Advertisment

വസ്ത്രവ്യാപാര സ്ഥാപനത്തിലെ അക്രമവും മോഷണവും: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന അക്രമവും മോഷണവുമായി ബന്ധപെട്ട് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വ്യാജരേഖകൾ ചമച്ച് പ്രതിയെ സഹായിക്കുന്ന നിലയിലുള്ള പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലാതിരുന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപെട്ട് ആലപ്പുഴ തലവടി ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള അഡ്വ. സോണു അഗസ്റ്റിൻ മുഖേന സമർപ്പിച്ച ഹർജിയിൽ ആണ് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എടത്വ എസ്.ഐ കെ.ജി രതീഷ് ഹാജരാകാൻ സെപ്റ്റംബർ 7ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഏഴ് വർഷം ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ചുമതലയിൽ നടത്തി വന്ന എടത്വാ ടൗണിലെ സെൻ്റ് ജോർജ് ഷോപ്പിങ്ങ് കോംപ്ലക്സിലെ വസ്ത്ര സ്ഥാപനത്തിൽ ആണ് 2018 ജൂൺ 23 ന് തലവടി കുന്തിരിക്കൽ വാലയിൽ വി.സി ചാണ്ടി അതിക്രമിച്ചു കയറി അക്രമം നടത്തിയത്. ഏഴ് ദിവസം ജോൺസൺ വി. ഇടിക്കുള വണ്ടാനം മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ന്യൂറോ സർജറി വിഭാഗത്തിൽ അഡ്മിറ്റ് ആയിരുന്നപ്പോൾ പ്രതി സംഘമായി വന്ന് സ്ഥാപനത്തിൻ്റെ താഴ് അറത്തുമാറ്റിയതിനു ശേഷം 11 ലക്ഷം രൂപ വിലവരുന്ന തുണിത്തരങ്ങളും മറ്റ് വിലയേറിയ രേഖകളും മോഷ്ടിക്കുകയായിരുന്നു.

പോലീസ് അധികാരികൾ ഉൾപ്പെടെയുള്ളവർക്ക് യഥാസമയം വിവരമറിയിച്ചെങ്കിലും കേസ് എടുക്കാൻ തയ്യാറായില്ല. തുടർന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ക്കോടതിയിൽ അഡ്വ. ഉമ്മൻ എം.മാത്യൂ മുഖേന സമർപ്പിച്ച സ്വകാര്യ ഹർജി ഫയലിൽ സ്വീകരിച്ച് വി.സി ചാണ്ടി (ബേബിക്കുട്ടി) ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും യാതൊരു അന്വേഷണവും നടത്താതെ വ്യാജരേഖകൾ ചമച്ച് പോലീസ് കേസ് റഫർ ചെയ്യുകയായിരുന്നു. റഫർ ചെയ്ത നടപടിക്കെതിരെ വീണ്ടും അതേ കോടതിയിൽ പ്രൊട്ടസ്റ്റ് കംപ്ലയിൻ്റ് നല്കുകയും വി.സി ചാണ്ടിക്കെതിരെ മോഷണക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തു.

ദാനിയേൽ തോമസ് സംസ്ഥാന ബാലവകാശ കമ്മീഷനും, ആലപ്പുഴ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും നല്കിയ പരാതിയെ തുടർന്ന് പ്രതി 2018 ജൂലൈ 15ന് തലവടി സെൻ്റ് തോമസ് സി.എസ്.ഐ ചർച്ച് പരിസരത്തുവച്ച് വികാരിയുടെ സാന്നിദ്ധ്യത്തിൽ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ദാനിയേൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ മാത്രം തിരികെ നല്കി.

കടയിലെ ജീവനക്കാരിയുടെ മൊബൈൽഫോൺ, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് ആധാർകാർഡ്, പണം അടങ്ങിയ ബാഗ് എന്നിവയും മോഷ്ടിച്ചു കൊണ്ടുപോയി. ജീവനക്കാരി ഡി.ജി.പിക്ക് പരാതി നല്കിയിട്ടുണ്ട്.

ആലപ്പുഴ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കോടതിയിൽ നിന്ന് 2018 ജൂലൈ 14ന് എത്തിയ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ കട തുറന്നപ്പോൾ ആണ് തെളിവുകൾ നശിപ്പിക്കത്തക്ക നിലയിൽ കടയുടെ ബോർഡ് ഉൾപ്പെടെ എല്ലാ സാധനങ്ങളും മോഷ്ടിക്കപെട്ടതായി മനസിലായത്.

എടത്വ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള കടമുറി ബന്ധുകൂടിയായ വി.സി ചാണ്ടിയിൽ നിന്നും 5 ലക്ഷം രൂപ ഡിപ്പോസിറ്റ് ഉൾപ്പെടെ ഏഴേ മുക്കാൽ ലക്ഷം രൂപ നല്കിയാണ് ജോൺസൺ വി. ഇടിക്കുള ഏറ്റെടുത്തത്.

ഇത് സംബന്ധിച്ച് ഇവർ തമ്മിൽ കരാറും ഉണ്ടാക്കിയിരുന്നു. 2018 മെയ് 31 വരെയുള്ള എടത്വ സെൻ്റ് ജോർജ് ഫൊറോനാ പള്ളിക്ക് ഉള്ള വാടകയും മറ്റ് സാമ്പത്തീക ഇടപാടുകളുമെല്ലാം ജോൺസൺ വി. ഇടിക്കുള ബാങ്ക് അക്കൗണ്ട് മുഖേനയാണ് നടത്തിയത്.

പൊതുപ്രവർത്തകൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് പുനരന്വേഷണം നടത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടത്.

kochi news
Advertisment