Advertisment

വരാപ്പുഴ കസ്റ്റഡി മരണം: സര്‍ക്കാര്‍ കേസ് ഡയറി ഹാജരാക്കി; ശ്രീജിത്തിന്റെ കസ്റ്റഡി എസ്.പി അറിഞ്ഞിരിക്കുമെന്ന് സി.ബി.ഐ: വിധി ചൊവ്വാഴ്ച

New Update

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വരുമോ എന്നത് ചൊവ്വാഴ്ച അറിയാം. പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിച്ചാല്‍ ശരിയാകുമോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ശ്രീജിത്തിന്റെ മരണത്തില്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.

Advertisment

publive-image

ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിന് തുടക്കം മുതല്‍ പാളിച്ച സംഭവിച്ചുവെന്ന് സി.ബി.ഐ വ്യക്തമാക്കി. അസ്വഭാവിക മരണം എന്നാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. കൊലപാതകം ആണെന്ന് അറിഞ്ഞിട്ടും അത് തിരുത്താന്‍ പോലീസ് തയ്യാറായില്ല. ആര്‍.ടി.എഫ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം സ്വഭാവികമായും എസ്.പി അറിഞ്ഞിട്ടുണ്ടാകും. വയര്‍ലെസ് അടക്കമുള്ള സന്ദേശം പോയിരിക്കും. കേസ് ഡയറി അടക്കമുള്ള രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അന്വേഷണം ശരിയായ രീതിയിലാണോ എന്ന് കോടതി പരിശോധിച്ച് തീരുമാനമെടുക്കണമെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.

publive-image

അതിനിടെ, കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എ.വി ജോര്‍ജിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ എസ്.പിയുടെ നിര്‍ദേശമില്ലാതെ ആര്‍.ടി.എഫ് എങ്ങനെ ഒരാളെ കസ്റ്റഡിയില്‍ എടുക്കുമെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ എന്ന ഗുരുതരമായ വിമര്‍ശനവും ഹൈക്കോടതി നടത്തി.

Advertisment