Advertisment

വികൃതി (കവിത)

author-image
സത്യം ഡെസ്ക്
New Update

publive-image

-ശ്രീദീപ് ചേന്നമംഗലം

വഴിയറിയാതെ

വിരുന്നു വന്നതായിരുന്നു ആദ്യം.

വികൃതിയായ ഒരു കാറ്റിന്റെ അറ്റം

മുടിത്തലപ്പ് തെറിപ്പിച്ച്

പറന്ന് പോകുന്ന പോലെ!

പിന്നെപ്പിന്നെ

ആ അനുഭൂതി

അതിനെത്തന്നെ മറന്നു പോയി.

മൂന്ന് ജനാലകളുളള മുറിയുടെ

ചുവരുകൾക്ക് നിറം മങ്ങിയതും,

കൈകോർത്തിരിക്കുമ്പോൾ

ചുണ്ടിലെ പുഞ്ചിരിയ്ക്ക്

പഴയ പോലെ നീളമില്ലാത്തതും,

തണുത്ത തറയിൽ നിന്ന് ഉയർത്തി

കാലുകൾ പിണഞ്ഞ് കിടക്കുമ്പോൾ

ചൂടിന് ഒരു സ്നേഹക്കുറവുണ്ടായതും,

ആരോ, എന്തോ വികൃതി

കാണിക്കുകയാണെന്ന്

വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

വെറുതെ കണ്ണാടി

നോക്കിയപ്പോൾ

ആ പഴയ സ്ഥലത്ത്

ഒരിക്കൽ കൂടി പോയി നോക്കൂ എന്ന്.

അവിടെ ചെന്നപ്പോൾ

വികൃതിയായ കാറ്റുണ്ട്,

മുടി പാറിപ്പറക്കുന്നുണ്ട്,

പക്ഷെ ഇപ്രാവശ്യം വഴിയറിഞ്ഞ്

വന്നത് കൊണ്ടാണോ ആവോ,

ഒന്നും തോന്നിയതേയില്ല!

cultural
Advertisment