Advertisment

ലോകത്തെമ്പാടുമുള്ള ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ അധ്യക്ഷന്മാരുടെ യോഗം വിളിച്ച് വത്തിക്കാൻ

New Update

ലോകത്തെമ്പാടുമുള്ള ബിഷപ്പുമാരുടെ കോൺഫറൻസുകളുടെ അധ്യക്ഷന്മാരുടെ യോഗം, വത്തിക്കാൻ വിളിച്ചിരിക്കുന്നു. സഭയിലെ അഖിലലോകപീഡനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അടുത്ത ഫെബ്രുവരിയിലാണ് നൂറിലധികം വരുന്ന അധ്യക്ഷ-ബിഷപ്പുമാരുടെ മീറ്റിങ്ങ്. ഒരു അമേരിക്കൻ കർദ്ദിനാളിന്റെ പീഡനവിവരം പോപ്പ് ഒതുക്കിയതായി വത്തിക്കാന്റെ മുൻ അമേരിക്കൻ അംബാസഡർ - അതൊരു ആർച്ച് ബിഷപ്പാണ് - വിമർശിച്ചതിന്റെ, ജർമ്മനിയിൽ ആയിരക്കണക്കിന് പുരോഹിതർ അത്രതന്നെ കുട്ടികളെ ദശകങ്ങളായി പീഡിപ്പിച്ചതിന്റെ റിപ്പോർട്ട് പുറത്ത് വരാനിരിക്കുന്നതിന്റെയും വെളിച്ചത്തിലാണ് ഈ പീഡന നിവാരണ യോഗം.

1980 കളിൽ പീഡനവാർത്ത അമേരിക്കയിൽ നിന്ന് വന്നപ്പോൾ സഭ അതൊരു അമേരിക്കൻ പ്രശ്നമായി കണ്ടു. കാനഡയിലും ഓസ്‌ട്രേലിയ വരെയും പടർന്നപ്പോൾ അതൊരു ഇംഗ്ലീഷ് രാജ്യ-പ്രശ്നമായി. 2010 -ൽ യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ വികസിത രാജ്യങ്ങളിലെ പ്രശ്നമായി. പീഡനം ഒരു ആഗോള പ്രശ്നമാണെന്ന് ഇപ്പോൾ സഭ സമ്മതിക്കുന്നത് അത് ഫിലിപ്പീൻസിൽ നിന്ന് വരെ കേൾക്കുന്നത് കൊണ്ടാണ്. (കുറവിലങ്ങാട് ലോക പീഡന ഭൂപടത്തിൽ ഇതുവരെ ഇടംപിടിച്ചിട്ടില്ല, അന്താരാഷ്ട്രമാധ്യമങ്ങളിലെങ്കിലും.)

അമേരിക്കയാണ് സഭാ പീഡനത്തെ കോടതി കയറ്റേണ്ട കുറ്റമായി കാണുന്ന രാജ്യം. മറ്റിടങ്ങളിൽ 'കുറ്റം' ആദ്യം സഭയ്ക്കുള്ളിൽ തീരുമാനിക്കപ്പെടുന്ന രീതിയാണ്. 'പിതാക്കന്മാർ' കോടതിമുറകളുമായി സഹകരിക്കുന്നില്ലെന്നത് മഹാ ചർച്ചയിലെ മഹാവിഷയമാവും. മുൻപും രഹസ്യമായി സഭ ഇത് ചർച്ച ചെയ്‌തിട്ടുണ്ട്. അപ്പോഴൊക്കെ തിയറി ഒരു വഴിക്കും പ്രാക്ടിക്കൽ ഊടുവഴിക്കും പോയി. പോപ്പാവട്ടെ പീഡനപരാതികൾ ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ കളയുന്നുവെന്ന ആരോപണത്തിന് ഫെബ്രുവരി മീറ്റിങ്ങ് മറുപടി പറയും. ഫെബ്രുവരി അങ്ങകലെയല്ലേ? ക്ഷമ, ക്ഷമ!

Advertisment