Advertisment

ജെഡിയു യുഡിഎഫ് വിട്ടു; എല്‍ഡിഎഫുമായി സഹകരിക്കും; യുഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ലെന്ന് വീരേന്ദ്രകുമാർ

New Update

തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിട്ടെന്ന് എം.പി വീരേന്ദ്രകുമാര്‍. എല്‍ഡിഎഫുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നത്. യുഡിഎഫിനോട് നന്ദികേട് കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

യുഡിഎഫില്‍ നിന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നുപോകുന്നതാണ്. വര്‍ഗീതയെ ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണ്. വൈകാരികമായും എല്‍ഡിഎഫിനോടാണ് ബന്ധമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് വീരേന്ദ്രകുമാർ ഇടതുമുന്നണിയിലേക്ക് മാറുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

publive-image

മുന്നണി മാറ്റത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനത്തില്‍ എത്തിയിരുന്നു. സിപിഐഎം നേതാക്കളുമായുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. നേരത്തെ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്ന കെ പി മോഹനനും മനയത്ത് ചന്ദ്രനും നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്തുണ നല്‍കി.

സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ശ്രേയാംസ്‌കുമാര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചെറിയ തോതില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാന സമിതിയിലും നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്തുണ ലഭിച്ചു. എല്ലാ മണ്ഡലങ്ങളില്‍ നിന്നും ഒരു പ്രതിനിധി എന്ന നിലയില്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന സംസ്ഥാന കൗണ്‍സില്‍ പാര്‍ട്ടിയുടെ നയം മാറ്റത്തില്‍ അന്തിമ തീരുമാനമെടുക്കും.

എല്‍ഡിഎഫ് ജെഡിയുവിനെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ മുന്നണി പ്രവേശത്തിന് മറ്റ് തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ഔദ്യോഗികമായ ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജെഡിയു വിന്റെ എല്‍ഡിഎഫ് പ്രവേശം യാഥാര്‍ഥ്യമാകും.

Advertisment