Advertisment

'ശസ്ത്രക്രിയ പൂര്‍ത്തിയായി'; ബാലഭാസ്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വിധു പ്രതാപ്

New Update

vidhu prathap about balabhaskars health condition

Advertisment

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട വാര്‍ത്ത ഇന്ന് പുലര്‍ച്ചെ  ആശങ്കയോടെയാണ് കേരളം ശ്രവിച്ചത്. പുലര്‍ച്ചെ 4.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് നടന്ന അപകടത്തില്‍ അദ്ദേഹത്തിന്‍റെ രണ്ട് വയസ്സുകാരി മകള്‍ മരിച്ചുവെന്ന വിവരം പിന്നാലെയെത്തി. കാര്യമായ പരിക്കുകളുള്ള ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവര്‍ അര്‍ജ്ജുനനെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ഏറെ പ്രധാനപ്പെട്ട ഒരു ശസ്ത്രക്രിയ ബാലഭാസ്കറിനും ഭാര്യയ്ക്കും നടത്തിയെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച അടുത്ത സുഹൃത്തും ഗായകനുമായ വിധു പ്രതാപ്  പറഞ്ഞു.

"ബാലുവിന്‍റെ (ബാലഭാസ്കര്‍) നട്ടെല്ലിന് പരുക്കുണ്ട്. ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ എല്ലുകള്‍ക്കും പൊട്ടലുണ്ട്. രാവിലെ രക്തസമ്മര്‍ദ്ദം താഴ്ന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു ഇത്. എന്നാല്‍ പിന്നീട് ശസ്ത്രക്രിയ നടത്താനായി. വൈകുന്നേരത്തോടെ ബാലുവിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായിരുന്നല്ലോ ബാലുവിനെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഡോക്ടര്‍മാരോട് ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ഉണ്ടായിരുന്നു അവിടെ.." അപകടവിവരം അറിഞ്ഞയുടന്‍ താന്‍ ആശുപത്രിയില്‍ എത്തിയിരുന്നുവെന്നും പകല്‍ മുഴുവന്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം അവിടെ ഉണ്ടായിരുന്നുവെന്നും പറയുന്നു വിധു പ്രതാപ്, ബാലഭാസ്കറും താനും സ്കൂള്‍കാലം മുതലുള്ള സുഹൃത്തുക്കളാണെന്നും.

നേരത്തേ ബാലഭാസ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിധു പ്രതാപിന്‍റെ ഒരു ഓഡിയോ ക്ലിപ്പ് വാട്സ്ആപില്‍ പ്രചരിച്ചിരുന്നു. പാട്ടുകാരുടെ ഗ്രൂപ്പില്‍ അദ്ദേഹം രാവിലെ പോസ്റ്റ് ചെയ്ത ക്ലിപ്പാണ് വൈകുന്നേരവും പ്രചരിച്ചിരുന്നത്.

Advertisment