലെയ്ക്ക് വലിച്ചിഴച്ചതും ഇതോടെ അപ്രസക്തമാകും.

publive-image

മുമ്പ് മദ്രാസ് റെജിമെന്റിന് കീഴിലുള്ള പാരാ മിലിട്ടറി ഫോഴ്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഉണ്ണി കെ എസ് (ഉണ്ണി നായര്‍) എന്ന സൈനികന്‍ ഇപ്പോള്‍ മിലിട്ടറി സെക്യൂരിറ്റി ഫോഴ്സിലാണ് ജോലി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ ഡിഫൻസ് സെക്യൂരിറ്റി കോറിൽ (ആർമി നമ്പർ 10291610 ) സൈനികനായി സേവനം അനുഷ്ഠിക്കുന്ന ഉണ്ണി കെ എസിനെയാണ് സൈനികൻ അല്ലാതാക്കിയത്. ഇതോടെ മുഖ്യമന്ത്രിയെ അവഹേളിച്ച് പോസ്റ്റിട്ടത് വ്യാജ സൈനികന്‍ ആയിരുന്നെന്ന പ്രചരണം പൊളിയുകയാണ്.

publive-image

അടുത്ത ദിവസം നാട്ടിൽ എത്താനിരിക്കുന്ന ഉണ്ണി ഈ വാർത്ത അറിഞ്ഞു അമ്പരന്നിരിക്കുകയാണ്. സൈനികൻ കുറ്റം ചെയ്‌താൽ കോർട്ട് മാർഷൽ വിചാരണ മാത്രമേ ചെയ്യാനാകൂ എന്നതിനാൽ അദ്ദേഹത്തിനെതിരായ കുറ്റം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി അഭിഭാഷകനായ രഞ്ജിത്ത് മാരാർ അഭിപ്രായപ്പെട്ടു.

രഞ്ജിത്ത് മാരാർ വാദിച്ച കേസിലാണ് 118 ഡി, 66 എ എന്നീ വകുപ്പുകൾ സുപ്രീം കോടതി എടുത്തുകളഞ്ഞത്. ഭരണാഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു വർഷം മുൻപ് സുപ്രീംകോടതി 118 എ വകുപ്പ് റദ്ദ് ചെയ്തത്.

പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് ഉണ്ണി കെ എസ്. കടമ്മനിട്ട ദേവീ ക്ഷേത്രത്തിന് സമീപമാണ് ഇയാളുടെ വസതി.

മാത്രമല്ല, ശനിയാഴ്ച പോസ്റ്റ് ചെയ്ത ഈ വീഡിയോ പ്രതിപക്ഷ നേതാവിന്റെ സ്വകാര്യ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ രമേശ്‌ ചെന്നിത്തലയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാനെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് ഈ വിവാദം മറ്റൊരു തലത്തിലേക്ക് വളര്‍ന്നു മാറിയത്.

publive-image

പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വിവാദത്തിലായതോടെ പ്രതിപക്ഷവും സമ്മര്‍ദ്ദത്തിലായിരുന്നു. അതിനിടെയിലാണ് പോസ്റ്റിട്ട യുവാവ് യഥാര്‍ത്ഥ സൈനികന്‍ തന്നെയെന്ന സ്ഥിരീകരണം വന്നിരിക്കുന്നത്.

18 നു ശനിയാഴ്ച രാത്രി ഭാരതീയ മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മിറ്റി എന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വീഡിയോ വൈറലായത്. മിനിട്ടുകള്‍ക്കകം 10000 പേര്‍ ഈ വീഡിയോ കണ്ടു.

publive-image

30000 ത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. അതിനുശേഷം ഞായറാഴ്ചയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് സ്റ്റാഫ് ഇത് പ്രതിപക്ഷ നേതാവിന്റെ സ്വകാര്യ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്.

ഈ വീഡിയോയുടെ നിജസ്ഥിതി അറിയാനാണ് പ്രതിപക്ഷ നേതാവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹബീബ് ഖാന്‍ വീഡിയോ ഗ്രൂപ്പിലിട്ടതെന്നും അതല്ലാതെ വീഡിയോ പബ്ലിക് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിച്ചിട്ടില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ വിശദീകരണം.

അതായത് 28000 പേര്‍ ഷെയര്‍ ചെയ്ത ശേഷമാണ് ഹബീബ് ഈ വീഡിയോ ഷെയര്‍ ചെയ്തതെന്നതിനാല്‍ തന്നെ ഈ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ ഹബീബ് ആണെന്ന പോലീസിന്‍റെ വാദം അസ്ഥാനത്താകും .

ലക്ഷങ്ങൾ കണ്ടതിനു ശേഷം മാത്രം ഫോർവേഡ് ചെയ്യുന്ന വീഡിയോ എങ്ങനെയാണ് ഹബീബ്‌ഖാൻ പ്രചരിപ്പിക്കുന്നത് എന്ന ചോദ്യമാണ് പോലീസിനെ വെട്ടിലാക്കിയത്. കൈരളിയിലെ മാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന ഗ്രൂപ്പിൽ തന്നെ ഇതിന് മുൻപേ ഈ വീഡിയോ എത്തിയിരുന്നു.

ദുരന്ത നിവാരണ അതോറിറ്റി വൻ പരാജയമാണെന്നും ദുരഭിമാനം വെടിഞ്ഞു സൈന്യത്തിന്റെ സഹായം തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപെട്ടത്‌ പൊതുസമൂഹം ഏറ്റെടുത്തതാണ് സിപിഎ൦ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്. മുന്‍ സൈനികരായ നിരവധി പേരും ഈ വാദം അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.

publive-image

ആ വീഡിയോകള്‍ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഉണ്ണി കെ എസ് എന്ന സൈനികന്‍റെ വാക്കുകള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ രൂക്ഷമായ വിമര്‍ശനമായി മാറിയതും ഇദ്ദേഹം സൈനികനല്ലെന്ന പ്രചാരണവുമാണ് സംഭവം കേസായി മാറാന്‍ കാരണമായത്.

എന്തായാലും വീഡിയോയില്‍ സംസാരിക്കുന്ന യുവാവ് യഥാര്‍ത്ഥ സൈനികനാണെന്ന് വ്യക്തമായതോടെ വിവാദത്തില്‍ കഴമ്പില്ലാതായിരിക്കുകയാണ്.

അതേസമയം, വീഡിയോയുടെ തുടക്കത്തില്‍ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന വിധമുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് ഉറ്റവരും ഉടയവരും ദുരിതത്തില്‍ അകപ്പെട്ടു നിലവിളിക്കുന്നത് കണ്ട ഒരാളുടെ വൈകാരിക പ്രതികരണമാണെന്ന് യുവാവിനു വാദിക്കാം.

mazha ramesh chennithala pinarayivijayan
Advertisment