Advertisment

കന്നിമൂലയും കക്കൂസും……

New Update

വളരെ പ്രശസ്തനായ ഒരു വാസ്തു/ ജ്യോതിഷ പണ്ഡിതൻ താൻ പ്രവചിച്ച മഴയെക്കുറിച്ചുള്ള വിഷു ഫലത്തിൽ പറഞ്ഞിരുന്നത് ” ജൂലൈ 17 മുതല് ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും ലഭിക്കില്ല. ആഗസ്റ്റ് 1 മുതല് 17 വരെ കുറച്ചൊക്കെ മഴ കിട്ടും. വന പര്വ്വതങ്ങളില് കഴിഞ്ഞ വര്ഷം ലഭിച്ച അത്രയൊന്നും മഴ ഈ വര്ഷം ലഭിക്കില്ല.” എന്നാണ്.

Advertisment

എന്നാൽ ഇത് പൂർണ്ണമായും തെറ്റായിരുന്നു എന്നും, കേരളത്തിൽ വൻ പ്രളയം ഉണ്ടായി എന്നതും ചരിത്രത്തിന്റെ ഭാഗമായി.

“തെറ്റിയത് തനിക്കാണ്, ജ്യോതിഷത്തിനല്ല” എന്ന് അദ്ദേഹത്തിന്റെ പത്രക്കുറിപ്പും വന്നു.

എന്നാൽ എന്റെ അഭിപ്രായത്തിൽ തെറ്റിയത്, അദ്ദേഹത്തിനല്ല, ജ്യോതിഷത്തിനാണ്. അദ്ദേഹത്തിന് തെറ്റാൻ സാധ്യത കുറവല്ലേ? വളരെ വർഷങ്ങളായുള്ള അറിവും, പ്രവർത്തി പരിചയവും, പരിജ്ഞാനവും ഉള്ള അദ്ദേഹത്തിന് തെറ്റില്ല.

പക്ഷേ, അദ്ദേഹം വിശ്വസിക്കുന്ന ശാസ്ത്രം തട്ടിപ്പാണ്, അതു കൊണ്ടാണ്, അതു കൊണ്ട് മാത്രമാണ് തെറ്റിയത്.

ഇത് തട്ടിപ്പു ശാസ്ത്രമാണ് എന്ന് ഒരു മാസം മുൻപേ, ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ജ്യോതിഷ വിശ്വാസികൾ “തെളിവ് എവിടെ?” എന്ന് മുറവിളി കൂട്ടിയേനെ.

ഇപ്പോൾ ദാ ‘തെളിവ്, തെങ്ങും തടി പോലെ മുന്നിൽ കിടക്കുന്നു.’

അപ്പോൾ അദ്ദേഹം പറയുന്നത് “ലഗ്നത്തിൽ വിഗ്നവും വ്യാഴം നീചസ്ഥാനത്തും ” നിന്ന സമയത്തു ഗണിച്ചതിനാലാണ് തെറ്റ് പറ്റിയതെന്നാണ്.

അപ്പോൾ ഈ ‘ലഗ്നത്തിൽ വിഗ്നം’ വന്ന സമയങ്ങളിൽ ഗണിച്ചു ചേർത്ത ‘ഒരിക്കലും ചേരാത്ത’ ആയിരക്കണക്കിന് വിവാഹപ്പൊരുത്തനങ്ങൾക്ക് ആര് ഉത്തരം പറയും?

‘വ്യാഴം നീചസ്ഥാനത്തു’ നിന്നപ്പോൾ ഗണിച്ചുണ്ടാക്കിയ ‘സ്ഥാനം തെറ്റിയ’ പതിനായിരക്കണക്കിന് വീടുകൾക്ക് ആര് ഉത്തരം പറയും?

ജ്യോതിഷത്തിന്റെ ഒരു പ്രത്യേകത എന്തെന്നാൽ കബളിപ്പിക്കാൻ എളുപ്പമാണ്, പക്ഷെ അത് തെളിയിക്കാൻ ഒരിക്കലും സാധ്യം ആവുകയും ഇല്ലായിരുന്നു.

മിക്കവാറും ജ്യോതിഷ പ്രവചനങ്ങൾ ‘വ്യക്ത്യാധിഷ്ഠിതമാണ്’ ശരി ആയാൽ മാത്രം പലരും പുറത്തു പറയുകയും, തെറ്റിയാൽ മിണ്ടാതെ ഇരിക്കുകയും ചെയ്യും.

അൻപത്തി അഞ്ചിൽ മരിക്കും എന്നു പറഞ്ഞ പലരും എൺപത്തിലും, തൊണ്ണൂറിലും ഒക്കെ ആരോഗ്യത്തോടെ നടക്കുന്നത് പലർക്കും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. ഇങ്ങനെയുള്ള കേസുകളിൽ ‘മരിക്കാത്തവർക്ക് ഒരിക്കലും പരാതി ഉണ്ടാവാറില്ല.’ എൺപത്തിൽ മരിക്കും എന്ന് പറഞ്ഞവർ അൻപതിൽ മരിച്ചാൽ, ചോദിക്കാൻ പിന്നെ, ആളെ ഇല്ലല്ലോ?

ഇപ്പോൾ ദാ മീഡിയയിൽ കൂടി നടത്തിയ ‘കാലാവസ്ഥ പ്രവചനം’ തെളിവുൾപ്പെടെ പുറത്തു വന്നപ്പോൾ ജ്യോതിഷ ശാസ്ത്രം “വീണിതല്ലോ, കിടക്കുന്നു ധരിണിയിൽ…………” എന്ന രീതിയിൽ ആയത്.

അതേപോലെയുള്ള മറ്റൊരു വലിയ തട്ടിപ്പാണ്, വാസ്തു.

പമ്പാ, അച്ചൻകോവിൽ, മുല്ലപ്പെരിയാർ തീരങ്ങളിൽ ഉള്ള വീടുകൾ നോക്കിയാൽ അറിയാം, പലതും വാസ്തു പ്രകാരം രൂപകൽപ്പന ചെയ്തതായിരിക്കും എന്ന്.

കോടികൾ മുടക്കി വാങ്ങിയ ‘വാസ്തു ഗ്രാമം’ വില്ലകളും ഇതിൽ ഉണ്ടാവാം.

ആർത്തുലച്ചു വരുന്ന പ്രളയജലം, വാസ്തു കൊണ്ട് നിർമ്മിച്ചതാണോ അല്ലയോ എന്ന് നോക്കിയല്ല അതിൽ കൂടി ഒഴുകുന്നത്.

വലിയ ഒരു തമാശ എന്താണെന്നു വച്ചാൽ പല സിവിൽ എൻജിനീയറൻ മാരും, വാസ്തു കൺസൽട്ടണ്ടുകൾ കൂടിയാണ്.

അല്ലാത്തവർക്ക് പണിയില്ലാത്ത അവസ്ഥയാണ്.

ഇത് ഒരു മാതിരി ‘മോഡേൺ മെഡിസിൻ’ പഠിച്ച ഡോക്ടർമാർ ‘കൂടോത്രം’ കൺസൽട്ടണ്ട് കൂടി ആകുന്ന പോലെ ആണ്.

ഇപ്പോൾ തമാശ ആയി തോന്നുമെങ്കിലും മിക്കവാറും ഉടനെ തന്നെ ഇതും കൂടി കാണേണ്ടി വരുന്ന ലക്ഷണങ്ങൾ ആണ് കാണുന്നത്.

ചിരിക്കാൻ വരട്ടെ, മുഹൂർത്തം നോക്കി, ഓപ്പറേഷൻ നടത്തുന്ന ഒരു ഡോക്ടറെ ക്കുറിച്ചു ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അതേപോലെ, നല്ല നക്ഷത്രം നോക്കി സിസേറിയൻ നടത്താൻ നിർബന്ധിതരായ ഗൈനക്കോളജിസ്റ്റ് മാരെയും നിങ്ങൾ കണ്ടിട്ടുണ്ടാവും. അടുത്ത സ്റ്റേജ് കൂടോത്രമാണ്, അത്രേ, ഉള്ളൂ.

തിരുവന്തപുരത്തേക്ക് വന്നാൽ, ജ്യോതിഷം നോക്കി ഫലം പറയുന്ന ‘സ്പേസ് സയന്റിസ്റ്റുകളെ’ കാണാം. അപ്പോൾ ഡോക്ടർമാർ ‘കൂടോത്രം’ കൺസൽട്ടണ്ട് കൂടി ആകാനുള്ള സാധ്യത ഇല്ലാതില്ല.

കക്കൂസ് പണിയാൻ, കന്നിമൂല നോക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം, ഇതൊക്കെ താളിയോലയിൽ എഴുതിയപ്പോൾ ‘കക്കൂസ്’ എന്നൊരു ആശയമേ ഉണ്ടായിക്കാണില്ല.

അന്നൊക്കെ, കുറ്റിക്കാട്, പാറയുടെ മറവ് ഒക്കെ ആയിരുന്നു കക്കൂസ്. പ്രകൃതിയുടെ വിളി വരുമ്പോൾ, കന്നിമൂല അല്ല, നല്ല മറവുള്ള സ്ഥലം ആയിരിക്കണം ‘വാസ്തുശാത്രം’ എഴുതിയ മഹർഷിമാരും നോക്കിയിരുന്നത്.

ഒരു നാല്പത്തഞ്ച് അൻപത് വയസ്സുള്ളവരോട് ചോദിച്ചാൽ അറിയാം, എന്നാണ് വീട്ടിൽ കക്കൂസ് പണിതത് എന്ന്. എന്റെ വീട്ടിൽ കക്കൂസ് പണിതത് എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ആണ്. അതും വീടിനു പുറത്ത്. പല ബന്ധു വീടുകളിലും കക്കൂസ് വന്നത് പിന്നീട് ഒരു പത്തു വർഷം കൂടി കഴിഞ്ഞതാണ്.

കറുകച്ചാൽ ഗവണ്മെന്റ് L.P. സ്കൂളിൽ പഠിക്കുമ്പോൾ, എന്റെ സഹപാഠികളിൽ ഭൂരിഭാഗം പേർക്കും വീട്ടിൽ കക്കൂസ് ഇല്ലായിരുന്നു. ഞങ്ങൾ ഒക്കെ ബാല്യ കാലം, കക്കൂസ് ഒരു ആഡംബരം ആയിരുന്ന കാലത്താണ്.

വീടിനകത്ത് കക്കൂസ് എന്ന രീതി വ്യാപകം ആയി വന്നിട്ട് ഏകദേശം മുപ്പത് വർഷമേ ആയിക്കാണൂ. വാസ്തു ഒക്കെ വ്യാപകം ആയത് ഏകദേശം പതിനഞ്ചു വർഷമേ ആയിക്കാണൂ.

പറഞ്ഞു വന്നത്, വാസ്തു പുരുഷന്റെ കിടപ്പ് അനുസരിച്ചല്ല വീട് പണിയേണ്ടത്, മറിച്ച്, പുഴയുടെ കിടപ്പ്, സ്ഥലത്തിന്റെ ഉറപ്പ്, ചരിവ്, മലയുടെ കിടപ്പ് ഇവയൊക്കെ നോക്കി ആവണം. വീട് പണിയുന്നതിന് മുൻപേ, വാസ്തു വിദഗ്ദനെ അല്ല കാണേണ്ടത്. സ്ഥലം വാങ്ങുന്നതിനും മുൻപേ, നല്ല ഒരു സ്ട്രക്ക്ച്ചറൽ/ സിവിൽ എഞ്ചിനീയറെ കാണിച്ചു വീട് പണിയാൻ പറ്റിയ സ്ഥലം ആണോ എന്ന് ഉറപ്പു വരുത്തുക. വീട് പണിയുമ്പോളും സമർത്ഥനായ ഒരു സ്ട്രക്ക്ച്ചറൽ/ സിവിൽ എൻജിനീയറുടെ ഉപദേശ പ്രകാരമേ വീട് ഉണ്ടാക്കാവൂ.

2018 ലെ പ്രളയം നമുക്ക് പല പാഠങ്ങൾ പഠിപ്പിച്ചു. അതിൽ പ്രധാനമാണ് ജ്യോതിഷം, വാസ്തു ഇവയൊക്കെ തട്ടിപ്പാണെന്നത് തെളിവു സഹിതം കാണിച്ചു തന്നത്.

Advertisment